|

നിര്‍മാണത്തിനിടെ ബോംബ് പൊട്ടിത്തെറിച്ചു; ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: നിര്‍മാണത്തിനിടെ ബോംബ് പൊട്ടിത്തെറിച്ച് പരിക്കേറ്റ ആര്‍.എസ്.എസ് പ്രവര്‍ത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. കാക്കയങ്ങാട് അമ്പലമുക്കില്‍ മുക്കോലപറമ്പത്ത് വീട്ടില്‍ കെ.കെ. സന്തോഷി(35)നെയാണ് മുഴക്കുന്ന് പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ഞായറാഴ്ച്ചയാണ് സ്വന്തം വീട്ടില്‍ നിര്‍മാണത്തിനിടെ ബോംബ് പൊട്ടി സന്തോഷിന് പരിക്ക് പറ്റിയത്. പരിക്കേറ്റ സന്തോഷ് വടകര ഉള്ള്യേരിയിലെ മലബാര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. സ്‌ഫോടനത്തില്‍ സന്തോഷിന്റെ ഭാര്യ ലസിതക്കും സാരമായ പരിക്ക് പറ്റിയിരുന്നു.

ചികിത്സക്ക് ശേഷം സുഖം പ്രാപിച്ച സന്തോഷിനെ വീട്ടിലേക്ക് മടങ്ങും വഴിയാണ് മുഴക്കുന്ന് എസ്.ഐ ഷിബു എം. പോളിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. സ്‌ഫോടക വസ്തു കൈവശം വെച്ചതിനും അശ്രദ്ധമായി കൈകാര്യം ചെയ്തതിനുമാണ് പൊലീസ് കേസ് ചാര്‍ജ് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ഞായറാഴ്ച്ചയാണ് സ്വന്തം വീടിന്റെ അടുക്കള ഭാഗത്ത് വെച്ച് നിര്‍മാണത്തിലിരിക്കുന്ന ബോംബ് വീണ്‌പൊട്ടി സന്തോഷിന് പരിക്ക് പറ്റിയത്. വീടിന്റെ ഒരു ഭാഗത്തിനും സാരമായ കേടുപാടുകള്‍ സംഭവിച്ചിരുന്നു. സ്‌ഫോടനത്തില്‍ പരിക്കേറ്റ സന്തോഷ് വടകര ഉള്ള്യേരിയിലെ മലബാര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. സ്‌ഫോടനത്തില്‍ സന്തോഷിന്റെ ഭാര്യ ലസിതക്കും പരിക്ക് പറ്റിയിരുന്നു.

ഞായറാഴ്ച്ച വൈകീട്ടോടെ നിര്‍മാണം പൂര്‍ത്തിയായ ബോംബ് വീടിന്റെ അടുക്കള വശത്ത് വെച്ച് കയ്യില്‍നിന്ന് വീണ് പൊട്ടിയാണ് സന്തോഷിന് പരിക്ക് പറ്റിയതെന്ന് പൊലീസ് പറഞ്ഞു. ഇതിന് മുമ്പും ഇയാള്‍ ബോംബ് നിര്‍മിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും പരിശോധന നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.

2018 ലും സമാനമായ സ്‌ഫോടനത്തില്‍ സന്തോഷിന്റെ കൈവിരല്‍ അറ്റുപോയിരുന്നു. ഈ കേസില്‍ കാര്യമായ നടപടികളൊന്നും തന്നെ പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടാവാത്തത് വലിയ പ്രതിഷേധത്തിനും കാരണമായിരുന്നു. കേസിന്റെ വിചാരണ നടപടികള്‍ക്കിടെയാണ് വീണ്ടും സ്‌ഫോടനമുണ്ടായത്.

Content Highlight: R.S.S leader arrest for making explosion in homes