| Thursday, 10th February 2022, 3:34 pm

കര്‍ണാടകയിലെ ഹിജാബ് നിരോധനത്തിനെതിരെ പൊരുതുന്നവര്‍ക്ക് ഐക്യദാര്‍ഢ്യം; പുതിയ പെര്‍ഫ്യൂമുമായി ഖത്തര്‍ കമ്പനി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദോഹ: കോളേജുകളില്‍ ഹിജാബ് ധരിക്കുന്നത് നിരോധിച്ചതിനെതിരെ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് പിന്തുണയുമായി ഖത്തറിലെ പെര്‍ഫ്യൂം കമ്പനി. തങ്ങളുടെ പുതിയ പെര്‍ഫ്യുമിന് ഹിന്ദുത്വ പ്രവര്‍ത്തകര്‍ക്കുനേരെ അല്ലാഹു അക്ബര്‍ മുഴക്കിയ മുസ്‌കന്‍ എന്ന വിദ്യാര്‍ത്ഥിനിയുടെ പേരിലാണ് പുതിയ പെര്‍ഫ്യൂം പുറത്തിറക്കിയിരിക്കുന്നത്.

മലയാളികളുടെ നേതൃത്വത്തില്‍ ഖത്തറിലെ ദോഹ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന റബ്ബാനി എന്ന കമ്പനിയാണ് ഹിജാബി മുസ്‌കന്‍ എന്ന പെര്‍ഫ്യൂം ഇറക്കിയത്. Fragrance of Freedom എന്ന ടാഗ് ലൈനും ഇതിനൊപ്പം നല്‍കിയിട്ടുണ്ട്.

‘സംഘപരിവാര്‍ ഹിന്ദുത്വ ഫാസിസത്തെ സുഗന്ധം കൊണ്ട് ചരിത്ര പരമായി അഡ്രസ് ചെയ്യുക എന്നത് കൂടിയാണ് റബ്ബാനി പെര്‍ഫ്യൂംസിന്റെ രാഷ്ട്രീയം. ബിസിനിസ് അത് കഴിഞ്ഞേ ഉള്ളൂ,’ എന്നാണ് കമ്പനി ഇതേക്കുറിച്ച് പറയുന്നത്.

ഇതിന് മുമ്പേ ലക്ഷദ്വീപില്‍ നടപ്പാക്കുന്ന ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന ലക്ഷദ്വീപിലെ ജനങ്ങള്‍ക്ക് പിന്തുണയുമായി നേരത്തെയും കമ്പനി പെര്‍ഫ്യൂം പുറത്തിറക്കിയിരുന്നു. A Frangrance Protest എന്ന ടാഗ് ലൈനിനോടൊപ്പമായിരുന്നു അന്ന് പെര്‍ഫ്യും പുറത്തിറക്കിയിരിക്കുന്നത്.

ദ്വീപിലെ ജനതയുടെ അതിജീവന സമരത്തെ സുഗന്ധത്തിന്റെ പേരില്‍ ചരിത്രത്തില്‍ അടയാളപ്പെടുത്താനാണ് ആഗ്രഹിക്കുന്നതെന്നാണ് അവര്‍ ഇതിനെ കുറിച്ചു പറഞ്ഞിരുന്നത്.

ഇതിന് പിന്നാലെയാണ് കര്‍ണാടകയില്‍ നടക്കുന്ന സംഭവവികാസങ്ങള്‍ക്കെതിരെ പ്രതിഷേധമായി പുതിയ പെര്‍ഫ്യും പുറത്തിറക്കിയിരിക്കുന്നതും.

ജനുവരിയിലാണ് ഹിജാബ് വിവാദം ആരംഭിച്ചത്. ഉഡുപ്പിയിലെ പി.യു. കോളേജില്‍ പഠിക്കുന്ന ആറ് മുസ്‌ലിംവിദ്യാര്‍ത്ഥിനികള്‍ ശിരോവസ്ത്രം ധരിച്ചെത്തിയതോടെ അവരോട് ക്ലാസിന് പുറത്ത് പോകാന്‍ കോളേജ് അധികൃതര്‍ ആവശ്യപ്പെടുകയായിരുന്നു. കോളേജിന്റെ നിലപാടിനെതിരെ വിദ്യാര്‍ത്ഥിനികള്‍ സമരം തുടരുകയാണ്.

പിന്നാലെ സംഘപരിവാര്‍-ഹിന്ദുത്വ വിദ്യാര്‍ത്ഥിനികള്‍ ഹിജാബ് ധരിച്ചെത്തുന്നതിനെതിരെ കാവി ഷാള്‍ ധരിച്ചെത്തി പ്രതിഷേധവുമായി രംഗത്തെത്തിയതോടെ കാര്യങ്ങള്‍ അക്രമത്തിലെത്തുകയും പൊലീസ് ഇടപെടുകയുമായിരുന്നു.

ഹിജാബ് വിവാദത്തില്‍ കോളേജിന്റെ നടപടിയെ എതിര്‍ത്ത് സമരം ആരംഭിച്ച ആറ് വിദ്യാര്‍ത്ഥിനികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കുമെതിരെയും പൊലീസ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.

ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്രയുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് അന്വേഷണം നടത്തുന്നത്. വിദ്യാര്‍ത്ഥിനികള്‍ക്കും രക്ഷിതാക്കള്‍ക്കും ഏതെങ്കിലും സംഘടനകളുമായി ബന്ധമുണ്ടോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്.

വിദ്യാര്‍ത്ഥിനികള്‍ ഏതെങ്കിലും യോഗങ്ങളില്‍ പങ്കെടുത്തിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന് പുറമെ ഇവരുടെ ഫോണ്‍രേഖകളും പൊലീസ് ശേഖരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഹിജാബ് വിഷയത്തില്‍ സമരം ചെയ്യുന്നത് തീവ്രവാദബന്ധമുള്ള സംഘടനകളാണെന്നാണ് കര്‍ണാടക സര്‍ക്കാര്‍ ആരോപിക്കുന്നത്. ദക്ഷിണേന്ത്യ ലക്ഷ്യം വെച്ചുകൊണ്ടുള്ള സംഘപരിവാറിന്റെ വിഭാഗീയ ശ്രമങ്ങളുടെ പരീക്ഷണശാലയാവുകയാണ് കര്‍ണാടക എന്ന തരത്തില്‍ സംഘപരിവാറിനെതിരെ നിരവധി മേഖലകളില്‍ നിന്നുള്ള പ്രമുഖര്‍ രംഗത്ത് വന്നിട്ടുണ്ട്.

Content highlight: Rabbani Perfumes introduce new perfume, Hijabi Muskan

We use cookies to give you the best possible experience. Learn more