| Wednesday, 16th March 2016, 11:36 am

'ഇവളെ ഞങ്ങള്‍ എല്ലാവര്‍ക്കുമായി സമര്‍പ്പിക്കുന്നു'

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഫലസ്തീനിയന്‍ ജനതയ്ക്കായി ജീവന്‍ ബലിയര്‍പ്പിച്ച റേച്ചല്‍ കോറിയുടെ പതിമൂന്നാമത് ചരമവാര്‍ഷികമാണിന്ന്.  ഫലസ്തീനിയന്‍ ജനതയ്‌ക്കൊപ്പം റാഫയില്‍ കഴിഞ്ഞിരുന്ന നാളില്‍ റേച്ചല്‍ കോറിയുടെ  കത്താണിത്. 2012 ആഗസ്റ്റ് 29ന് ഡൂള്‍ന്യൂസില്‍ പ്രസിദ്ധീകരിച്ച ഈകത്ത് ഇവിടെ വീണ്ടും പ്രസിദ്ധീകരിക്കുന്നു.


 


മൊഴിമാറ്റം: ഷഫീക്ക് എച്ച്


 “ഇവളെ ഞങ്ങള്‍ എല്ലാവര്‍ക്കുമായി സമര്‍പ്പിക്കുന്നു” എന്നു പറഞ്ഞത് ആ അമ്മ പൊട്ടിക്കരഞ്ഞുകൊണ്ടായിരുന്നു. റേച്ചലിന്റെ അമ്മ..

2003ല്‍ ഗാസയില്‍ ഇസ്രായേലി ടാങ്കറിന്റ ചക്രങ്ങളിലെ ഓരോ പല്ലും ആ അമേരിക്കന്‍ ജൂത പെണ്‍കൊടിയുടെ ശരീരത്തിന്റെ ഓരോഭാഗങ്ങളും ഭൂമിയുടെ ആഴങ്ങളിലേയ്ക്ക് ഞെരിച്ച് താഴ്ത്തിയപ്പോള്‍ പൊടുന്നനെ മറഞ്ഞുപോയത് ഒരു ജനതയുടെ സ്വപ്‌നങ്ങള്‍ തന്നെയായിരുന്നു. മനുഷ്യത്വത്തിന്റെ നേരിയ നനവും അങ്ങനെ അവര്‍ തുടച്ചുമാറ്റി. തെറ്റാടിയും കല്ലുമായി പ്രതിരോധിക്കുന്ന കുരുന്നുകള്‍ക്കു നേരെ വെടിയുണ്ടകൊണ്ട് മറുപടിപറയുന്ന സയണിസ്റ്റ് പട്ടാളത്തിന്റെ നിഘണ്ഡുവില്‍ മനുഷ്യത്വം എന്ന വാക്ക് കണ്ടെത്താന്‍ കഴിയില്ല എന്നത് ഫലസ്തീന്‍ ജനത ജീവിതം നല്‍കി കണ്ടെത്തിയ കാര്യമാണ്.

റേച്ചല്‍ കോറി എന്ന 23കാരി കൊല്ലപ്പെടുമ്പോള്‍ വാഷിങ്ടണിലെ ഒളിമ്പിയ നഗരത്തിലെ എവര്‍ഗ്രീന്‍ സ്‌റ്റേറ്റ് കോളേജിലെ വിദ്യാര്‍ത്ഥിനിയായിരുന്നു. ഒപ്പം ഒളിമ്പിയന്‍സ് ഫോര്‍ പീസ് ആന്റ് സോളിഡാരിറ്റി എന്ന ഗ്രൂപ്പിലെ പ്രവര്‍ത്തകയും. വെസ്റ്റ് ബാങ്കിലെയും ഗാസയിലെയും ഇസ്രായേലി പട്ടാള പദ്ധതികളെ സമാധാനപരമായ മാര്‍ഗങ്ങളിലൂടെ ചെറുക്കാന്‍ വേണ്ടി രൂപം നല്‍കിയതായിരുന്നു ആ സംഘം. ഫലസ്തീന്‍കാരുടെ നേതൃത്വത്തിലുള്ളതായിരുന്നു ഇത്.

