| Friday, 29th December 2023, 6:33 pm

മോഹന്‍ലാലിന്റെ ശബ്ദത്തില്‍ വാലിബനിലെ രണ്ടാം ഗാനം 'റാക്ക്' റിലീസായി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലിജോ ജോസ് പെല്ലിശ്ശേരിയുടെ മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബന്റെ ‘റാക്ക്’ ഗാനം റിലീസായി. മോഹന്‍ലാല്‍ ആലപിച്ച ചിത്രത്തിലെ ഗാനത്തെക്കുറിച്ച് ചിത്രത്തിന്റെ തിരക്കഥാകൃത്തും ഗാനരചയിതാവുമായ പി. എസ്. റഫീഖ് പറഞ്ഞത് ഇപ്രകാരണമാണ്. ‘റാക്ക് സോങ് യാത്രികരുടെ രാത്രി വിശ്രമ കേന്ദ്രത്തിലെ ഒരു ഗാനമാണ്. ഈ ഗാനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ലാലേട്ടന്റെ ശബ്ദത്തില്‍ പുറത്തു വരുന്നു എന്നുള്ളതാണ്. വളരെ ചടുലമായിട്ടും ഭംഗി ആയിട്ടുമാണ് അദ്ദേഹം അത് ആലപിച്ചിട്ടുള്ളത്. വാലിബനിലെ എല്ലാ പാട്ടുകളും ഒരു പോലെ ഇഷ്ടമാണെങ്കിലും പിറന്നുവീണ ഒരു സമയവും അതിന്റെ എഴുത്തിനായുള്ള പ്രയാസവും വച്ചുകൊണ്ട് ചില ഗാനങ്ങളോട് നമുക്ക് ഒരു പ്രത്യേകത തോന്നും, അങ്ങനെ ഒരു ഗാനമാണ് റാക്ക് പാട്ട്,’ റഫീക്ക് അഹമ്മദ് പറഞ്ഞു.

2024 ജനുവരി 25നാണ് ചിത്രം മലൈക്കോട്ടൈ വാലിബന്‍ തിയേറ്ററുകളിലേക്കെത്തുന്നത്. സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത്, മനോജ് മോസസ്, കഥ നന്ദി, മണികണ്ഠന്‍ ആചാരി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.

ഷിബു ബേബി ജോണ്‍, അച്ചു ബേബി ജോണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റിവിസ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്‌സ് ലാബ്, വിക്രം മെഹ്റ, സിദ്ധാര്‍ഥ് ആനന്ദ് കുമാര്‍ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍.

നൂറ്റിമുപ്പത് ദിവസങ്ങളില്‍ രാജസ്ഥാന്‍, ചെന്നൈ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിലാണ് മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം നടന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി.എസ്. റഫീക്കാണ്. ‘ചുരുളി’ക്ക് ശേഷം മധു നീലകണ്ഠന്‍ വീണ്ടും ലിജോയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് പ്രശാന്ത് പിള്ളയാണ്. ദീപു ജോസഫ് എഡിറ്റിങ് നിര്‍വഹിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ് റോണക്‌സ് സേവ്യറാണ്. പി.ആര്‍.ഒ. പ്രതീഷ് ശേഖര്‍.

Content Highligh: Raak song from malaikottai valiban

We use cookies to give you the best possible experience. Learn more