| Friday, 28th July 2017, 9:42 am

സ്വീകരണം പോര; നിശ്ചയിച്ച പരിപാടി ഉദ്ഘാടനം ചെയ്യാതെ ഡി.ജി.പി ആര്‍. ശ്രീലേഖ മടങ്ങി; സൂപ്രണ്ടിന്റെ ക്ഷമാപണവും വിലപ്പോയില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സ്വീകരണത്തിലൊക്കെ വലിയ വില കല്‍പ്പിക്കുന്നവരാണോ പൊലീസുകാര്‍. അങ്ങനെയൊരു സംശയം ആര്‍ക്കെങ്കിലും ഉണ്ടെങ്കില്‍ ഇനി അത് വേണ്ട. സ്വീകരണത്തിലൊക്കെ വലിയ കാര്യമുണ്ടെന്ന് തന്നെയാണ് ജയില്‍ ഡി.ജി.പി. ആര്‍. ശ്രീലേഖ തെളിയിച്ചിരിക്കുന്നത്.

നിശ്ചയിച്ച പരിപാടിയില്‍ എത്തിച്ചേര്‍ന്ന ശ്രീലേഖ സ്വീകരണത്തില്‍ തൃപ്തയാകെ ഉദ്ഘാടനം നിര്‍വഹിക്കാതെ മടങ്ങിയെന്ന വാര്‍ത്തയാണ് ഇപ്പോള്‍ കേള്‍ക്കുന്നത്.


Dont Miss തലസ്ഥാനത്തെ ബി.ജെ.പി അക്രമം മെഡിക്കല്‍ കോളജ് കോഴയില്‍ നിന്നും ശ്രദ്ധതിരിക്കാനെന്ന് കോടിയേരി ബാലകൃഷ്ണന്‍


കോഴിക്കോടെ കോംട്രസ്റ്റ് കണ്ണാശുപത്രിയുടെ നേതൃത്വത്തില്‍ ജില്ലാജയിലിലും സ്പെഷ്യല്‍ സബ് ജയിലിലും സംഘടിപ്പിച്ച സൗജന്യ നേത്രരോഗനിര്‍ണയ ക്യാമ്പിന്റെയും ജില്ലാജയിലിലെ ലൈബ്രറിക്കെട്ടിടത്തിന്റെയും ഉദ്ഘാടനത്തിനെത്തിയ ശ്രീലേഖയാണ് സ്വീകരണം പോരാത്തതിന്റെ പേരില്‍ മടങ്ങിപ്പോയത്.

ശ്രീലേഖ രാവിലെ പത്തിന് എത്തുമെന്നായിരുന്നു അധികൃതര്‍ക്ക് ലഭിച്ച വിവരം. എന്നാല്‍, പതിവിലും നേരത്തെ ഏഴുമണിക്ക് ഗസ്റ്റ് ഹൗസില്‍ എത്തിയ ഡി.ജി.പി.ക്ക് സൗകര്യങ്ങളോ സുരക്ഷയോ ഏര്‍പ്പെടുത്താന്‍ ജയില്‍ ഉദ്യോഗസ്ഥര്‍ എത്തിയിരുന്നില്ലത്രേ.

പിന്നീട് ഗസ്റ്റ്ഹൗസില്‍ എത്തിയ ജയില്‍ ജീവനക്കാരുടെ അകമ്പടിയോടെ ജയിലിലെത്തിയ ഡി.ജി.പി. പരിപാടി ഉദ്ഘാടനം ചെയ്യില്ലെന്നറിയിച്ച് മടങ്ങുകയായിരുന്നു.

ജയിലിലെത്തിയ ഡി.ജി.പി.യോട് സൂപ്രണ്ട് ക്ഷമചോദിച്ചെങ്കിലും ഉദ്ഘാടനം നിര്‍വഹിക്കാന്‍ ഡി.ജി.പി തയ്യാറായില്ല. ജയിലിലെ മറ്റ് നടപടിക്രമങ്ങള്‍ വിലയിരുത്തിയശേഷം ഉച്ചയോടെ അവര്‍ മടങ്ങുകയായിരുന്നു.

എന്നാല്‍, ഡി.ജി.പി. നേരത്തേ എത്തുമെന്നുള്ള വിവരം അറിയിച്ചിരുന്നില്ലെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു. അനൗദ്യോഗിക പരിപാടിയായതിനാല്‍ ഉദ്ഘാടനസമയം തീരുമാനിച്ചതും ഡി.ജി.പി.യുമായി ബന്ധപ്പെട്ടതും സംഘാടകരാണെന്നും ജയില്‍ അധികൃതര്‍ പറയുന്നു.

We use cookies to give you the best possible experience. Learn more