| Sunday, 4th February 2024, 12:04 pm

രണ്ട് സെഞ്ച്വറികൾ, കൂറ്റൻ ടോട്ടൽ; സൗത്ത് ആഫ്രിക്കക്കെതിരെ തലയെടുപ്പിന്റെ റെക്കോഡുമായി കിവികൾ

സ്പോര്‍ട്സ് ഡെസ്‌ക്

സൗത്ത് ആഫ്രിക്ക-ന്യൂസിലാന്‍ഡ് രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തിലെ ആദ്യം ദിവസം അവസാനിച്ചു.

ബേ ഓവലില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ സൗത്ത് ആഫ്രിക്ക ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ദിവസം കളി അവസാനിക്കുമ്പോള്‍ ന്യൂസിലാന്‍ഡ് 258 റണ്‍സിന് രണ്ട് വിക്കറ്റ് എന്ന നിലയിലാണ്.

മത്സരം തുടങ്ങി രണ്ടാം ഓവറില്‍ തന്നെ ഡെവോണ്‍ കോണ്‍വെയെ ന്യൂസിലാന്‍ഡിന് നഷ്ടമായി. രണ്ട് പന്തില്‍ ഒരു റണ്‍സ് നേടിയായിരുന്നു കോണ്‍വേ പുറത്തായത്. 16.5 ഓവറില്‍ 39 എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് കിവീസിന് രണ്ടാം വിക്കറ്റ് നഷ്ടമായത്. 48 പന്തില്‍ 20 റണ്‍സ് നേടിയാണ് ലാതം പുറത്തായത്.

എന്നാല്‍ പിന്നീട് എത്തിയ നായകന്‍ കെയ്ന്‍ വില്യംസണും യുവതാരം രചിന്‍ രവീന്ദ്രയും കിവീസ് ഇന്നിങ്‌സിനെ മുന്നോട്ട് നയിക്കുകയായിരുന്നു.ഇരു താരങ്ങളും സെഞ്ച്വറി നേടി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

211 പന്തില്‍ പുറത്താവാതെ 118 റണ്‍സാണ് രചിന്‍ നേടിയത്. 13 ഫോറുകളും ഒരു സിക്സും ഉള്‍പ്പെടുന്നതായിരുന്നു രചിന്റെ തകര്‍പ്പന്‍ സെഞ്ച്വറി. രചിന്‍ തന്റെ അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ സെഞ്ച്വറി നേടിയത് ഏറെ ശ്രേദ്ധേയമായി.

മറുഭാഗത്ത് നായകന്‍ കെയ്ന്‍ വില്ല്യസണും മികച്ച പ്രകടനം നടത്തി.
259 പന്തില്‍ പുറത്താവാതെ 112 റണ്‍സാണ് വില്ല്യസണ്‍ നേടിയത്. 15 ഫോറുകളാണ് കിവീസ് നായകന്റെ ബാറ്റില്‍ നിന്നും പിറന്നത്.

ടെസ്റ്റ് കരിയറിലെ വില്യംസണിന്റെ 30 സെഞ്ച്വറി ആയിരുന്നു ഇത്. പരിക്കുകള്‍ക്കിടയില്‍ നിന്നും നീണ്ട ഇടവേളക്ക് ശേഷം ടീമില്‍ എത്തിയ കിവീസ് നായകന്റെ ഈ മിന്നും പ്രകടനം ഏറെ ശ്രദ്ധേയമായി.

ഇതിന് പിന്നാലെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും ഇരുവര്‍ക്കും സാധിച്ചു. ടെസ്റ്റ് ക്രിക്കറ്റില്‍ സൗത്ത് ആഫ്രിക്കക്കെതിരെ മൂന്നാം വിക്കറ്റില്‍ ന്യൂസിലാന്‍ഡ് നേടുന്ന ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടാണിത്. 207 റണ്‍സിന്റെ പടുകൂറ്റന്‍ കൂട്ടുകെട്ടാണ് ഇരുവരും നേടിയത്.

സൗത്ത് ആഫ്രിക്കയുടെ ബൗളിങ്ങില്‍ ഡെയ്ന്‍ പാറ്റേഴ്‌സണ്‍, ഷെപ്പോ മൊറേക്കി എന്നിവര്‍ ഓരോ വീതം വിക്കറ്റുകള്‍ നേടി.

Content Highlight: Rachin Ravindra and Kane Williamson score century against South Africa.

We use cookies to give you the best possible experience. Learn more