കൊല്ലം: ആറ് വയസുകാരിയെ നാലാംഗ സംഘം തട്ടിക്കൊണ്ടുപോയ കേസില്‍ പൊലീസ് പുറത്തുവിട്ട രേഖാചിത്രവുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിക്കപ്പെട്ട ഷാജഹാന്റെ വീടിന് നേരെ ആക്രമണം. അയല്‍ക്കാരായ ഒരു സംഘം ആളുകള്‍ തന്റെ വീട് ആക്രമിക്കുകയും ജീവന് ഭീഷണി മുഴക്കുകയും ചെയ്തതായി ഷാജഹാന്‍ മാധ്യമങ്ങളോട് പറഞ്ഞു.
സമീപ പ്രദേശങ്ങളിലുള്ള ആര്‍.എസ്.എസുകാരാണ് അതിക്രമം നടത്തിയതെന്നും താനൊരു ഇസ്‌ലാം ആയതുകൊണ്ടാണോ തന്നെ ആക്രമിക്കാന്‍ ശ്രമിക്കുന്നതെന്നും ഷാജഹാന്‍ ചോദിച്ചു. കുട്ടിയെ തട്ടികൊണ്ടുപോയ കേസിനെ തുടര്‍ന്ന് സമൂഹത്തില്‍ താനും കുടുംബവും ഒറ്റപെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുന്‍ കാലങ്ങളില്‍ ചില കേസുകളില്‍ പ്രതിയായിട്ടുണ്ടെങ്കിലും ഇത്തരത്തിലുള്ള കാര്യങ്ങളില്‍ താന്‍ ഏര്‍പ്പെടില്ലെന്നും വര്‍ഗീയ വാദികളായ ആളുകളാണ് തനിക്കെതിരെ പ്രവര്‍ത്തിക്കുന്നതെന്നും ഷാജഹാന്‍ പറഞ്ഞു.
പഴയ കുറ്റവാളിയാണെന്ന് ആരോപിപിച്ച് തനിക്കും കുടുംബത്തിനും വേണ്ടി ആരും ശബ്ദിക്കുന്നില്ലെന്നും അക്രമിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംഭവം നടക്കുന്ന സമയത്ത് താനും കുടുംബവും വീട്ടില്‍ ഇല്ലായിരുന്നെന്നും ആയതിനാല്‍ ജീവന്‍ തിരിച്ചുകിട്ടിയെന്നും ഷാജഹാന്‍ പറഞ്ഞു.
കുണ്ടറ പൊലീസ് സ്റ്റേഷനില്‍ നിന്ന് ഷാജഹാന്‍ കേസില്‍ പ്രതിയല്ലെന്ന് ഔദ്യോഗികമായി പൊലീസ് അറിയിച്ചിട്ടുണ്ടെങ്കിലും സമൂഹ മാധ്യമങ്ങളില്‍ ഷാജഹാന്‍ കുറ്റവാളിയാണെന്ന രീതിയില്‍ വ്യാജപ്രചരണം നടക്കുന്നുണ്ട്.
പൊലീസ് പുറത്തുവിട്ട രേഖാചിത്രത്തിന്റെ അടിസ്ഥാനത്തില്‍ തെറ്റിദ്ധരിക്കപ്പെട്ടതിനെ പിന്നാലെ കുണ്ടറ പൊലീസ് സ്റ്റേഷനില്‍ എത്തി ഷാജഹാന്‍ നിരപരാധിയാണെന്ന് അറിയിക്കുകയും, തുടര്‍ന്ന് സംഭവം നടക്കുന്ന ദിവസങ്ങളില്‍ ഷാജഹാന്‍ ആശുപത്രി സംബന്ധമായ കാര്യങ്ങളുമായി സ്ഥലത്തില്ലായിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിരുന്നു.
പ്രതി ഷാജഹാനാണെന്ന രീതിയില്‍ ഏറ്റവും കൂടുതല്‍ വ്യാജപ്രചരണം നടത്തുന്നത് അമൃത ചാനലാണെന്നും, സ്ഥാപനത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഷാജഹാന്റെ മകള്‍ ചൂണ്ടിക്കാട്ടി.
മറ്റു ചാനലുകള്‍ ഷാജഹാന്റെ പേരും വിവരങ്ങളും പുറത്തിവിട്ടിരുന്നില്ലെന്നും അവരോട് നന്ദിയുണ്ടെന്നും മകള്‍ പറഞ്ഞു. വസ്തുതകള്‍ മനസിലാക്കാതെ പ്രവര്‍ത്തിക്കരുതെന്നും കുട്ടിയെ തട്ടികൊണ്ടുപോയവരെ വേഗത്തില്‍ കണ്ടെത്തണമെന്നും മകള്‍ ആവശ്യപ്പെട്ടു.
Content Highlight: R.S.S workers attacked the house of a person who was mistaken for the suspect in the child abduction case