ജിയോ ബേബി സംവിധാനം ചെയ്ത് മമ്മൂട്ടിയും ജ്യോതികയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് കാതൽ ദി കോർ. ചിത്രത്തിൽ മമ്മൂട്ടിയുടെ അച്ഛനായി അഭിനയിച്ചത് ആർ.എസ്. പണിക്കർ എന്ന പുതുമുഖ അഭിനേതാവാണ്. പണിക്കരുടെ ആദ്യ ചിത്രമാണ് കാതൽ ദി കോർ. എന്നാൽ താരം ചിത്രത്തിൽ മികച്ച പ്രകടന കാഴ്ചവെക്കുകയും പ്രേക്ഷക ശ്രദ്ധ നേടിയെടുക്കുകയും ചെയ്തിട്ടുണ്ട്.
സിനിമ ഇറങ്ങിയതിന് ശേഷം ഒരുപാട് ആളുകൾ തന്നെ തിരിച്ചറിയുന്നുണ്ടെങ്കിലും അങ്ങനെയുള്ള പ്രശസ്തിയിൽ തനിക്ക് ഭ്രമമില്ലെന്ന് പണിക്കർ പറഞ്ഞു. എന്നാൽ തനിക്ക് ലഭിച്ച ചില അംഗീകാരങ്ങൾ കാണുമ്പോൾ അതിൽ ഒരുപാട് സന്തോഷമുണ്ടെന്നും പണിക്കർ പറയുന്നുണ്ട്.
കോഴിക്കോട് കൈരളി തിയേറ്ററിൽ പോയപ്പോൾ ഒരാൾ ചാച്ചാ എന്ന് വിളിച്ചത് സിനിമക്കും തന്റെ കഥാപാത്രത്തിനും ലഭിച്ച അംഗീകാരമാണെന്നും പണിക്കർ കൂട്ടിച്ചേർത്തു. സില്ലി മോങ്ക്സ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയാണ് അദ്ദേഹം. അതേസമയം നവംബർ 23ന് റിലീസ് ചെയ്ത ചിത്രം മികച്ച പ്രതികരണം നേടി പ്രദർശനം തുടരുകയാണ്.
‘അതിലൊന്നും എനിക്ക് ഭ്രമമില്ല. ചില അംഗീകാരങ്ങൾ കിട്ടുമ്പോൾ വളരെ ഇഷ്ടമാണ്. ഞങ്ങളെല്ലാവരും കോഴിക്കോട് കൈരളി തിയേറ്ററിൽ വിസ്റ്റ ചെയ്തിരുന്നു. ഞങ്ങൾ ആരും കാണാതെ മുന്നിൽ പോയിരിക്കുന്നു. ആരൊക്കെയോ ഞങ്ങളെ ശ്രദ്ധിച്ചു. സിനിമ കഴിഞ്ഞതിനുശേഷം കുറച്ച് ആളുകൾ വന്ന് ഫോട്ടോയൊക്കെ എടുത്തു. അതുകഴിഞ്ഞ് പതുക്കെ പോകാൻ നിൽക്കുകയാണ്.
അപ്പോഴും ആളുകൾ വിട്ടു പോയിട്ടില്ല. ആളുകൾ ബാൽക്കണിയിൽ നിന്നും താഴെ എന്താണ് സംഭവിക്കുന്നത് എന്ന് നോക്കിനിൽക്കുകയാണ്. വൈറ്റ് ആൻഡ് വൈറ്റ് എല്ലാം ഇട്ടിട്ട് മുന്നിൽ ഞാനാണ് നിൽക്കുന്നത്. മുകളിൽ നിന്നും ‘ചാച്ച’ എന്നൊരു വിളി. അതാണ് എനിക്ക് കിട്ടിയ ഏറ്റവും വലിയ അവാർഡ്. ആ കഥാപാത്രത്തെയും ആ സിനിമയെയും ജനങ്ങൾ ഏറ്റെടുത്തിരിക്കുന്നു. അതിൽ കൂടുതൽ സന്തോഷവും ബഹുമതിയും കിട്ടാനില്ല. മറ്റു കാര്യങ്ങളിലൊന്നും എനിക്ക് ഭ്രമമില്ല,’ആർ.എസ്. പണിക്കർ.
Content Highlight: R.S Panikkar about the public response after kathal the core movie