50ാം സിനിമയില്‍ റെക്കോഡ് നേട്ടം, ധനുഷിന്റെ ബോക്‌സ് ഓഫീസ് വേട്ട അവസാനിക്കുന്നില്ല
തിയേറ്ററുകളില്‍ മികച്ച പ്രതികരണവുമായി മുന്നേറുകയാണ് ധനുഷ് ചിത്രം രായന്‍. ധനുഷിന്റെ അമ്പതാമത് ചിത്രമാണ് ഇത്. രായന്റെ സംവിധാനവും ധനുഷ് തന്നെയാണ്. ആദ്യദിനം തന്നെ മികച്ച പ്രതികരണമാണ് രായന്‍ സ്വന്തമാക്കിയത്. അഞ്ച് ദിവസം കൊണ്ട് ചിത്രം വേള്‍ഡ് വൈഡായി 100 കോടി നേടിയിരുന്നു. ധനുഷിന്റെ മൂന്നാമത്തെ 100 കോടി ചിത്രമാണ് രായന്‍.
വയലന്‍സിന്റെ അതിപ്രസരമുള്ളതിനാല്‍ ‘എ’ സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് രായന് നല്‍കിയത്. ഇതോടെ 100 കോടി ക്ലബ്ബില്‍ കയറുന്ന ആദ്യ ‘എ’ സര്‍ട്ടിഫിക്കറ്റ് തമിഴ് ചിത്രമെന്ന റെക്കോഡ് രായന്‍ സ്വന്തമാക്കിയിരുന്നു. റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോള്‍ തമിഴ്‌നാട്ടില്‍ നിന്ന് മാത്രം ചിത്രം 50 കോടി നേടിക്കഴിഞ്ഞു. കരിയറിലെ നാഴികക്കല്ലായി മാറിയ ചിത്രം ബോക്‌സ് ഓഫീസിലും റെക്കോഡുകള്‍ സൃഷ്ടിക്കുന്നുണ്ട്.
ധനുഷിന് പുറമെ എസ്.ജെ സൂര്യ, സെല്‍വരാഘവന്‍, പ്രകാശ് രാജ്, ദുഷാരാ വിജയന്‍, കാളിദാസ് ജയറാം, സന്ദീപ് കിഷന്‍, അപര്‍ണ ബാലമുരളി തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിട്ടുള്ളത്. ധനുഷിന്റെ സംവിധാനമികവും ദുഷാരായുടെ അഭിനയവുമാണ് പലരും എടുത്തുപറയുന്നത്. ഓസ്‌കര്‍ ജേതാവ് എ.ആര്‍ റഹ്‌മാനാണ് ചിത്രത്തിന്റെ സംഗീതം.
ചിത്രത്തിലെ ഗാനങ്ങളും പ്രേക്ഷകഹൃദയം കീഴടക്കിക്കഴിഞ്ഞു. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. തിരുച്ചിത്രമ്പലത്തിന് ശേഷം ധനുഷും സണ്‍ പിക്‌ചേഴ്‌സും ഒന്നിച്ച ചിത്രം കൂടിയാണ് രായന്‍. ഓം പ്രകാശ് ഛായാഗ്രഹണവും, പ്രസന്ന എഡിറ്റിങും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ കലാസംവിധനം ജാക്കിയാണ്.
Content Highlight: Raayan got 50 crore collection from Tamilnadu