ഫലസ്തീന്‍ അനുകൂല സംഘടനയായ ഇന്റെര്‍നാഷണല്‍ സോളിഡാരിറ്റു മൂവ്‌മെന്റിലെ എട്ട് പേരോടൊപ്പം ഈ ചെറുപ്പക്കാരിയും എത്തി, റാഫയിലെ അഭയാര്‍ത്ഥി ക്യാമ്പിനെ തകര്‍ക്കുന്നതിനെ ചെറുക്കാനുള്ള മനുഷ്യമതില്‍ തീര്‍ക്കാന്‍. അന്ന് ഇസ്രായേലി അധികാരികള്‍ പറഞ്ഞത്, അഭയാര്‍ത്ഥി ക്യാമ്പിനെ തകര്‍ക്കാതെ വേറെ മാര്‍ഗമില്ലെന്നാണ്. കാരണം ആ പ്രദേശങ്ങളില്‍ പെട്രോള്‍ നടത്തുന്ന തങ്ങളുടെ ട്രൂപ്പിനെ ആക്രമിക്കാന്‍ ഫലസ്തീന്‍കാര്‍ ഈ ക്യാമ്പ് ഉപയോഗിക്കുന്നു എന്നാണ്.

എന്നാല്‍ അഭയാര്‍ത്ഥി ക്യാമ്പ് തകര്‍ക്കുന്നത് ഫലസ്തീനികള്‍ക്ക് ഇസ്രായേല്‍ വിധിച്ച കൂട്ട ശിക്ഷയായിരുന്നുവെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ തിരിച്ചറിഞ്ഞിരുന്നു.

റേച്ചല്‍ ഓറഞ്ച് നിറത്തിലുള്ള ഫഌറസെന്റ് നിറത്തിലുള്ള വസ്ത്രങ്ങളും ധരിച്ച് അഭയാര്‍ത്ഥി ക്യാമ്പ് തകര്‍ക്കാനായി വരുന്ന ബുള്‍ഡോസറിനുമുന്നില്‍ നിലയുറപ്പിച്ചു. അതിനുമുന്നില്‍ മുട്ടുകുത്തി നിന്ന് ചെറുക്കാന്‍ ശ്രമിച്ച റേച്ചലിനെ ബുള്‍ഡെസര്‍ മണ്ണിലേയ്ക്ക് ഞെരിച്ചമര്‍ത്തി കടന്നുപോയി.. ബുള്‍ഡോസറിന്റെ ഡ്രൈവര്‍ വേഗത കുറച്ചില്ല.. ലാഘവത്തോടെ കൈവീശുക മാത്രം ചെയ്തു..

മനുഷ്യത്വത്തിന്റെ ആ ഒലിവു ചില്ലയ്ക്കുമേല്‍ വീണ്ടും ബുള്‍ഡോസര്‍കയറ്റി അരച്ചുകൊണ്ട് ഹൈയ്ഫാ ജില്ലാ കോടതി വിധി വന്നിരിക്കുന്നു.. റേച്ചലിന്റെത് കൊലപാതകമല്ല.. കേവലം അപകടം മാത്രം. റേച്ചലിന്റെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് ജില്ലാകോടതിയുടെ വിധിപ്രഖ്യാപനം (പ്രഹസനം).

ലോക മനസാക്ഷിയെ ഞെട്ടിച്ച സയണിസ്റ്റ് ഭീകരതയ്‌ക്കെതിരെയുള്ള മനുഷ്യത്വത്തിന്റെ രക്തസാക്ഷിയാണ് റേച്ചല്‍.. റേച്ചലിന്റെ സ്മരണയ്ക്ക് മുന്നില്‍ ഡൂള്‍ന്യൂസ് ആദരവോടെ അവരുടെ സുപ്രധാന വാക്കുകളെ സമര്‍പ്പിക്കട്ടെ.. ലോകം ഇനിയും ആ മഹതിയുടെ ധീരതയുടെ രാഷ്ട്രീയം ഏറ്റെടുക്കട്ടെ എന്നാശിച്ചുകൊണ്ട്..



റേച്ചല്‍ എഴുതിയ ഇ മെയില്‍ സന്ദേശം:


February 7 2003

പ്രിയ സുഹൃത്തുക്കളെ, കുടുംബാംഗങ്ങളേ,

ഞാന്‍ ഫലസ്തീനില്‍ എത്തിയിട്ട് രണ്ടാഴ്ച്ചയും ഒരു മണിക്കൂറുമായിരിക്കുന്നു. ഞാനിവിടെ കണ്ടതിനെ കുറിച്ച് ചിലത് കുറിക്കാനുണ്ട്. അമേരിക്കയിലേയ്ക്ക് ഈ കത്തെഴുതാനായി ഇരിക്കുമ്പോള്‍ എന്തൊക്കെയാണ് ഇവിടെ സംഭവിക്കുന്നതെന്ന് ചിന്തിക്കാന്‍കൂടി എനിക്ക് ബുദ്ധിമുട്ടനുഭവപ്പെടുന്നു.


