സിനിമാജീവിതത്തിന്റെ 24ാം വര്‍ഷത്തിലേക്ക കടന്ന ധനുഷിന്റെ രണ്ടാമത്തെ സംവിധാന സംരംഭമാണ് രായന്‍. ആദ്യ ചിത്രം പവര്‍ പാണ്ടി ഒരു ഫീല്‍ഗുഡ് റൊമാന്റിക് ചിത്രമായിരുന്നെങ്കില്‍ രണ്ടാമത്തെ സിനിമ ഗ്യാങ്സ്റ്റര്‍ ഡ്രാമാ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. രാമായണകഥയെ ചെന്നൈയിലെ ഗ്യാങ് വാറിന്റെ പശ്ചാത്തലത്തല്‍ പറിച്ചുനട്ട കഥപറച്ചിലാണ് ചിത്രത്തിന്റെ കഥ.
കാത്തവരായന്‍ എന്ന സാധാരണമനുഷ്യന്റെയും അയാളുടെ സഹോദരങ്ങളുടെയും കഥയാണ് ചിത്രം പറയുന്നത്. അക്രമത്തിന്റെ പാതയില്‍ ജീവിക്കാന്‍ ആഗ്രഹമില്ലാത്തയാളാണ് രായന്‍. എന്നാല്‍ കുടുംബത്തിന് വേണ്ടി എന്തും ചെയ്യാന്‍ മടിയില്ലാത്ത ആളാണ് രായന്‍ എന്ന് സിനിമയുടെ തുടക്കത്തില്‍ തന്നെ കാണിക്കുന്നുണ്ട്. രാവണനുമായി രായന്റെ കഥാപാത്രത്തിനുള്ള സാമ്യം പല സീനുകളിലും പ്രതീകാത്മകമായി ചിത്രത്തില്‍ കാണിക്കുന്നുണ്ട്.
രാവണന്‍ നായകനാകുമ്പോള്‍ രാമനെയാണ് വില്ലനാക്കിയത്. പ്രധാന വില്ലന്റെ പേര് പോലും അത്തരത്തില്‍ കൊടുക്കാന്‍ സംവിധായകന്‍ കൂടിയായ ധനുഷിന് സാധിച്ചു. പതിയെ തുടങ്ങി ആളിക്കത്തുന്ന രീതിയിലാണ് ചിത്രത്തിന്റെ ആദ്യപകുതി അവസാനിക്കുന്നത്. രണ്ടാം പകുതിയുടെ ഒരു ഘട്ടമെത്തുമ്പോള്‍ കാണിക്കുന്ന സംഭവം പ്രേക്ഷകര്‍ക്ക് കണക്ടാക്കുന്നതില്‍ ധനുഷ് പരാജയപ്പെടുന്നുണ്ട്.
സിനിമയുടെ ആകെത്തുകയെ അത് ചെറുതായി ബാധിക്കുന്നുമുണ്ട്. എന്നിരുന്നാലും മികച്ച മേക്കിങും അഭിനേതാക്കളുടെ ഗംഭീര പ്രകടനവും അതിനെ മറികടക്കാന്‍ സാധിച്ചു. ഓരോ സീനിലും ധനുഷ് എന്ന സംവിധായകന്റെ കയ്യൊപ്പ് കാണാന്‍ സാധിച്ചിട്ടുണ്ട്. ഇന്റര്‍വെല്ലിലെയും ക്ലൈമാക്‌സിലെയും ഫൈറ്റിന്റെ മേക്കിങ് ഗംഭീരമായിരുന്നു.
500ലധികം ആര്‍ട്ടിസ്റ്റുകളെ വെച്ച് അണിയിച്ചൊരുക്കിയ ക്ലൈമാക്‌സ് സോങ്ങിലും ധനുഷ് എന്ന സംവിധായകന്റെ മികവ് കാണാന്‍ സാധിക്കും. ഓരോ കഥാപാത്രത്തിനും കൊടുത്തിരിക്കുന്ന സ്‌പേസും എടുത്തു പറയേണ്ടതാണ്. തമിഴ് സിനിമയില്‍ ഒഴിച്ചുകൂടാനാകാത്ത പാസം എന്ന ഫാക്ടര്‍ കല്ലുകടിയാകാതെ അവതരിപ്പിക്കാനും ധനുഷിന് കഴിഞ്ഞു.
