| Wednesday, 1st February 2023, 11:37 am

ഡ്രസിങ് റൂമില്‍ വെച്ച് ധോണി ടീമിനെ ശകാരിച്ചു, അന്ത്യശാസനയും നല്‍കി: മുന്‍ കോച്ച്

സ്പോര്‍ട്സ് ഡെസ്‌ക്

ക്രിക്കറ്റില്‍ ക്യാപ്റ്റന്‍ കൂള്‍ എന്നാണ് എം.എസ് ധോണി ഇപ്പോഴും അറിയപ്പെടുന്നത്. ക്യാപ്റ്റന്‍സി മിടുക്ക് കൊണ്ട് മാത്രമല്ല കളിക്കളത്തിലെ ശാന്തപ്രകൃതം കൊണ്ട് കൂടിയാണ് അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്. ടീമിലെ ആരുടെ ഭാഗത്ത് നിന്ന് പിഴവ് സംഭവിച്ചാലും ധോണിയെ ദേഷ്യപ്പെട്ട് കാണാറില്ലായിരുന്നു.

എന്നാല്‍ അപൂര്‍വം സന്ദര്‍ഭങ്ങളില്‍ ധോണിയുടെ നിയന്ത്രണം വിടുന്ന അനുഭവമുണ്ടായിട്ടുണ്ട്. അത്തരമൊരു സന്ദര്‍ഭത്തെ കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ്  മുന്‍ ഇന്ത്യന്‍ ഫീല്‍ഡിങ് കോച്ച് ആര്‍. ശ്രീധര്‍. ‘കോച്ചിങ് ബിയോണ്ട്’ എന്ന ആത്മകഥയിലാണ് അദ്ദേഹം ഇക്കാര്യം രേഖപ്പെടുത്തിയിരിക്കുന്നത്.

2014ല്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പര നടക്കുമ്പോഴാണ് സംഭവം. ഇന്ത്യക്ക് ആദ്യ ഏകദിനം നഷ്ടമായിരുന്നു. രണ്ടാമത്തെ ഏകദിനത്തില്‍ ഇന്ത്യ ജയിച്ചെങ്കിലും കളത്തില്‍ ഒത്തിരി സമ്മര്‍ദങ്ങള്‍ അനുഭവിക്കേണ്ടി വന്നിരുന്നു. സംഭവത്തെ കുറിച്ച് ആര്‍. ശ്രീധര്‍ വിവരിക്കുന്നത് ഇങ്ങനെയാണ്,

‘എം.എസ് ധോണിയുടെ നിര്‍ദേശങ്ങളെ തുടര്‍ന്ന് അന്ന് ഞങ്ങള്‍ ടീമിന്റെ ഫീല്‍ഡിങ് നിലവാരം ഉയര്‍ത്താന്‍ ശ്രമിക്കുന്ന സമയമായിരുന്നു. 2015ലെ ഏകദിന ലോകകപ്പിനായി ടീം തയ്യാറെടുക്കവെയായിരുന്നു അത്. 2014ല്‍ ഡല്‍ഹിയിലെ ഫിറോസ് ഷാ കോട്ലയില്‍ വെച്ച് വെസ്റ്റ് ഇന്‍ഡീസുമായി ഇന്ത്യ ഏകദിന മത്സരം കളിച്ചിരുന്നു. മത്സരത്തില്‍ ഇന്ത്യ വിജയിക്കുകയും ചെയ്തു.

പക്ഷെ ഫീല്‍ഡിങ്ങില്‍ ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം കളിയില്‍ തീര്‍ത്തും നിരാശപ്പെടുത്തുന്നതായിരുന്നു. കളിക്കാരുടെ ഭാഗത്ത് നിന്ന് വേണ്ട പരിശ്രമം ഇല്ലാതെ പോയതും ഫിറ്റ്നസ് നിലവാരം താഴേക്ക് പോയതും ധോണിയെ ചൊടിപ്പിക്കുകയും ചെയ്യുകയായിരുന്നു.

ഡ്രസിങ് റൂമില്‍ വെച്ച് അന്ന് ധോണി ടീമിനെ നന്നായി ശകാരിച്ചു, അന്ത്യശാസനയും നല്‍കി. ഫീല്‍ഡിങ്ങിലും ഫിറ്റ്നസിലും ചില മാനദണ്ഡങ്ങള്‍ പാലിക്കാത്തവരെ ലോകകപ്പ് ടീമിലെടുക്കില്ലെന്നായിരുന്നു ധോണിയുടെ മുന്നറിയിപ്പ്.

ബാറ്റിങ്ങിലോ, ബൗളിങ്ങിലോ തിളങ്ങിയാലും ഫീല്‍ഡിങ്ങില്‍ പിറകിലേക്ക് പോയാല്‍ അവരുടെ സ്ഥാനം ടീമിന് പുറത്തായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു,’ ആര്‍ ശ്രീധര്‍ കുറിച്ചു.

അന്നത്തെ കളിയില്‍ 40 ബോളില്‍ 50 റണ്‍സെടുത്ത എം.എസ് ധോണിയുടെ മികവില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റിന് 26 റണ്‍സാണ് നേടിയത്.

ഒരു ഘട്ടത്തില്‍ രണ്ടിന് 170 റണ്‍സെന്ന നിലയില്‍ വിന്‍ഡീസ് അനായാസം വിജയത്തിലേക്ക് കുതിച്ചിരുന്നു. എന്നാല്‍ ശക്തമായി തിരിച്ചുവന്ന ഇന്ത്യ 45 റണ്‍സിനിടെ എട്ടു വിക്കറ്റുകളെടുത്ത് വിന്‍ഡീസിനെ 215 റണ്‍സിന് പുറത്താക്കി വിജയം കൊയ്യുകയായിരുന്നു.

Content Highlights: R Sreedhar talking about MS Dhoni

We use cookies to give you the best possible experience. Learn more