രണ്ട് ദിവസം മുമ്പ് ഒരു എട്ടുവയസ്സുകാരനെ ഇസ്രായേലി പട്ടാളം വെടിവെച്ച് കൊന്നിട്ടേ ഉണ്ടായിരുന്നുള്ളു. മറ്റു കുഞ്ഞുങ്ങളുടെ ചുണ്ടുകളില്‍ അവന്റെ പേര് ഇപ്പോഴും മര്‍മരശബ്ദമായി അവശേഷിക്കുന്നുണ്ട്, ‘അലി’.


തങ്ങളുടെ വീട്ടുചുമരിലേയ്ക്ക് പാറിയെത്തുന്ന വെടിയുണ്ടകളെ ചെറുക്കാന്‍ ഇവിടുത്തെ വീടുകളില്‍ ഇനിയും കുഞ്ഞുങ്ങള്‍ അവശേഷിക്കുന്നുണ്ടോ എന്നെനിക്കറിയില്ല. ഇവിടുത്തെ പോലെയല്ല എല്ലായിടത്തെയും ജീവിതങ്ങള്‍ എന്ന് ഈ  കൊച്ചു കുഞ്ഞുങ്ങള്‍ തിരിച്ചറിയുന്നുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്. ഞാന്‍ ഇവിടെ എത്തുന്നതിനും രണ്ട് ദിവസം മുമ്പ് ഒരു എട്ടുവയസ്സുകാരനെ ഇസ്രായേലി പട്ടാളം വെടിവെച്ച് കൊന്നിട്ടേ ഉണ്ടായിരുന്നുള്ളു. മറ്റു കുഞ്ഞുങ്ങളുടെ ചുണ്ടുകളില്‍ അവന്റെ പേര് ഇപ്പോഴും മര്‍മരശബ്ദമായി അവശേഷിക്കുന്നുണ്ട്, “അലി”.

എന്റെ പരിമിതമായ അറബ് ജ്ഞാനത്തില്‍ നിന്നു കൊണ്ട് അവരുടെ നിലയ്ക്കാത്ത ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ ശ്രമിക്കുന്നുണ്ട്. “കൈഫ് ഷാറോണ്‍?” “കൈഫ് ബുഷ്?” (ഷാറോണ്‍ എന്തുപറയുന്നു? ബുഷ് എന്തുപറയുന്നു?) “ഷാരോണ്‍ മജ്‌നൂണ്‍”, ബുഷ് മജ്‌നൂണ്‍””,  (“”ഷാരോണിന് ഭ്രാന്താണ്”, “ബുഷിന് ഭ്രാന്താണ്” “) എന്ന എന്റെ ഉത്തരം കേള്‍ക്കുമ്പോള്‍ അവര്‍ ചിരിക്കും. ഉറപ്പായും ഞാന്‍ അങ്ങനെതന്നെ വിശ്വസിക്കുന്നു.

ഇംഗ്ലീഷ് അറിയാവുന്ന ചില മുതിര്‍ന്നവര്‍ എന്നെ തിരുത്താറുണ്ട്. “ബുഷ് മിഷ് മജനൂണ്‍..” ബുഷ് ഒരു ബിസിനസ്സുകാരനാണ്. ബുഷ് ഒരു ഉപകരണമാണെന്ന് പറയാന്‍ ഞാന്‍ പഠിച്ചുകൊണ്ടേയിരിക്കുന്നു. എനിക്കറിയില്ല എന്റെ തര്‍ജ്ജുമ ശരിയാണോ എന്ന്. പക്ഷേ ഒരുകാര്യം വാസ്തവമാണ്. എങ്ങനെയാണ് ആഗോള അധികാര ഘടന പ്രവര്‍ത്തിക്കുന്നത് എന്നതിനെ കുറിച്ച് ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് ഞാന്‍ പഠിച്ചതിനേക്കാള്‍ കൂടുതല്‍ ഇവിടുത്തെ എട്ടുവയസ്സുകാര്‍ക്കറിയാം.

