തിരുവനന്തപുരം: സോളാര്‍ ബില്ലിങ് തട്ടിപ്പാണെന്ന മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥ ആര്‍. ശ്രീലേഖയുടെ ആരോപണത്തില്‍ വിശദീകരണവുമായി കെ.എസ്.ഇ.ബി. ഇത് തികച്ചും വസ്തുതാവിരുദ്ധവും തെറ്റിധാരണാജനകവുമായ ആരോപണമാണെന്നാണ് കെ.എസ്.ഇ.ബി പ്രതികരിച്ചത്. സോളാര്‍ ബില്ലിങ്ങിനെ കുറിച്ച് വേണ്ടത്ര ധാരണ ഇല്ലാത്തതാണ് ആരോപണത്തിന് കാരണമെന്നും കെ.എസ്.ഇ.ബിയുടെ പ്രസ്താവനയില്‍ പറഞ്ഞു.
ഫേസ്ബുക്കിലൂടെയാണ് കെ.എസ്.ഇ.ബിയുടെ വിശദീകരണം. സോളാര്‍ പാനലുകള്‍ ഉപയോഗിച്ചിട്ടും വൈദ്യുതി ബില്‍ നിരന്തരം വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസമാണ് ശ്രീരേഖ ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ചത്.
ഈ മാസം 10,000ത്തിലധികമാണ് വൈദ്യുതി ബില്ലെന്നും അവര്‍ പറഞ്ഞു. ഇതില്‍ വിശദീകരണവുമായാണ് കെ.എസ്.ഇ.ബി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.
ശ്രീലേഖ തന്റെ സോളാർ നിലയത്തിൽ നിന്ന് കെ.എസ്.ഇ.ബിക്ക് നൽകിയ വൈദ്യുതിയെക്കാളധികം ഉപഭോഗം നടത്തിയിട്ടുണ്ടെന്ന് കെ.എസ്.ഇ.ബി പ്രസ്താവനയിൽ പറഞ്ഞു. ഈ അധിക യൂണിറ്റിന് മാത്രമാണ് ബില്ല് നൽകിയിരിക്കുന്നത്. ഇതിന്റെ കണക്കും കെ.എസ്.ഇ.ബി വിശദീകരിച്ചു.
ഏപ്രിൽ മാസത്തിൽ ശ്രീലേഖയുടെ വീട്ടിലെ സൗരോർജ്ജ നിലയത്തിൽ നിന്ന് 557 യൂണിറ്റ് വൈദ്യുതിയാണ് ഉൽപ്പാദിപ്പിച്ചത്. ഇതിൽ തത്സമയ ഉപയോഗം കഴിഞ്ഞ് ബാക്കിയുള്ള 290 യൂണിറ്റ് വൈദ്യുതിയാണ് കെഎസ്ഇബിക്ക് ലഭിച്ചത്. രാവിലെ 6 മുതൽ വൈകീട്ട് 6 വരെ 399 യൂണിറ്റ്, വൈകീട്ട് 6 മുതൽ രാത്രി 10 വരെയുള്ള പീക്ക് മണിക്കൂറുകളിൽ 247 യൂണിറ്റ്, രാത്രി 10 മുതൽ രാവിലെ 6 വരെയുള്ള ഓഫ് പീക്ക് മണിക്കൂറുകളിൽ 636 യൂണിറ്റ് എന്നിങ്ങനെ വീട്ടിലെ ആകെ വൈദ്യുതി ഉപയോഗം 1282 യൂണിറ്റ് ആയിരുന്നു.
ആകെ ഉപയോഗിച്ച വൈദ്യുതിയിൽ നിന്ന് ഗ്രിഡിലേക്ക് എക്സ്പോർട്ട് ചെയ്ത യൂണിറ്റ് കുറച്ച് ലഭിക്കുന്ന വൈദ്യുതിക്കാണ് കെ.എസ്.ഇ.ബി ബിൽ ചെയ്യുക. അതായത് 1282 – 290 = 992 യൂണിറ്റിനാണ് ബില്ല് ചെയ്തിരിക്കുന്നത്.
ഒരു മാസത്തെ ബില്ലിങ് യൂണിറ്റ് ആയ 992 യൂണിറ്റിന് നിലവിലെ താരിഫ് പ്രകാരം 10,038 രൂപയാണ് ഈടാക്കിയിരിക്കുന്നത്. അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ബില്ലില്‍ ഒരു തെറ്റും ഇല്ല എന്ന് വ്യക്തമാണെന്നും കെ.എസ്.ഇ.ബി പ്രസ്താവനയിൽ പറയുന്നു. വസ്തുതകള്‍ ഇതാണെന്നിരിക്കെ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവയ്ക്കുന്ന കെ.എസ്.ഇ.ബി എന്ന പൊതുമേഖലാ സ്ഥാപനത്തെ ഇകഴ്ത്തിക്കാട്ടാന്‍ ശ്രീമതി ശ്രീലേഖ ശ്രമിക്കുന്നത് തികച്ചും ദൗര്‍ഭാഗ്യകരമാണെന്നും അപലപനീയമാണെന്നും കെ.എസ്.ഇ.ബി ഫേസ്ബുക്ക് കുറിപ്പിൽ കൂട്ടിച്ചേർത്തു.
Content Highlight: R. Sreelekha allegation that solar billing is fraud; KSEB with explanation