|

വ്യാജ ഫോറന്‍സിക് ലാബ് റിപ്പോര്‍ട്ടുകള്‍ ഉണ്ടാക്കാന്‍ എളുപ്പമാണ്: ആര്‍. ശ്രീലേഖ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: വ്യാജ ഫോറന്‍സിക് ലാബ് റിപ്പോര്‍ട്ടുകള്‍ ഉണ്ടാക്കാന്‍ വളരെ എളുപ്പമാണെന്ന് മുന്‍ ഡി.ജി.പി ആര്‍. ശ്രീലേഖ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സംസ്ഥാനത്തെ ഫോറന്‍സിക് ലാബ് പ്രവര്‍ത്തിക്കുന്നത് ക്രൈം ബ്രാഞ്ച് എ.ഡി.ജി.പിയുടെയും കേന്ദ്ര ഫോറന്‍സിക് ലാബുകള്‍ പ്രവര്‍ത്തിക്കുന്നത് സി.ബി.ഐ.യുടെയും കീഴിലാണെന്നും ശ്രീലേഖ പരിഹസിച്ചു.

പല കേസുകളിലും അന്വേഷണ സംഘങ്ങള്‍ തന്നെ വ്യാജ ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ ഉണ്ടാക്കിയ സംഭവങ്ങളുണ്ടെന്നും ഫാറന്‍സിക് ലാബുകളെ സ്വതന്ത്രമാക്കിയാലേ ഇതിന് പരിഹാരമാകുവെന്നും ശ്രീലേഖ കൂട്ടിച്ചേര്‍ത്തു.

പല പൊലീസ് ഉദ്യോഗസ്ഥരും പത്രക്കാരെ മദ്യവും കശുവണ്ടിയും നല്‍കി സ്വാധീനിക്കുന്നുണ്ട്. ഇവര്‍ കള്ളക്കേസുകള്‍ നിര്‍മിച്ചെടുക്കുന്നു.

പ്രശസ്തരായ ചിലര്‍ പ്രതികളാവുമ്പോള്‍ പൊലീസിന് എങ്ങനെ കള്ളക്കേസുകള്‍ ഉണ്ടാകാന്‍ കഴിയുന്നുവെന്ന് എന്നോട് പലരും ചോദിക്കാറുണ്ട്. ഇവര്‍ കള്ളക്കേസുകള്‍ നിര്‍മിച്ചെടുക്കുകയാണ്, പ്രശ്‌സതരായ പൊലീസുകാര്‍ക്ക് അതിന് കഴിയും.

ഫോറന്‍സിക് സയന്‍സ് റിപ്പോര്‍ട്ട് നിഷ്പക്ഷമായിരിക്കണം. എങ്കില്‍ അതിനെ പ്രത്യേകം പൊലീസിന് പുറത്ത് നിര്‍ത്തണം. വളരെ നാളുകള്‍ക്ക് മുമ്പ് ഈ ആവശ്യം ഉന്നയിച്ച് താന്‍ റിപ്പോര്‍ട്ട് നല്‍കിയതാണ്.

പല തരത്തിലുള്ള പഠനം നടത്തി പല തരത്തിലുള്ള റിപ്പോര്‍ട്ട് കൊടുത്തു. ആരും ശ്രദ്ധിച്ചില്ല. തിരിമറികള്‍ നടത്താന്‍ വളരെ എളുപ്പമാണ് നടത്താനെന്നും ശ്രീലേഖ പറഞ്ഞു.

Content Highlights: R Sreelekha about Kerala Police