ലേഖനങ്ങളോ പഠനങ്ങളോ കോണ്‍ഫെറന്‍സുകളോ ഡോക്യുമെന്ററികളോ അല്ല ഇവിടുത്തെ യാഥാര്‍ത്ഥ്യത്തെ കുറിച്ച് എനിക്ക് പറഞ്ഞ് തന്നിട്ടുള്ളത്. ഇവിടെ വന്ന് നിങ്ങളിത് കാണാത്തിടത്തോളം നിങ്ങള്‍ക്ക് ഇതൊന്നും ചിന്തിക്കാന്‍ കൂടി കഴിയില്ല. എന്നിട്ടും നിങ്ങള്‍ക്കറിയാം ഫലസ്തീനെ കുറിച്ച് നിങ്ങളറിഞ്ഞവ യാഥാര്‍ത്ഥ്യങ്ങളല്ലെന്ന്.

ഈ ഉരുളന്‍ കല്ലുകള്‍ക്കു മുകളിലൂടെയാണ് ഞാന്‍ നടക്കുന്നത്. ഒരിക്കല്‍ ഇവിടെ വീടുകള്‍ ഉണ്ടായിരുന്നു.

ആയുദ്ധമില്ലാത്ത ഒരു അമേരിക്കന്‍ പൗരനുനേരെ നിറയൊഴിച്ചാല്‍ ഇസ്രായേലി പട്ടാളത്തിന് എന്തെല്ലാം അഭിമുഖീകരിക്കേണ്ടിവരും? കിണറുകള്‍ നശിപ്പിക്കപ്പെടുമ്പോള്‍ വെള്ളം വാങ്ങാന്‍ എന്റെ കൈവശം പണമുണ്ട്. മാത്രവുമല്ല ഇവിടം ഉപേക്ഷിക്കുക എന്ന ഓപ്ഷനും എനിക്കുണ്ട്. എന്റെ മാതൃരാജ്യത്തെ നിരത്തിലൂടെ കാറോടിച്ചു പോകുമ്പോള്‍ ആകാശത്തുനിന്നും ചീറിവന്ന റോക്കറ്റിനാല്‍ കൊല്ലപ്പെട്ടവരായി എന്റെ കുടുംബത്തില്‍ ആരും ഇല്ല.

എനിക്കൊരു വീടുണ്ട്. സമുദ്രത്തിനു സമീപം പോയി അതാസ്വദിക്കാന്‍ എനിക്കവകാശമുണ്ട്. ഞാന്‍ സ്‌കൂളില്‍ നിന്നോ ജോലി സ്ഥലത്തുനിന്നോ തിരികെ പോവുമ്പോള്‍ എന്റെ ബിസിനസ്സുമായി മുന്നോട്ടു പോകണോ അതോ വീട്ടില്‍ പോകണോ എന്ന് തീര്‍ച്ചപ്പെടുത്തുന്ന അധികാരവുമായി ഒരു പട്ടാളസംഘവും പാതിവഴിയില്‍ എന്നെ കാത്തു നില്‍ക്കില്ലെന്ന് ഏകദേശം എനിക്കുറപ്പുണ്ട്.

ഈ ചിന്തകളോടെ ഞാനിവിടെ റാഫയിലാണ്. ഈ  നഗരത്തില്‍ ഏകദേശം ഒരു ലക്ഷത്തിനാല്‍പ്പതിനായിരം പേര്‍ ജീവിക്കുന്നു. ഇതില്‍ 60 ശതമാനം പേരും അഭയാര്‍ത്ഥികളാണ്. അതും രണ്ടും മൂന്നും തവണ അഭയാര്‍ത്ഥികളായവര്‍..


എങ്ങനെയാണ് ആഗോള അധികാര ഘടന പ്രവര്‍ത്തിക്കുന്നത് എന്നതിനെ കുറിച്ച് ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് ഞാന്‍ പഠിച്ചതിനേക്കാള്‍ കൂടുതല്‍ ഇവിടുത്തെ എട്ടുവയസ്സുകാര്‍ക്കറിയാം.


