പാദമുദ്രയെ കുറിച്ച് പറഞ്ഞതും ലാല്‍ ഉടനെ ആ സിനിമ ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞു: ആര്‍. സുകുമാരന്‍
Entertainment
പാദമുദ്രയെ കുറിച്ച് പറഞ്ഞതും ലാല്‍ ഉടനെ ആ സിനിമ ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞു: ആര്‍. സുകുമാരന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 15th April 2024, 10:40 am

മോഹന്‍ലാലിന് 1988ലെ ഏറ്റവും മികച്ച നടനുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് ലഭിക്കാന്‍ കാരണമായ ചിത്രമാണ് പാദമുദ്ര. സംവിധായകന്‍ ആര്‍. സുകുമാരന്റെ ആദ്യ ചിത്രമായിരുന്നു ഇത്. മാതുപ്പണ്ടാരം, കുട്ടപ്പന്‍ എന്നീ രണ്ട് കഥാപാത്രങ്ങളെയാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ അവതരിപ്പിച്ചത്. പാദമുദ്രയുടെ കഥ പറയാന്‍ മോഹന്‍ലാലിനെ കാണാന്‍ പോയതിനെ കുറിച്ച് പറയുകയാണ് സംവിധായകന്‍ ആര്‍. സുകുമാരന്‍. മാസ്റ്റര്‍ ബിന്നിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അന്ന് ഞാന്‍ ലാലിനോട് കഥ പറയാന്‍ സെറ്റില്‍ പോയപ്പോള്‍ ഒരു കസേരയില്‍ കുനിഞ്ഞിരിക്കുകയാണ് ലാല്‍. അടുത്ത ഷോട്ട് എടുക്കാന്‍ വേണ്ടിയുള്ള കാത്തിരിപ്പിലാണ്. അദ്ദേഹത്തിന്റെ ആരാധകര്‍ ചുറ്റും നില്‍ക്കുന്നുണ്ട്. ഞാന്‍ അടുത്ത് ചെന്നു നിന്നതല്ലാതെ ഒന്നും മിണ്ടിയില്ല. കാരണം എനിക്ക് ഈ ആളെ പരിചയമില്ല. ആള് തലയുയര്‍ത്തി നോക്കുന്നുമില്ല.

അതിനിടയില്‍ അസിസ്റ്റന്റ് വന്ന് ലാലിനെ വിളിച്ചതും അയാള്‍ അടുത്ത ഷോട്ട് എടുക്കാന്‍ പോയി. ഷോട്ടെടുത്തിട്ട് തിരിച്ചുവന്ന് വീണ്ടും അതുപോലെ ഇരുന്നു. എന്നോട് ഒരു രീതിയിലും അടുപ്പം കാണിക്കാതെ ഗമയില്‍ ഇരിക്കുകയാണ്. അപ്പോള്‍ ഞാന്‍ വിചാരിച്ചു ഇങ്ങനെ നിന്നാല്‍ പോരല്ലോ, കാര്യം ചോദിക്കാം.

‘എന്റെ പേര് സുകുമാരന്‍ എന്നാണ്. ഞാന്‍ ഒരു പടം ചെയ്യാന്‍ ആഗ്രഹിക്കുന്നു. അങ്ങയ്ക്ക് ചെയ്യാന്‍ പറ്റിയ റോളാണുള്ളത്. വേറെ ആരെയും കൊണ്ട് റെക്കെമന്റ് ചെയ്യിക്കാതെ ഞാന്‍ നേരിട്ട് വന്നത് എനിക്ക് അത്രമേല്‍ വിശ്വാസമുള്ളത് കൊണ്ടാണ്. ലാല്‍ ഇതു ചെയ്യണം’ എന്ന് പറഞ്ഞു.

ലാല്‍ മറുപടിയായി ‘എന്നെകൊണ്ട് പറ്റില്ല. എനിക്ക് ഒരുപാട് പടങ്ങള്‍ ചെയ്യാനുണ്ട്’ എന്നാണ് പറഞ്ഞത്. ഞാന്‍ ഈ സിനിമ ചെയ്യണമെന്ന് പറഞ്ഞതേയുള്ളു. ലാല്‍ പെട്ടെന്ന് കയറി ഇടപെട്ട് പറ്റില്ലെന്ന് പറഞ്ഞു. എന്റെ കഥകേട്ടാല്‍ ലാല്‍ എനിക്ക് ഡേറ്റ് തരും. ആ ആത്മവിശ്വാസത്തോടെയാണ് ഞാന്‍ വന്നതെന്ന് അയാളോട് പറഞ്ഞു. അപ്പോള്‍ ലാല്‍ കുനിഞ്ഞിരുന്നു കൊണ്ടുതന്നെ ‘എന്ത് കഥ?’ എന്ന് ചോദിച്ചു.

