| Monday, 26th March 2018, 6:45 pm

'കൈത്തോക്കുമെടുത്ത് റാലി നടത്താന്‍ രാമന്‍ നിങ്ങളോട് പറഞ്ഞിരുന്നോ?' രാമനവമി റാലിക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ ബി.ജെ.പിയ്ക്ക് മുന്നറിയിപ്പുമായി മമത

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: ബി.ജെ.പി സംഘടിപ്പിച്ച രാമനവമി റാലിക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ പ്രതികരണവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. സംഘര്‍ഷം ഇല്ലാതാക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് മമത പറഞ്ഞു.

നേരത്തെ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മമതയുടെ പ്രതികരണം.

“കൈത്തോക്കുകളും വാളുകളുമേന്തി റാലി നടത്തണമെന്ന് രാമന്‍ പറഞ്ഞിട്ടുണ്ടോ.? ഈ തെമ്മാടികളുടെ കൈയില്‍ അധികാരം നല്‍കണമെന്നാണോ നിങ്ങള്‍ പറയുന്നത്. രാമനെ ആരാണ് അപമാനിക്കുന്നത്.”

ആയുധങ്ങളേന്തി റാലി നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഡി.ജി.പിയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മമത കൂട്ടിച്ചേര്‍ത്തു.


Also Read:  ‘കര്‍ണാടകയില്‍ കോണ്‍ഗ്രസ് തന്നെ’; ബി.ജെ.പിയ്ക്ക് കര്‍ണാടക പിടിക്കാനാവില്ലെന്ന് സി-ഫോര്‍ സര്‍വേ ഫലം


ബംഗാളിന്റെ സംസ്‌കാരം ഇതല്ലെന്നും മമത പറഞ്ഞു. ഇത്തരത്തില്‍ സംഘര്‍ഷവും വിദ്വേഷവും പ്രചരിക്കുന്നവര്‍ക്കുള്ള വ്യക്തമായ മുന്നറിയിപ്പാണിതെന്നും മമത പറഞ്ഞു. മതവും ജാതിയും കച്ചവടവല്‍ക്കരിക്കാനാണ് ബി.ജെ.പിയുടെ ശ്രമമെന്നും മമത പറഞ്ഞു.

ഹരാനമ ഗ്രാമത്തിലെ ഷാജഹാന്‍ എന്നയാളായിരുന്നു രാമനവമി റാലിക്കിടെ കൊല്ലപ്പെട്ടത്. പുരുലിയയിലെ ബെല്‍ഡി വില്ലേജിലെ ശിവക്ഷേത്രത്തില്‍ നിന്നാരംഭിച്ച ഘോഷയാത്രയ്ക്കിടെയുണ്ടായ സംഘര്‍ഷത്തിലാണ് കൊലപാതകം. സംഭവത്തില്‍ നാല് പൊലീസുകാര്‍ക്ക് പരിക്കേറ്റു.

ഘോഷയാത്രയുമായി ബെല്‍ദി ഗ്രാമത്തില്‍ നിന്ന് മുന്‍നിശ്ചയിച്ച വഴിയിലൂടെ ഹരാനമ ഗ്രാമത്തിലേക്ക് പോയി തിരിച്ചുവരാനായിരുന്നു ബി.ജെ.പി നേതൃത്വത്തിലുള്ള ഘോഷയാത്രയിലെ തീരുമാനം. എന്നാല്‍ ഹരാനമയിലെത്തിയ ശേഷം ന്യൂനപക്ഷ ഗ്രാമമായ ഭുര്‍ഷയിലുടെ തിരിച്ചുപോവണമെന്നായി ഘോഷയാത്രക്കാരുടെ ആവശ്യം.

സംഘര്‍ഷം ഒഴിവാക്കാന്‍ ഗ്രാമത്തിലൂടെയുള്ള യാത്ര ഒഴിവാക്കണമെന്ന് ഗ്രാമമുഖ്യന്‍ ആവശ്യപ്പെട്ടെങ്കിലും ഘോഷയാത്രക്കാര്‍ വഴങ്ങിയില്ല. അതിനിടെ സമീപത്തെ കുളത്തില്‍ കുളിക്കാനെത്തിയ ഷാജഹാനെ ഒരു സംഘം ആളുകള്‍ തലക്കടിച്ച് കൊല്ലുകയായിരുന്നു.


Also Read:  കേരളം പിടിക്കാനായി തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നത് ആര്‍.എസ്.എസ് കേന്ദ്രനേതൃത്വം നേരിട്ട്; ദേശീയ ജനറല്‍ സെക്രട്ടറി സുരേഷ് ജോഷി കേരളത്തില്‍; ആര്‍.എസ്.എസ്സിന്റെ പദ്ധതികള്‍ ഇങ്ങനെ


മഹാവിഷ്ണുവിന്റെ ഏഴാം അവതാരമായ ശ്രീരാമന്റെ(രാമചന്ദ്രന്‍) ജനനം ആഘോഷിക്കുന്ന ഉത്സവമാണ് രാമനവമി. ആയുധങ്ങളുമേന്തി നടത്തുന്ന രാമനവമി ഘോഷയാത്രക്കിയെ സംഘര്‍ഷങ്ങള്‍ പതിവാണ്. നേരത്തെ റാലിക്കിടെയുണ്ടായ അക്രമത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ രാമനവമി ആഘോഷത്തിന്റെ മറവില്‍ അക്രമങ്ങള്‍ക്ക് തുനിഞ്ഞാല്‍ ശക്തമായ നടപടിയെടുക്കുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി അറിയിച്ചിരുന്നു.

Watch This Video:

We use cookies to give you the best possible experience. Learn more