വയനാട്: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിന്റെ ദുരന്ത പശ്ചാത്തലത്തിൽ വ്യാജ പ്രചരണവുമായി ഹിന്ദുത്വ ഹാൻഡിലുകൾ. വയനാട്ടിലേക്ക് സഹായമെത്തിക്കാൻ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ തളിപ്പറമ്പ് മേഖലയിൽ നടത്തിയ സന്നദ്ധ പ്രവർത്തനത്തിൻ്റെ ഫോട്ടോയാണ് ഹിന്ദുത്വ ഹാൻഡിലുകൾ തങ്ങളുടേതെന്ന രീതിയിൽ പ്രചരിപ്പിക്കുന്നത്.
തളിപ്പറമ്പ് മേഖലയിൽ സിനിമ താരം നിഖില വിമൽ അടക്കമുള്ളവർ ചെയ്യുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഫോട്ടോ ഡി.വൈ.എഫ്.ഐ തളിപ്പറമ്പ് യൂണിറ്റ് തങ്ങളുടെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിരുന്നു. ഈ ഫോട്ടോയാണ് ഹിന്ദുത്വ ഹാൻഡിലുകൾ തങ്ങളുടേതെന്ന രീതിയിൽ പ്രചരിപ്പിക്കുന്നത്. ‘വയനാട്ടിലെ ജനങ്ങൾക്ക് ആവശ്യമുള്ള ഭക്ഷണമെത്തിക്കാൻ ആർ.എസ്.എസ് പകലും രാത്രിയും ഒരു പോലെ പ്രവർത്തിക്കുകയാണ്’ എന്നായിരുന്നു പോസ്റ്റിന്റെ അടിക്കുറിപ്പ്.
ഡി.വൈ.എഫ്.ഐ, യൂത്ത് കോണ്‍ഗ്രസ് അടക്കമുള്ള യുവജന സംഘടനകള്‍ ഇതിനോടകം തന്നെ വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന ആളുകള്‍ക്കായി സഹായമെത്തിക്കുന്നതിലുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.
എസ്.എഫ്.ഐ, കെ.എസ്.യു അടക്കമുള്ള വിദ്യാര്‍ത്ഥി സംഘടനകളും ജില്ല, മണ്ഡലം അടിസ്ഥാനത്തില്‍ അവശ്യസാധനങ്ങള്‍ ശേഖരിക്കുന്നുണ്ട്. ക്യാമ്പസുകളില്‍ നിന്നും ക്യാമ്പുകളിലേക്ക് എന്ന പേരില്‍ ക്യാമ്പെയ്‌നും വിദ്യാര്‍ത്ഥി സംഘടനകള്‍ ആരംഭിച്ചിട്ടുണ്ട്.
കുടിവെള്ളം, ബിസ്‌ക്കറ്റ്, ബ്രഡ് പോലുള്ള ഭക്ഷണസാമഗ്രികള്‍, സാനിറ്ററി നാപ്കിന്‍, ഡയപ്പറുകള്‍, വസ്ത്രങ്ങള്‍, പുതപ്പ് അടക്കുള്ള വസ്തുക്കളാണ് ഇവര്‍ ശേഖരിച്ച് ക്യാമ്പുകളിലെത്തിക്കുന്നത്.
ഈ പ്രവർത്തങ്ങളെയാണ് ആർ.എസ്.എസിന്റെ ഉത്തരേന്ത്യൻ ഹാൻഡിലുകൾ തങ്ങൾ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികളാവുന്നു എന്ന പേരിൽ പ്രചരിപ്പിക്കുന്നത്. ഇതിനെ തുടർന്ന് നിരവധി പേർ പോസ്റ്റിനെതിരെ രംഗത്തെത്തി. ഹിന്ദുത്വ ഹാൻഡിലുകൾ നുണ പ്രചാരണം നടത്തുകയാണെന്ന് തെളിവ് സഹിതം പോസ്റ്റിട്ടായിരുന്നു ആളുകളുടെ പ്രതികരണം.
Content Highlight: r.s.s handle spread fake news