ഒരു ജാരപുത്രന്റെ ആത്മസംഘര്‍ഷത്തിന്റെ കഥയെന്ന് ഞാന്‍ മറുപടി പറഞ്ഞു. പെട്ടെന്ന് ഇയാള്‍ ഞെട്ടി എന്റെ നേരെനോക്കി. അപ്പോഴാണ് ഇയാള്‍ മുഖത്തേക്ക് നോക്കുന്നത്. കുറച്ചുനേരം ആലോചിച്ചിരുന്നിട്ട് ലാല്‍ ‘ഒരുകാര്യം ചെയ്യൂ, നാളെ രാവിലെ എന്നെ വന്നുകാണു’വെന്ന് പറഞ്ഞു.

പിറ്റേന്ന് രാവിലെ ഞാനയാളുടെ വീട്ടില്‍ ചെന്നു. ഇയാള്‍ ആ സമയം കോവളത്തേക്ക് ഷൂട്ടിങിന് കയറാന്‍ പോകുമ്പോഴാണ് എന്നെ കണ്ടത്. അയാള്‍ എന്നെയും കൂടെ വണ്ടിയില്‍ കയറ്റി. കോവളത്ത് എത്തും മുമ്പ് ഞാന്‍ കഥ പറഞ്ഞ് കേള്‍പ്പിച്ചു. അപ്പോഴാണ് സ്‌ക്രിപ്റ്റിന്റെ മെയിനായിട്ടുള്ള ഭാഗങ്ങള്‍ വായിച്ചു കേള്‍പ്പിച്ചത്. അയാള്‍ സന്തോഷത്തോടെ ‘സാര്‍ ഞാനൊരു കാര്യം ചെയ്യാം, ഡേറ്റ് കൊടുത്തവരെയെല്ലാം ഒന്നു വിളിച്ചു ചോദിക്കട്ടെ. പരമാവധി നമുക്ക് ചെയ്യാന്‍ കഴിയുമോയെന്ന് നോക്കാം. സാര്‍ നാളെ എന്നെ വന്നൊന്നു കാണണം’ എന്ന് പറഞ്ഞു

പിറ്റേന്ന് ഞാന്‍ വീണ്ടും ഷൂട്ടിങ് സ്ഥലത്ത് ചെന്നു. ദൂരെനിന്ന ലാല്‍ ഞാന്‍ വരുന്നത് കണ്ട് എന്റെയടുത്തേക്ക് ഓടി വന്നു. ‘സാര്‍ ഞാന്‍ ഇന്നലെ എല്ലാവരെയും വിളിച്ചു ചോദിച്ചു, ആരും ഡേറ്റ് ക്യാന്‍സല്‍ ആക്കാനോ മാറ്റി വെക്കാനോ തയ്യാറാകുന്നില്ല. അതുകൊണ്ട് നമുക്കൊരു കാര്യം ചെയ്യാം, മൂന്നു മാസം വെയിറ്റ് ചെയ്യുമെങ്കില്‍ ഈ സിനിമ ചെയ്യാം’.

ഞാന്‍ അതിന് സമ്മതിച്ചു. ആ സമയം സിനിമയുടെ സ്‌ക്രിപ്റ്റ് പോലും എഴുതിയിട്ടില്ല. അന്ന് ഞങ്ങള് പിരിഞ്ഞു. അങ്ങനെയിരിക്കെ ലാലിന് ബാക്ക് പെയിന്‍ വന്ന് ചികിത്സയ്ക്ക് പോയി. ഈ സമയം കൊണ്ട് ഞാന്‍ സ്‌ക്രിപ്റ്റ് റെഡിയാക്കി ലൊക്കേഷന്‍ കണ്ടെത്തി. ഓരോ സീനും വരച്ചു ഉണ്ടാക്കി കഴിഞ്ഞപ്പോഴേക്കും ലാല്‍ വന്നു,’ ആര്‍. സുകുമാരന്‍ പറഞ്ഞു


Content Highlight: R Sukumaran Talks About Mohanlal