| Monday, 18th December 2017, 10:00 pm

സ്വന്തം വീടിന് തീയിട്ട കേസില്‍ മുന്‍ എം.എ.എല്‍ ശെല്‍വരാജിനെ അറസ്റ്റ് ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം : സ്വന്തം വീടിന് തീയിട്ട കേസില്‍ മുന്‍ നെയ്യാറ്റിന്‍കര എം.എല്‍.എ ആര്‍ ശെല്‍വരാജ്, ഗണ്‍മാന്‍ പ്രവീണ്‍ ദാസ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. 2012ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന ശേഷം നടന്ന ഉപതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ശെല്‍വരാജിന്റെ നെടിയാങ്കോടെ ദിവ്യ സദനത്തിന് തീവെച്ചത്. വീടിനോട് ചേര്‍ന്ന് പൊലീസ് സംരക്ഷണത്തിനായി കെട്ടിയ ടെന്റിനും തീപിടിച്ചിരുന്നു.

സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം ആനാവൂര്‍ നാഗപ്പന്‍, ലോക്കല്‍ സെക്രട്ടറി വി താണുപിള്ള എന്നിവരുടെ നേതൃത്വത്തില്‍ വീടാക്രമിച്ച് തീവെച്ചുവെന്നും തന്നെയും കുടുംബത്തെയും വകവരുത്തുകയായിരുന്നു ലക്ഷ്യമെന്നും കാണിച്ച് ശെല്‍വരാജ് ആണ് പൊലീസില്‍ പരാതി നല്‍കിയിരുന്നത്.

നെയ്യാറ്റിന്‍കരയില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഇതായിരുന്നു ശെല്‍വരാജിന്റെയും യു.ഡി.എഫിന്റെയും പ്രചരണം. ഉപതെരഞ്ഞെടുപ്പില്‍ ശെല്‍വരാജ് ആണ് ജയിച്ചിരുന്നത്.

അന്നത്തെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കേസില്‍ അന്വേഷണം നടന്നപ്പോള്‍ വാദി പ്രതിയാകുമെന്ന ഘട്ടം എത്തി. അപ്പോള്‍ തെങ്ങിന്‍ ചുവട്ടില്‍ കടലാസ് കത്തിച്ചപ്പോള്‍ തീപ്പൊരി വീണതാകാമെന്ന് കാണിച്ച് ശെല്‍വരാജ് ഉമ്മന്‍ചാണ്ടിക്ക് കത്ത് നല്‍കി. എന്നാല്‍, പൊലീസ് ടെന്റ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ മുതലടക്കം കത്തിയതിനാല്‍ കേസ് പിന്‍വലിക്കാനാകുമായിരുന്നില്ല.

വിശദമായ അന്വേഷണത്തിലാണ് ശെല്‍വരാജും ഗണ്‍മാനും ചേര്‍ന്ന് തീയിടുകയായിരുന്നുവെന്ന് കണ്ടെത്തിയത്. തീയിട്ടശേഷം പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച മൊബൈല്‍ നമ്പറിനു പിന്നാലെപോയപ്പോള്‍ പാറശാല കേന്ദ്രീകരിച്ചുള്ള ഒരു മണലൂറ്റുകാരന്റെ നമ്പറില്‍നിന്നാണ് വിളിച്ചതെന്ന് കണ്ടെത്തി. ഈ നമ്പര്‍ നാളുകളായി ശെല്‍വരാജിന്റെ ഗണ്‍മാനാണ് ഉപയോഗിച്ചു വന്നത്. തന്റെ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടതായി മണലൂറ്റുകാരന്‍ നേരത്തെ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

തീവച്ചശേഷം ഗണ്‍മാന്‍ തന്നെയാണ് പൊലീസിനെ വിവരമറിയിച്ചത്. വേളാങ്കണ്ണിയില്‍ പോയതിനാല്‍ വീട്ടിലില്ലായിരുന്നുവെന്നാണ് ശെല്‍വരാജ് അന്ന് മൊഴി നല്‍കിയത്. എന്നാല്‍ ഈ ദിവസങ്ങളില്‍ അദ്ദേഹം ആ പ്രദേശത്ത് ഉണ്ടായിരുന്നുവെന്നു കണ്ടെത്തി.

കേസ് മുറുകുമെന്ന ഘട്ടമായപ്പോള്‍ ഇരുവരും മുന്‍കൂര്‍ ജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ കോടതി അനുവദിച്ചില്ല. തുടര്‍ന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ഇരുവര്‍ക്കും പിന്നീട് ജാമ്യം അനുവദിച്ചു.

We use cookies to give you the best possible experience. Learn more