| Saturday, 4th February 2023, 10:42 am

ഉപദേശത്തിന്റെ മാരക വേര്‍ഷന്‍; ലൂണയൊഴിവാക്കി ഹാര്‍ലി ഡേവിഡ്‌സണ്‍ ഓടിക്കെടാ... ജസ്റ്റ് രവി ശാസ്ത്രി തിങ്‌സ്

സ്പോര്‍ട്സ് ഡെസ്‌ക്

പ്രതിരോധത്തിലൂന്നിയ ബാറ്റിങ് ശൈലിയാണ് ചേതേശ്വര്‍ പൂജാരയെ മറ്റ് താരങ്ങളില്‍ നിന്നും വ്യത്യസ്തനാക്കുന്നത്. ഒരു കാലത്ത് രാഹുല്‍ ദ്രാവിഡ് എങ്ങനെയായിരുന്നുവോ അതുപോലെയാണ് പൂജാരയും ടെസ്റ്റില്‍ ഇന്ത്യക്കായി ബാറ്റ് ചെയ്യുന്നത്. ദ്രാവിഡിന് ശേഷമുള്ള ഇന്ത്യയുടെ വന്‍മതില്‍ തന്നെയാണ് പൂജാര.

വമ്പനടികള്‍ക്ക് മുതിരാതെ സാവാധാനം റണ്‍സ് കണ്ടെത്തുന്നതാണ് പൂജാരയുടെ രീതി. ടെസ്റ്റിലെ പഴയ ശൈലിയില്‍ തന്നെയാണ് ഇന്ത്യയുടെ വെറ്ററന്‍ സൂപ്പര്‍ താരം ടീമിനെ മുന്നില്‍ നിന്നും നയിക്കുന്നത്.

എന്നാല്‍ പൂജാരയോട് വേഗത്തില്‍ റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ 2019ല്‍ അന്നത്തെ കോച്ച് ആയിരുന്ന രവി ശാസ്ത്രി ഉപദേശിച്ചിരുന്നതായി പറയുകയാണ് മുന്‍ ഫീല്‍ഡിങ് കോച്ച് ആര്‍. ശ്രീധര്‍. ‘കോച്ചിങ് ബിയോണ്ട്’ എന്ന തന്റെ പുസ്തകത്തിലാണ് പൂജാരയുടെ ബാറ്റിങ്ങിനെ കുറിച്ചും രവി ശാസ്ത്രിയുടെ ഉപദേശത്തെ കുറിച്ചും ശ്രീധര്‍ എഴുതിയത്.

2019ല്‍ സൗത്ത് ആഫ്രിക്കക്കെതിരായ വിശാഖപട്ടണം ടെസ്റ്റില്‍ പൂജാരയുടെ മെല്ലെ പോക്ക് ശാസ്ത്രിയെ ദേഷ്യം പിടിപ്പിച്ചിരുന്നുവെന്ന് ശ്രീധര്‍ പറയുന്നു.

61 പന്തില്‍ നിന്നും എട്ട് റണ്‍സുമായി ക്രീസില്‍ നില്‍ക്കുന്ന പൂജാരയുടെ അടുത്തേക്ക് വേഗത്തില്‍ സ്‌കോര്‍ ചെയ്യാന്‍ ആവശ്യപ്പെട്ട് ശാസ്ത്രി ആളെ വിട്ടിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘പൂജാരക്ക് വേഗത്തില്‍ റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ സാധിക്കും എന്നുറപ്പുള്ള വിരാട് കോഹ്‌ലിയും രവി ശാസ്ത്രിയും അതാഗ്രഹിച്ചിരുന്നു. അക്കാര്യം പൂജാരയെ ബോധ്യപ്പെടുത്താനും അവര്‍ ശ്രമിച്ചു. ചില സമയത്ത് പൂജാര അതിന് മുതിരാതിരുന്നത് രവിക്ക് ഒരു കുഴപ്പമായിരുന്നില്ല,’ ശ്രീധര്‍ തന്റെ പുസ്തകത്തില്‍ കുറിച്ചു.

‘രണ്ടാം ഇന്നിങ്‌സില്‍ നമുക്ക് വേഗത്തില്‍ റണ്‍സ് സ്‌കോര്‍ ചെയ്യണമായിരുന്നു. മറുവശത്ത് രോഹിത് ശര്‍മ അറ്റാക്ക് ചെയ്ത് കളിക്കുമ്പോഴും ഇങ്ങേ തലക്കല്‍ പൂജാര വളരെ മെല്ലെയായിരുന്നു ബാറ്റ് ചെയ്തത്. ഇതുകണ്ട രവി ശാസ്ത്രി വളരെയധികം ദേഷ്യപ്പെടുകയും ഒരു സബ്സ്റ്റ്യൂട്ട് ഫീല്‍ഡറെ തന്റെ നിര്‍ദേശം അറിയിക്കാന്‍ പൂജാരയുടെ അടുക്കല്‍ അയക്കുകയും ചെയ്തു.

‘ലൂണ ഓടിക്കുന്നത് നിര്‍ത്തി ഹാര്‍ലി ഡേവിഡ്‌സണില്‍ കയറ്’ എന്നായിരുന്നു ശാസ്ത്രിയുടെ മെസേജ്. ശേഷം പൂജാര രോഹിത്തിനേക്കാള്‍ വേഗത്തില്‍ റണ്‍സ് സ്‌കോര്‍ ചെയ്യുകയും ചെയ്തു,’ ശ്രീധര്‍ തന്റെ പുസ്തകത്തില്‍ എഴുതി.

Content Highlight: R Sridhar about Ravi Shastri’s advice to Cheteswar Pujara

We use cookies to give you the best possible experience. Learn more