| Tuesday, 16th July 2024, 7:31 pm

കാട്ടില്‍ സിംഹത്തെക്കാള്‍ അപകടകാരി ചെന്നായയാണ്: ചോരപ്പുഴയൊഴുക്കുന്ന ട്രെയ്‌ലറുമായി ധനുഷിന്റെ രായന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴ് സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് രായന്‍. ധനുഷിന്റെ അമ്പതാമത് ചിത്രം എന്നതിനെക്കാള്‍ താരം വീണ്ടും സംവിധായക കുപ്പായമണിയുന്ന സിനിമ എന്ന നിലയിലാണ് ആരാധകര്‍ രായന് വേണ്ടി കാത്തിരിക്കുന്നത്. വളരെ വ്യത്യസ്തമായ ഗെറ്റപ്പിലാണ് ധനുഷ് രായനില്‍ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു.

ഇപ്പോഴിതാ രായന്റെ ട്രെയ്‌ലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്. ചെന്നൈയിലെ ലോക്കല്‍ ഗ്യാങ്‌സ്റ്റര്‍ സെറ്റപ്പിലാണ് കഥ വികസിക്കുന്നത്. എസ്.ജെ സൂര്യയാണ് ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ധനുഷിന്റെ സഹോദരന്മാരായി കാളിദാസ് ജയറാമും സന്ദീപ് കിഷനും വേഷമിടുന്നു. സംവിധായകന്‍ സെല്‍വരാഘവനും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

വയലന്‍സിന്റെ അതിപ്രസരമുള്ളതുകൊണ്ട് ‘എ’ സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് രായന് നല്‍കിയത്. ‘എ’ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന നാലാമത്തെ ധനുഷ് ചിത്രമാണ് രായന്‍. ഇതിന് മുമ്പ് ‘എ’ സര്‍ട്ടിഫിക്കറ്റ് ലഭിച്ച പുതുപേട്ടൈ, വടചെന്നൈ എന്നീ സിനിമകള്‍ ധനുഷിന്‍ഡറെ കരിയറിലെ നാഴികക്കല്ലുകളായ സിനിമകളാണ്. രായനും ചരിത്രം ആവര്‍ത്തിക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്.

ദുഷാരാ വിജയന്‍, അപര്‍ണ ബാലമുരളി, പ്രകാശ് രാജ് തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ഓസ്‌കര്‍ ജേതാവ് എ.ആര്‍ റഹ്‌മാനാണ് ചിത്രത്തിന്റെ സംഗീതം. പ്രഭുദേവയുടെ കൊറിയോഗ്രഫിയില്‍ പുറത്തിറങ്ങിയ ഗാനം ഏറെ ശ്രദ്ധനേടിയിരുന്നു. ഓം പ്രകാശാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.

സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് രായന്‍ നിര്‍മിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ജയിലറിന് ശേഷം സണ്‍ പിക്‌ചേഴ്‌സ് നിര്‍മിക്കുന്ന പ്രത്യേകതയും രായനുണ്ട്. ധനുഷിന്റെ കരിയറിലെ ഏറഅറവും വലി. ഹിറ്റുകളിലൊന്നായ തിരുച്ചിത്രമ്പലത്തിന് ശേഷം അതേ കോമ്പോ ഒന്നിക്കുമ്പോള്‍ ബോക്‌സ് ഓഫീസ് വിജയത്തില്‍ കുറഞ്ഞതൊന്നും സിനിമാലോകം പ്രതീക്ഷിക്കുന്നില്ല. ജൂലൈ 26ന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Raayan trailer released

We use cookies to give you the best possible experience. Learn more