ഈ ഉരുളന്‍ കല്ലുകള്‍ക്കു മുകളിലൂടെയാണ് ഞാന്‍ നടക്കുന്നത്. ഒരിക്കല്‍ ഇവിടെ വീടുകള്‍ ഉണ്ടായിരുന്നു. രാജ്യാതിര്‍ത്തിയുടെ അപ്പുറത്തെ വശത്ത് നിന്നുകൊണ്ട് ഈജിപ്ഷ്യല്‍ പട്ടളക്കാര്‍ എന്നോട്  “മാറ് മാറ്..” എന്ന് വിളിച്ചു കൂവുന്നത് കേട്ടു… കാരണം ഒരു ടാങ്കര്‍ വരികയായിരുന്നു. എന്നിട്ടവര്‍ കൈവീശി എന്നോട് ചോദിച്ചു, “എന്താണ് നിന്റെ പേര്?” ഈ സൗഹാര്‍ദമായ ആകാംക്ഷ എന്നെ വല്ലാതെ ശല്യം ചെയ്തു. ഞങ്ങള്‍ എല്ലാവരും മറ്റുള്ളവരെ കുറിച്ച് എത്രമാത്രം ആകാംക്ഷയുള്ളവരാണെന്ന് ഒരു പരിധിവരെ ഇതെന്നെ ചിന്തിപ്പിച്ചു. ടാങ്കര്‍ കടന്നു വരുന്ന വഴിയില്‍ അലഞ്ഞു നടക്കുന്ന അപരിചിതയായ ഒരു യുവതിയ്ക്കുനേരെ ഈജിപ്തുകാര്‍ ആക്രോശിക്കുമ്പോള്‍, മറിഞ്ഞുവീണുകൊണ്ടിരിക്കുന്ന മതിലുകളിള്‍ നിന്ന് പുറത്തുചാടുന്ന ഫലസ്തീകള്‍ ടാങ്കറില്‍ നിന്നുതിര്‍ന്നുകൊണ്ടിരിക്കുന്ന വെടിയുണ്ടകളെ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നു. അന്തര്‍ദേശീയ പൗരന്‍മാരാകട്ടെ ടാങ്കറിനുമുമ്പില്‍ ബാനറുമായി നില്‍ക്കുന്നു. ഇസ്രായേലികള്‍ അജ്ഞാതരായി ടാങ്കറുകളില്‍ ഉണ്ട്. ചിലപ്പോള്‍ ആക്രശിച്ചുകൊണ്ടും ചിലപ്പോള്‍ കൈവീശിയും. ഞങ്ങള്‍ അലഞ്ഞുതിരിയുന്നിടത്തെല്ലാം വീടുകള്‍ക്കു നേരെ വെടിയുതിര്‍ക്കപ്പെടുന്നു..

പുറം ലോകത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ ലഭിക്കാന്‍ എനിക്ക് ഇവിടെ ബുദ്ധിമുട്ടുണ്ട്. എന്നാലും ഇറാഖിനു മുകളില്‍ ഒരു യുദ്ധം ഉറഞ്ഞുകൂടുന്നത് അനിവാര്യമായിട്ടുണ്ടെന്ന് ഞാന്‍ കേള്‍ക്കുന്നു. “ഗാസ തിരികെ പിടിച്ചെടുക്കു”ന്നതിലാണ് ഇവിടെ മുഴുവന്‍ ശ്രദ്ധയും ലഭിക്കുന്നത്. ഗാസ വാസ്തവത്തില്‍ തിരികെ പിടിച്ചെടുക്കപ്പെട്ടുകഴിഞ്ഞു. അത് വിപുലപ്പെടുക മാത്രമാണ് ചെയ്യുന്നത്. എന്റെ പേടി ടാങ്കുകള്‍ മുമ്പത്തേതില്‍ നിന്നും വ്യത്യസ്തമായി എല്ലാ നിരത്തിലേയ്ക്കും ഇറങ്ങുമോ എന്നാണ്. എന്നിട്ട് സമുഹത്തിനുനേരെ വെടിവെയ്ക്കുമോ എന്നാണ്. ഇന്നാട്ടുകാരെ ഈ യുദ്ധം എങ്ങനെയാണ് ബാധിക്കുന്നതെന്ന് ജനങ്ങള്‍ ചിന്തിച്ച് തുടങ്ങിയെങ്കില്‍ നിങ്ങള്‍ സമരം തുടങ്ങുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.

എല്ലാവര്‍ക്കും എന്റെ സ്‌നേഹാദരങ്ങള്‍. അമ്മയെ കെട്ടിപ്പിടിച്ച് ചുംബിക്കുന്നു. സെസാമീസിനും ലിങ്കന്‍ സ്‌കൂളിനും എന്റെ സ്‌നേഹം. ഒളിമ്പിയയ്ക്ക് എന്റെ സ്‌നേഹം.


Read more:  റേച്ചല്‍ കോറിയെ കൊന്നത് സൈന്യമല്ലെന്ന് ഇസ്രായേല്‍ കോടതി


കടപ്പാട്:ദി ഗാഡിയന്‍

We use cookies to give you the best possible experience. Learn more