ത്രിപുരയില്‍ ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പശുക്കളെ തീ കൊളുത്തി കൊന്നതായി പരാതി
national news
ത്രിപുരയില്‍ ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പശുക്കളെ തീ കൊളുത്തി കൊന്നതായി പരാതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 6th March 2023, 6:14 pm

അഗര്‍ത്തല: ത്രിപുരയില്‍ ആര്‍.എസ്.എസ് -ബി.ജെ.പി പ്രവര്‍ത്തകര്‍ പശുക്കളെ ചുട്ടുകൊന്നതായി പരാതി. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ ബി.ജെ.പി പ്രവര്‍ത്തകര്‍ വലിയ രീതിയിലുളള അക്രമസംഭവങ്ങളാണ് അഴിച്ചുവിടുന്നതെന്നും ഇതിന് പിന്നാലെയാണ് തൊഴുത്തില്‍ കെട്ടിയ പശുക്കളെ ചുട്ട് കൊന്നെന്ന് ആരോപിച്ച് ഓള്‍ ഇന്ത്യ കിസാന്‍ സഭയാണ് രംഗത്തെത്തിയത്.

കിസാന്‍ സഭയുടെ ഒഫീഷ്യല്‍ പേജില്‍ പങ്കുവെച്ച വീഡിയോയിലാണ് ബി.ജെ.പിക്കെതിരെ ഗുരുതര ആരോപണമുള്ളത്. കത്തിക്കരിഞ്ഞ നിലയിലുള്ള മൂന്ന് പശുക്കളുടെ ജഡങ്ങളും ഇവയെ കുഴിച്ചിടാനുള്ള കുഴിയെടുക്കുന്ന ഗ്രാമവാസികളെയുമാണ് വീഡിയോയില്‍ കാണിച്ചിരിക്കുന്നത്.

ത്രിപുര തെരഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷം കിട്ടിയതിന് ശേഷം പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെയും നേതാക്കള്‍ക്കെതിരെയും ക്രൂരമായ ആക്രമണങ്ങളാണ് ബി.ജെ.പി. നടത്തുന്നതെന്ന് വീഡിയോ പുറത്ത് വിട്ട കിസാന്‍ സഭയുടെ ജനറല്‍ സെക്രട്ടറി വിജു കൃഷ്ണന്‍ പറഞ്ഞു. ഗ്രാമത്തിലെ നൂറ് കണക്കിന് വീടുകള്‍ക്ക് തീയിട്ടെന്നും പാര്‍ട്ടി പ്രവര്‍ത്തകരെ തിരഞ്ഞ് പിടിച്ച് ആക്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ഓള്‍ ഇന്ത്യ കിസാന്‍ സഭയുടെയും സി.ഐ.ടി.യുടെയും ഓഫീസുകള്‍ക്ക് നേരെ ആക്രമണമുണ്ടായതായും പാര്‍ട്ടി പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്യാനുള്ള നീക്കമാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നതെന്നും വിജു കൃഷ്ണന്‍ ആരോപിക്കുന്നുണ്ട്.

‘സംസ്ഥാനത്തെ ക്രമസമാധാന നില അപകടത്തിലാണ്. സംസ്ഥാനത്തുടനീളം അക്രമങ്ങള്‍ നടന്ന് കൊണ്ടിരിക്കുന്നു. ഇടതുപക്ഷ പ്രവര്‍ത്തകരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയാണ്. പൊലീസും സര്‍ക്കാരും ബി.ജെ.പിയുടെ അതിക്രമങ്ങളെ കണ്ട ഭാവം നടിക്കുന്നില്ല.

ജനാധിപത്യ മൂല്യങ്ങള്‍ക്ക് നേരെയുള്ള അതിക്രമമായാണ് പാര്‍ട്ടി വിഷയത്തെ കാണുന്നത്. പൊലീസ് ജനങ്ങള്‍ക്ക് സംരക്ഷണം ഏര്‍പ്പെടുത്തുകയാണ് വേണ്ടത്. ഇത്തരത്തിലുള്ള ആക്രമണങ്ങളെ ഇനിയും സഹിച്ച് നില്‍ക്കാന്‍ ഞങ്ങള്‍ക്കാവില്ല. സര്‍ക്കാര്‍ അടിയന്തരമായി വിഷയത്തില്‍ ഇടപെടണം,’ വിജു കൃഷ്ണന്‍ പറഞ്ഞു.

മാര്‍ച്ച് രണ്ടിന് തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ 668ലധികം അക്രമങ്ങള്‍ ബി.ജെ.പി.യുടെ നേതൃത്വത്തില്‍ ത്രിപുരയില്‍ നടന്നിട്ടുണ്ടെന്നാണ് സി.പി.എം ആരോപിക്കുന്നത്. അക്രമ സംഭവങ്ങളില്‍ മൂന്ന് പേര്‍ മരിക്കുകയും നൂറ് കണക്കിനാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്.

ഫലപ്രഖ്യാപനത്തിന് പിന്നാലെ സി.പി.ഐ.എം. പ്രവര്‍ത്തകന്റെ വീട് ബി.ജെ.പി. പ്രവര്‍ത്തകര്‍ തീയിടുന്ന വീഡിയോ സീതീറാം യെച്ചൂരിയും ട്വീറ്റ് ചെയ്തിരുന്നു.

തുടര്‍ന്ന് സി.പി.ഐ.എം ത്രിപുര സെക്രട്ടറി ജിതേന്ദ്ര ചൗധരി, മുന്‍ മന്ത്രി തപന്‍ ചക്രവര്‍ത്തി, ഇടതുമുന്നണി കണ്‍വീനര്‍ നാരായണ്‍ കര്‍ എന്നിവര്‍ ചീഫ് സെക്രട്ടറി ജെ.കെ. സിന്‍ഹയെ കാണുകയും ത്രിപുരയിലെ അക്രമങ്ങളെ തടയാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

അക്രമം രൂക്ഷമായതോടെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആയിരത്തിലധികം പേര്‍ കാടുകളില്‍ ഒളിച്ച് താമസിക്കുകയാണെന്നും പലരും വീട് വിട്ട് പോവാന്‍ നിര്‍ബന്ധിതരായെന്നും ജിതേന്ദ്ര ചൗധരി പറഞ്ഞിരുന്നു.

Content Highlight: R.S.S-B.J.P burned cows in Tripura