നിങ്ങള്‍ക്ക് നാണമില്ലേ, വിക്കിയും നയനും ഡേറ്റിങ്ങിലാണ്; ധനുഷ് എന്നെ വിളിച്ച് പറഞ്ഞു: രാധിക ശരത്ത്കുമാര്‍
Entertainment
നിങ്ങള്‍ക്ക് നാണമില്ലേ, വിക്കിയും നയനും ഡേറ്റിങ്ങിലാണ്; ധനുഷ് എന്നെ വിളിച്ച് പറഞ്ഞു: രാധിക ശരത്ത്കുമാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 18th November 2024, 2:50 pm

വിഘ്നേഷ് ശിവന്‍ രചനയും സംവിധാനവും നിര്‍വഹിച്ച് 2015ല്‍ പുറത്തിറങ്ങിയ ചിത്രമാണ് നാനും റൗഡി താന്‍. ധനുഷ് നിര്‍മിച്ച ഈ ചിത്രത്തില്‍ നായികയായി എത്തിയത് നയന്‍താരയായിരുന്നു. നാനും റൗഡി താന്‍ എന്ന സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ വെച്ചാണ് നയന്‍താരയും വിഘ്നേഷ് ശിവനും പ്രണയത്തിലാകുന്നത്. രാധിക ശരത്ത്കുമാറും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തിയിരുന്നു.

ധനുഷാണ് നയന്‍താര-വിഘ്നേഷ് പ്രണയത്തെ കുറിച്ച് തന്നോട് പറഞ്ഞതെന്ന് നടി രാധിക ശരത്ത്കുമാര്‍ പറയുന്നു. നാനും റൗഡി താന്‍ എന്ന സിനിമയുടെ സെറ്റിലിരിക്കുമ്പോള്‍ ഒരു ദിവസം ധനുഷ് വിളിച്ച് നിങ്ങള്‍ക്ക് നാണമില്ലേയെന്നും എന്താണ് നടക്കുന്നതെന്ന് അറിയില്ലേയെന്ന് ചോദിച്ചെന്നും രാധിക പറയുന്നു.

ധനുഷ് എന്തിനെ കുറിച്ചാണ് സംസാരിക്കുന്നതെന്ന് അപ്പോള്‍ തനിക്ക് മനസിലായില്ലെന്നും അത് പറഞ്ഞപ്പോള്‍ വിഘ്നേഷ് ശിവനും നയന്‍താരയും ഡേറ്റിങ്ങില്‍ ആണെന്ന് ധനുഷ് പറഞ്ഞെന്നും രാധിക കൂട്ടിച്ചേര്‍ത്തു. നയന്‍താര- ബിയോണ്ട് ദി ഫെയറി ടേല്‍ എന്ന ഡോക്യൂമെന്ററിയിലാണ് രാധിക ഇക്കാര്യം പറഞ്ഞത്.

‘എന്നെ ധനുഷ് ഫോണ്‍ ചെയ്ത് ‘ചേച്ചീ നിങ്ങള്‍ക്ക് നാണമില്ലേ’ എന്ന് അദ്ദേഹം ചോദിച്ചു. ധനുഷ് എന്താണ് പറയുന്നതെന്നു എന്തിനെ കുറിച്ചാണ് പറയുന്നതെന്നോ എനിക്ക് അപ്പോള്‍ മനസിലായില്ല. ‘നിങ്ങളുടെ ചുറ്റും എന്താണ് നടക്കുന്നത് എന്നതിനേക്കുറിച്ച് അറിയില്ലേ വിക്കിയും നയനും ഡേറ്റിങ്ങിലാണ്’എന്ന് ധനുഷ് അപ്പോള്‍ പറഞ്ഞു.

‘നീയെന്താണ് പറയുന്നത്, എനിക്കതിനെ കുറിച്ച് ഒന്നുമറിയില്ല’ എന്നാണ് ഞാന്‍ അതിന് മറുപടി കൊടുത്തത്. സത്യത്തില്‍ അപ്പോള്‍ എനിക്കതിനെ കുറിച്ച് അറിയില്ലായിരുന്നു,’ രാധിക ശരത്ത്കുമാര്‍ പറയുന്നു.

നയന്‍താരയുടെ ജീവിതം ആസ്പദമാക്കി നെറ്റ്ഫ്‌ളിക്‌സ് ഇന്ന് (നവംബര്‍ 18) പുറത്തിറക്കിയ ഡോക്യുമെന്ററിയാണ് ‘ബിയോണ്ട് ദ ഫെയറി ടേല്‍’. നവംബര്‍ ഒന്‍പതിനായിരുന്നു നെറ്റ്ഫ്‌ളിക്‌സ് ഡോക്യുമെന്ററിയുടെ ട്രെയ്‌ലര്‍ പുറത്തുവിട്ടത്. അതില്‍ നാനും റൗഡി താന്‍ എന്ന സിനിമയുടെ ബി.ടി.എസ് ദൃശ്യങ്ങള്‍ ഉപയോഗിച്ചതില്‍ പകര്‍പ്പവകാശ ലംഘനം ചൂണ്ടിക്കാട്ടി പത്ത് കോടിയുടെ കോപ്പിറൈറ്റ് നോട്ടീസ് നടന്‍ ധനുഷ് നയന്‍താരയ്ക്ക് അയച്ചിരുന്നു. തുടര്‍ന്ന് ധനുഷിനെതിരെ രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള കുറിപ്പ് നയന്‍താര തന്റെ സാമൂഹ്യ മാധ്യമത്തിലൂടെ പങ്കുവെച്ചിരുന്നു.

Content Highlight: Raadhika Sarathkumar Talks About Dhanush And Nayanthara