അഭിനേതാക്കളുടെ പെര്‍ഫോമന്‍സ് നോക്കുകയാണെങ്കില്‍ ദുഷാരാ വിജയനാണ് ചിത്രത്തിന്റെ നെടുംതൂണ്‍. ആദ്യപകുതിയില്‍ വലിയ പ്രാധാന്യമില്ലാത്ത റോളായി തോന്നുമോങ്കിലും രണ്ടാം പകുതിയില്‍ ദുര്‍ഗ എന്ന കഥാപാത്രമായി ദുഷാര കത്തിക്കയറി. സെല്‍വരാഘവന്‍ അവതരിപ്പിച്ച ശേഖറും മികച്ച കഥാപാത്രമായിരുന്നു. സിനിമയില്‍ തന്നെ കൈപിടിച്ചുയര്‍ത്തിയ ജ്യേഷ്ഠന് ധനുഷ് നല്‍കിയ ഏറ്റവും നല്ല ട്രിബ്യൂട്ടാണ് രായനിലെ കഥാപാത്രം.
സന്ദീപ് കിഷനാണ് ഞെട്ടിച്ചുകളഞ്ഞ മറ്റൊരു പെര്‍ഫോമര്‍. കഥാപാത്രത്തിന്റെ ആത്മാവ് ഉള്‍ക്കൊണ്ടു കൊണ്ടുള്ള പ്രകടനമായിരുന്നു താരത്തിന്റേത്. എസ്.ജെ. സൂര്യ അവതരിപ്പിച്ച സേതുരാമനെ അധികം അഴിഞ്ഞാടാന്‍ ധനുഷ് സമ്മതിച്ചിട്ടില്ല. പക്ഷേ താരം വരുന്ന സീനുകള്‍ തന്റെ പേരിലാക്കാന്‍ എസ്.ജെ. സൂര്യക്ക് സാധിച്ചു. പ്രകാശ് രാജ് തന്റെ ശബ്ദഗാംഭീര്യം കൊണ്ട് നിറഞ്ഞുനിന്നു. അപര്‍ണ ബാലമുരളിക്കും, കാളിദാസിനും മികച്ച കഥാപാത്രങ്ങളെയാണ് കിട്ടിയത്.
എ.ആര്‍ റഹ്‌മാന്റെ സംഗീതമാണ് രായന്റെ മറ്റൊരു പ്രധാന ഘടകം. സിനിമയിലെ സെക്കന്‍ഡ് ഹീറോ റഹ്‌മാനാണെന്ന് തന്നെ പറയാം. ഗ്യാങ്സ്റ്റര്‍ സിനിമകള്‍ക്ക് കാതടപ്പിക്കുന്ന ബി.ജി.എമ്മുകള്‍ ഇല്ലാതെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കാം എന്ന് റഹ്‌മാന്‍ തെളിയിച്ചു. വെറുമൊരു മെലജി പോര്‍ഷന്‍ കൊണ്ട് തിയേറ്ററുകളില്‍ കൈയടി കൊണ്ടുവരാമെന്ന് തന്റെ പാട്ടിലൂടെ ‘ഇസൈപ്പുയല്‍’ തെളിയിച്ചു. മെലഡി, ഫോക്ക്, റാപ്പ് തുടങ്ങി വ്യത്യസ്ത തരത്തിലുള്ളപാട്ടുകള്‍ കൊണ്ട് റഹ്‌മാനും ആദ്യാവസാനം നിറഞ്ഞു നിന്നു.
ഓം പ്രകാശിന്റെ ഛായാഗ്രഹണവും, ജാക്കിയുടെ ആര്‍ട്ട് ഡയറക്ഷനും, പീറ്റര്‍ ഹെയ്‌നിന്റെ സംഘട്ടനവും സിനിമയുടെ മൂഡിനോട് ചേര്‍ന്ന് നില്‍ക്കുന്നതായിരുന്നു. രണ്ടാം പകുതിയില്‍ സ്‌ക്രിപ്റ്റില്‍ ഒരല്പം ശ്രദ്ധിച്ചിരുന്നെങ്കില്‍ കുറച്ചുകൂടെ നന്നായേനെ. തന്റെ രണ്ടാം സംവിധാന സംരംഭവും ധനുഷ് മോശമാക്കിയിട്ടില്ല എന്ന തന്നെ പറയാം.
Content Highlight: Raayan movie review