ആ മോഹന്‍ലാല്‍ ചിത്രം സ്പൂഫാണെന്ന് പറഞ്ഞിരുന്നെങ്കില്‍ തിയേറ്ററില്‍ ഹൈപ്പ് കിട്ടിയേനേ: രചന നാരായണന്‍കുട്ടി
Entertainment
ആ മോഹന്‍ലാല്‍ ചിത്രം സ്പൂഫാണെന്ന് പറഞ്ഞിരുന്നെങ്കില്‍ തിയേറ്ററില്‍ ഹൈപ്പ് കിട്ടിയേനേ: രചന നാരായണന്‍കുട്ടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 9th July 2024, 7:31 pm

ആറാട്ട് താന്‍ ഒരുപാട് എന്‍ജോയ് ചെയ്തിട്ടുണ്ടെന്ന് പറയുകയാണ് രചന നാരായണന്‍കുട്ടി. പ്രേക്ഷകയെന്ന നിലയില്‍ തനിക്ക് കാണാന്‍ ഇഷ്ടമുള്ള ഒരു മോഹന്‍ലാല്‍ ചിത്രമാണ് ആറാട്ടെന്നും അതില്‍ അഭിനയിച്ചത് കൊണ്ടല്ല താനിത് പറയുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു.

ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു രചന. ആറാട്ട് വേണ്ട രീതിയില്‍ വിജയിച്ചില്ലെങ്കിലും ഒ.ടി.ടിയില്‍ വന്നപ്പോള്‍ ഒരുപാട് ആളുകള്‍ വിളിച്ചിരുന്നുവെന്നും പലര്‍ക്കും ഈ സിനിമ ഇഷ്ടമായെന്നും താരം പറഞ്ഞു.

‘ആറാട്ട് സിനിമ ഞാന്‍ ഒരുപാട് എന്‍ജോയ് ചെയ്തിട്ടുണ്ട്. പ്രേക്ഷകയെന്ന നിലയില്‍ എനിക്ക് കാണാന്‍ ഇഷ്ടമായ ഒരു മോഹന്‍ലാല്‍ ചിത്രമാണ് ആറാട്ട്. അതില്‍ അഭിനയിച്ചു എന്നത് കൊണ്ടല്ല ഞാന്‍ ഇത് പറയുന്നത്. ഈ സിനിമ തിയേറ്ററില്‍ ഇറങ്ങിയപ്പോള്‍ വേണ്ട രീതിയില്‍ സക്‌സസായില്ല എന്നത് സത്യമാണ്.

പക്ഷെ ആറാട്ട് ഒ.ടി.ടിയില്‍ വന്നപ്പോള്‍ എത്രയോ ആളുകള്‍ സിനിമയെ കുറിച്ച് പറയാന്‍ വിളിച്ചിരുന്നു. ‘ഇപ്പോഴാണ് ഞങ്ങള്‍ ഈ സിനിമ കാണുന്നത്, അന്ന് കണ്ടാല്‍ മതിയായിരുന്നു’ എന്നാണ് പലരും പറഞ്ഞിട്ടുള്ളത്. ഞാന്‍ പറഞ്ഞത് പോലെ പലരും ആ സിനിമ അവര്‍ക്ക് ഇഷ്ടപ്പെട്ട സിനിമയാണെന്ന് പറയാറുണ്ട്. അത് ഒരു മോഹന്‍ലാല്‍ മൂവിയായി തന്നെ കണ്ടാല്‍ മതി.

എനിക്ക് തോന്നിയ ഒരേയൊരു കാര്യം, മാര്‍ക്കറ്റിങ് ചെയ്തപ്പോള്‍ അത് സ്പൂഫാണെന്ന് പറഞ്ഞ് തന്നെ ചെയ്താല്‍ മതിയായിരുന്നു എന്നതാണ്. സ്പൂഫ് എന്ന കാറ്റഗറി മലയാളിക്ക് അത്ര പരിചിതമല്ലല്ലോ. അങ്ങനെ തന്നെ പറഞ്ഞ് അത് റിലീസ് ചെയ്തിരുന്നെങ്കില്‍ ഒരുപക്ഷെ അത് തിയേറ്ററില്‍ ഹൈപ്പ് കിട്ടുമായിരുന്നു. പിന്നെ സിനിമയൊക്കെ ഒരു ഭാഗ്യമാണ്,’ രചന നാരയണന്‍കുട്ടി പറഞ്ഞു.


Content Highlight: Rachana Narayanankutty Says Aarattu Is Her Favorite Mohanlal Movie