| Thursday, 13th August 2020, 9:36 pm

അഖിലേഷും മായാവതിയും ബ്രാഹ്മിണ്‍ വോട്ട് ഉന്നം വെക്കുന്നതെന്തിന്?

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: 2022 ലെ യു.പി തെരഞ്ഞെടുപ്പിനായുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും. യു.പി തെരഞ്ഞെടുപ്പില്‍ ഇത്തവണ ഏറ്റവും നിര്‍ണ്ണായകമാകുക ബ്രാഹ്മണരുടെ വോട്ടാണെന്ന് വിദ്ഗര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

അതിന്റെ അടിസ്ഥാനത്തില്‍ ഉത്തര്‍പ്രദേശിലെ ബ്രാഹ്മണ സമുദായത്തെ തങ്ങളോടൊപ്പം ചേര്‍ത്ത് നിര്‍ത്താനുള്ള ശ്രമങ്ങള്‍ കോണ്‍ഗ്രസ് പാര്‍ട്ടി നടത്തുന്നതായി യു.പിയിലെ അവരുടെ പ്രഖ്യാപനങ്ങള്‍ സൂചന നല്‍കുന്നു.

ബ്രാഹ്മണ ജാഥയും പരശുരാമ പ്രതിമ സ്ഥാപനം ഉള്‍പ്പടെയുള്ളവയിലൂടെ സമുദായത്തിന്റെ പിന്തുണ നേടാനുള്ള ശ്രമത്തിലാണ് പാര്‍ട്ടി നേതാക്കള്‍.

അതേസമയം ഈ തെരഞ്ഞെടുപ്പ് തന്ത്രം കോണ്‍ഗ്രസില്‍ മാത്രം ഒതുങ്ങുന്നില്ല. യു.പി മുന്‍മുഖ്യമന്ത്രിമാരായ അഖിലേഷ് യാദവും മായാവതിയും ഇതേ പാതയില്‍ തന്നെയാണ്.

ബ്രാഹ്മണ സമുദായത്തിന്റെ സ്വീകാര്യനായ കഥാപാത്രമായ പരശുരാമന്റെ പ്രതിമ സ്ഥാപിക്കുമെന്ന ഇരുവരുടെയും പ്രഖ്യാപനം ബ്രാഹ്മണരുടെ വോട്ട് ലക്ഷ്യമാക്കിയുള്ളതാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതിന്റെ ആദ്യ പടിയെന്നോണം തന്റെ ഭരണകാലയളവില്‍ പരശുരാമ ജയന്തി അവധി ദിവസമായി പ്രഖ്യാപിച്ചിരുന്നു മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ്. എന്നാല്‍ യോഗി ആദിത്യ നാഥിന്റെ നേതൃത്വത്തില്‍ വന്ന മന്ത്രി സഭ പരശുരാമ ജയന്തി പ്രവൃത്തി ദിവസമാക്കി മാറ്റി.

ക്ഷത്രിയ സമുദായംഗമായ യോഗി ആദിത്യനാഥ് യു.പിയില്‍ ബ്രാഹ്മണ സമുദായത്തെ അവഗണിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് നിരവധി വിമര്‍ശനങ്ങളുയര്‍ന്നിരുന്നു.

ബ്രാഹ്മണ സമുദായത്തെ ക്ഷത്രിയ വംശജരുടെ നിയന്ത്രണത്തിലാക്കുക എന്ന നിലപാടാണ് യോഗിയുടെതെന്നും വിമര്‍ശനമുയര്‍ന്നിരുന്നു.

ഈ പശ്ചാത്തലത്തിലാണ് ബ്രാഹ്മണ സമുദായത്തിന്റെ പ്രതീകമായ പരശുരാമന്റെ പ്രതിമ സ്ഥാപിക്കണമെന്നാവശ്യവുമായി ബി.എസ്.പി നേതാവും മുന്‍മുഖ്യമന്ത്രി കൂടിയായ മായാവതിയും സമാജ് വാദി പാര്‍ട്ടി അംഗവും മുന്‍മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവും രംഗത്തെത്തുന്നത്.

നിലവില്‍ ഒ.ബി.സി/ ദളിത് പ്രത്യയ ശാസ്ത്രങ്ങള്‍ പിന്തുടര്‍ന്ന പാര്‍ട്ടി പാരമ്പര്യത്തിന് വിരുദ്ധമാണെന്ന വിമര്‍ശനങ്ങള്‍ നിലവിലിരിക്കെയാണ് ഈ നീക്കം. മായാവതി അഖിലേഷ് പോരാട്ടം യു.പിയില്‍ ബ്രാഹ്മണിസത്തിന്റെ ഉയര്‍ത്തെഴുന്നേല്‍ക്കലാകാനുള്ള സാധ്യതകള്‍ തള്ളിക്കളയാന്‍ കഴിയില്ല.

അതേസമയം കോണ്‍ഗ്രസിലും സമാനമായ നീക്കങ്ങളാണുള്ളത്. യു.പി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഒരു ബ്രാഹ്മണനാകാനുള്ള സാധ്യതകള്‍ തള്ളിക്കളയാന്‍ കഴിയില്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രതിപക്ഷ കക്ഷികളെ മറികടന്ന് ബ്രാഹ്മണ സംസ്‌കാരത്തിന്റെ അംഗീകൃത വ്യക്തിത്വമായ പരശുരാമ പ്രതിമ യു.പിയില്‍ സ്ഥാപിക്കാന്‍ മുന്‍കൈയെടുത്ത കോണ്‍ഗ്രസ് നിലപാടാണ് ഇത്തരത്തില്‍ ചിന്തിപ്പിക്കാന്‍ കാരണമെന്ന് ഡെക്കാണ്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വരാനിരിക്കുന്ന ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുന്ന കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി ഒരു ബ്രാഹ്മണനായിരിക്കാന്‍ സാധ്യതകളേറെയാണ്- യു.പിയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡെക്കാണ്‍ ഹെറാള്‍ഡിനോട് പറഞ്ഞു.

ബ്രാഹ്മണ സമുദായത്തില്‍ നിന്ന് ആറ് മുഖ്യമന്ത്രിമാരെ സംഭാവന ചെയ്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. എല്ലായ്പ്പോഴും ആ വിഭാഗത്തിന്റെ താല്പര്യങ്ങള്‍ കൂടി പരിഗണിക്കാന്‍ ഞങ്ങള്‍ ശ്രദ്ധിക്കാറുണ്ടെന്നും മറ്റ് പാര്‍ട്ടികള്‍ അവരെ വഞ്ചിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ ബ്രാഹ്മണ സമുദായത്തിന്റെ വോട്ടുകള്‍ നിര്‍ണ്ണായകമാണെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഏകദേശം 10 ശതമാനം വരുന്ന ഈ വിഭാഗത്തിന്റെ വോട്ടുകള്‍ വരും തെരഞ്ഞെടുപ്പുകളില്‍ നിര്‍ണ്ണായകമാകുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


content highlights: race-between-akhilesh-and-mayawati-may-end-up-strengthening-brahminism

We use cookies to give you the best possible experience. Learn more