| Wednesday, 24th July 2019, 12:26 pm

കടിച്ചതുമില്ല പിടിച്ചതുമില്ല എന്നവസ്ഥയിലേക്ക് ബി.ജെ.പിയ്‌ക്കൊപ്പമുള്ള കര്‍ണാടക മുന്‍ മന്ത്രി; അറിഞ്ഞു വെട്ടി കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജനതാദള്‍-കോണ്‍ഗ്രസ് സര്‍ക്കാരിനെ മറിച്ചിട്ട് ബി.ജെ.പി അധികാരത്തിലെത്തിയാല്‍ മന്ത്രി സ്ഥാനം ഉറപ്പിച്ചാണ് ആര്‍. ശങ്കര്‍ എം.എല്‍.എ വിമതപക്ഷത്തേക്ക് മാറിയത്. എന്നാല്‍ നേരത്തെ മന്ത്രിയാവുന്നതിന് വേണ്ടി ചെയ്ത കാര്യം ഇപ്പോള്‍ തിരിച്ചടിയായിരിക്കുകയാണ് ആര്‍. ശങ്കറിന്. ഇദ്ദേഹത്തെ അയോഗ്യനാക്കണമെന്ന് കോണ്‍ഗ്രസ് സ്പീക്കറോട് ആവശ്യപ്പെട്ടു.

സ്വതന്ത്ര എം.എല്‍.എയാണ് താനെന്നാണ് ആര്‍. ശങ്കര്‍ വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ ശങ്കറിന്റെ പാര്‍ട്ടിയായ കെ.പി.ജെ.പി കോണ്‍ഗ്രസില്‍ ലയിച്ചിരുന്നുവെന്നാണ് കോണ്‍ഗ്രസ് വാദിക്കുന്നത്. ലയനത്തെ സംബന്ധിച്ചുള്ള രേഖകള്‍ സ്പീക്കര്‍ക്ക് കോണ്‍ഗ്രസ് കൈമാറിയിട്ടുണ്ട്.

കുമാരസ്വാമി മന്ത്രിസഭയില്‍ ശങ്കറിന് മന്ത്രിസ്ഥാനം നല്‍കിയത് തന്റെ പാര്‍ട്ടിയെ ലയിപ്പിച്ചതോടെയാണെന്ന് കോണ്‍ഗ്രസ് അവകാശപ്പെടുന്നു. വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്ന തങ്ങളുടെ 16 എം.എല്‍.എമാരെ അയോഗ്യരാക്കണമെന്ന് ജനതാദളും കോണ്‍ഗ്രസും കത്ത് നല്‍കിയിരുന്നു. ഇതില്‍
രമേശ് ജര്‍ക്കിഹോളി, മഹേഷ് കുംതിഹള്ളി, ആര്‍.ശങ്കര്‍ എന്നിവരെ അയോഗ്യരാക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായി. മറ്റുള്ള എം.എല്‍.എമാരെ അയോഗ്യരാക്കാനുള്ള നടപടി ക്രമങ്ങള്‍ സ്പീക്കര്‍ പരിശോധിക്കുകയാണ്.

തങ്ങളുടെ 105 എംഎല്‍എമാരുടെ പിന്തുണക്കൊപ്പം ശങ്കറിന്റേതടക്കം രണ്ട് സ്വതന്ത്രരുടെ പിന്തുണയുണ്ടെന്ന് ബിജെപി അവകാശപ്പെട്ടിരുന്നു. ഇതില്‍ ആര്‍. ശങ്കറിന്റ എം.എല്‍.എ സ്ഥാനമാണ് തുലാസില്‍ ആയിരിക്കുന്നത്.

We use cookies to give you the best possible experience. Learn more