മരിച്ചത് മുസ്‌ലിമും പ്രതിസ്ഥാനത്ത് ഹിന്ദുവായതുകൊണ്ടുമാണ് ശ്രീറാമിന്റെ നിയമനത്തില്‍ പ്രതിഷേധമുണ്ടായത്: ആര്‍.വി. ബാബു
Kerala News
മരിച്ചത് മുസ്‌ലിമും പ്രതിസ്ഥാനത്ത് ഹിന്ദുവായതുകൊണ്ടുമാണ് ശ്രീറാമിന്റെ നിയമനത്തില്‍ പ്രതിഷേധമുണ്ടായത്: ആര്‍.വി. ബാബു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 3rd August 2022, 11:31 pm

കോഴിക്കോട്: മരിച്ചത് മുസ്‌ലിമും പ്രതിസ്ഥാനത്ത് ഹിന്ദുവായതുകൊണ്ടുമാണ് മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ വിചാരണ നേരിടുന്ന ശ്രീറാം വെങ്കിട്ടരാമിനെ കളക്ടറായി നിയമിച്ചതില്‍ പ്രതിഷേധമുണ്ടായതെന്ന് ഹിന്ദു ഐക്യവേദി നേതാവ് ആര്‍.വി. ബാബു.

മീഡിയ വണ്‍ ചാനലിലെ ചര്‍ച്ചയിലായിരുന്നു ആര്‍.വി. ബാബുവിന്റെ പ്രതികരണം. ‘വര്‍ഗീയത ഇത്രയും നേരം കേട്ടിരിക്കാന്‍ പറ്റില്ല’ എന്നായിരുന്നു ഇതിന് ചര്‍ച്ചയുടെ അവതാരകയായ സ്മൃതി പരുത്തിക്കാട് നല്‍കിയ മറുപടി.

‘ശ്രീറാം വെങ്കിട്ട രാമന്‍ മദ്യപിച്ചിരുന്നോ? അദ്ദേഹത്തിനായി ഐ.എ.എസ് ലോബി കളിച്ചു എന്നൊക്കെ പറയുന്നവരുണ്ട്. മറുപക്ഷത്തിന് വേണമെങ്കില്‍ പത്ര ലോബി അദ്ദേഹത്തിന് എതിരെ കളിച്ചു എന്ന് എനിക്കും ആരോപിക്കാം.

നിയമം അതിന്റെ വഴിക്ക് പോകട്ടെ. പ്രദീപ് കുമാര്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ ഈ ബഹളമുണ്ടായില്ലല്ലോ. ശ്രീറാം കളക്ടര്‍ ആകുമ്പോള്‍ എന്താണിത്ര വിഷമം. അദ്ദേഹം മറ്റ് ഡിപ്പാര്‍ട്ട്‌മെന്റിലും ജോലി ചെയ്യുന്നയാളല്ലെ. ഒരു മതത്തിന്റെ സംഘടിത ശക്തി ഉപയോഗിച്ച് സമരം ചെയ്യുന്നതെന്തിനാണ്. ബഷീറിനെ കൊലപ്പെടുത്തിയത് മതത്തിന്റെ പേരിലായിരുന്നോ.

അമ്പതിനായിരം പേരെ സംഘടിപ്പിച്ച് സര്‍ക്കാരിനെ ബന്ദിയാക്കി തീരുമാനം മാറ്റാമെന്നാണോ വിചാരിക്കുന്നത്,’ ആര്‍.വി. ബാബു പറഞ്ഞു.

ആര്‍.എസ്.എസിന്റെ മുഖപ്പത്രമായ ഓര്‍ഗനൈസറിന്റെ ഔദ്യോഗിക ട്വീറ്റില്‍ കേരള മുസ്‌ലിം ജമാഅത്തിന്റെ പ്രതിഷേധവുമായി ബന്ധപ്പെട്ട വിദ്വേഷ പ്രചരണത്തെ ബാബു ചര്‍ച്ചയില്‍ നിഷേധിക്കുകയും ചെയതു.

‘ഹിന്ദു ബ്രാഹ്മണനായ പുതിയ ഐ.എ.എസ് കളക്ടറെ നിയമിച്ചതിനെതിരെ കേരള മുസ്‌ലിങ്ങള്‍ കൂട്ടത്തോടെ ഘോഷയാത്ര നടത്തുന്നു’ എന്നാണ് കേരള മുസ്‌ലിം ജമാഅത്തിന്റെ കളക്ട്രേറ്റ് മാര്‍ച്ചിന്റെ വീഡിയോ പങ്കുവെച്ച് ഓര്‍ഗനൈസര്‍ വീക്കിലി കഴിഞ്ഞ ദിവസം കുറിച്ചിരുന്നത്. സംഭവത്തിന്റെ വസ്തുത ആളുകള്‍ ചൂണ്ടിക്കാണിച്ചതിന് പിന്നാലെ ഓര്‍ഗനൈസര്‍ തന്നെ ഈ വീഡിയോ പിന്‍വലിച്ചിരുന്നു.

കെ.എം. ബഷീര്‍ കാന്തപുരം വിഭാഗത്തിന്റെ പത്രമായ സിറാജിലെ ജീവനക്കാരനായിരുന്നതുകൊണ്ട് ശ്രീറാമിന്റെ നിയമിച്ചതില്‍ പ്രതിഷേധിച്ച് സുന്നി സംഘടനകളുടെ നേതൃത്വത്തില്‍ വലിയ പ്രക്ഷോഭ പരിപാടികളാണ് സംസ്ഥാനത്ത് നടന്നത്. കേരള മുസ്‌ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് ജില്ലാ നേതാക്കളാണ് മാര്‍ച്ചിന് നേതൃത്വം നല്‍കിയത്. ഈ സംഭവത്തെയാണ് ദേശിയ തലത്തില്‍ വക്രീകരിച്ച് വിദ്വേഷ പ്രചരണത്തിനായി ആര്‍.എസ്.എസ് ഉപയോഗിച്ചത്.

വലിയ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് ആലപ്പുഴ ജില്ലാ കളക്ടര്‍ സ്ഥാനത്ത് നിന്ന് ശ്രീറാം വെങ്കിട്ടരാമനെ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ മാറ്റിയത്. മാറ്റി. വി.ആര്‍. കൃഷ്ണ തേജ പുതിയ ആലപ്പുഴ ജില്ലാ കളക്ടര്‍. ശ്രീറാമിനെ സിവില്‍ സപ്ലൈസ് വകുപ്പിലേക്കാണ് മാറ്റിയത്.