സമൂഹത്തിൽ ചർച്ച ചെയ്യപ്പെടേണ്ട ഒരു വിഷയം സിനിമയിലൂടെ അവതരിപ്പിച്ചിരിക്കുകയാണ് ജിയോ ബേബി എന്ന സംവിധായകൻ. മമ്മൂട്ടിയും ജ്യോതികയും പ്രധാന കഥാപത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിൽ ആർ. എസ്. പണിക്കരും മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മമ്മൂട്ടിയുടെ അച്ഛനായി എത്തുന്ന പണിക്കരുടെ ആദ്യ ചിത്രമാണ് കാതൽ.
മാത്യു എന്ന കഥാപാത്രത്തിന് തന്റെ വ്യക്തിത്വം സമൂഹത്തിന് മുൻപിൽ മറച്ചു വെക്കാൻ പ്രധാന കാരണം ചാച്ചന്റെതാണ്. അതിന്റെ കുറ്റബോധമാണ് ചാച്ചന്റെ ആ തല കുനിഞ്ഞിരുപ്പ്. ചിത്രത്തിൽ മാത്യുവിനേക്കാൾ ഓമനയ്ക്കാണ് ചാച്ചനോട് അടുപ്പമുള്ളത്. ഓമനയും ചാച്ചനും തമ്മിലുള്ള ഒരച്ഛൻ മകൾ സ്നേഹ നിമിഷങ്ങൾ നമുക്ക് ചിത്രത്തിൽ കാണാൻ സാധിക്കും.
ജ്യോതികയുമായുള്ള കോമ്പിനേഷൻ സീനുകളെക്കുറിച്ച് ഡൂൾ ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറയുകയാണ് ആർ.എസ്. പണിക്കർ. ജ്യോതിക നല്ല വിനയമുള്ള ആളാണെന്നും അവരുടെ കഥാപാത്രം വളരെ വൃത്തിയായി ചെയ്തിട്ടുണ്ടെന്നും പണിക്കർ പറയുന്നുണ്ട്.
‘ജ്യോതിക വളരെ വിനയമുള്ള ആളാണ്. വളരെ ഭംഗിയായിട്ട്, അവരുടെ ഉള്ളിലുള്ള എല്ലാ ദു:ഖങ്ങളും വികാരങ്ങളും ഒതുക്കി എന്നാല്‍ ചില ഉറച്ച തീരുമാനങ്ങളെടുത്ത് മുന്നോട്ടുപോകുന്ന കഥാപാത്രം. അവര്‍ക്ക് മാത്യുവിനെ സ്നേഹമാണ്. ചാച്ചനെ അതിനേക്കാള്‍ കൂടുതല്‍ സ്നേഹമാണ്. ചാച്ചന്റെ ആകെയുള്ള ആശ്രയം അവരാണല്ലോ. അതൊക്കെ അവര്‍ക്കറിയാം. ചാച്ചന് ഒന്ന് സംസാരിക്കാനോ അദ്ദേഹത്തിന് ഒരു ചായയുണ്ടാക്കി കൊടുക്കാനോ ഒരാളില്ല. ചാച്ചന് അവരോട് അത്രമാത്രം സ്‌നേഹവും വാത്സല്യവും ഉണ്ട്. ആ ഭാവങ്ങളൊക്കെ എത്ര ഭംഗിയായി, ആര്‍ദ്രമായിട്ടാണ് അവര്‍ അവതരിപ്പിച്ചത്.
പഴയ കഥയൊക്കെ ചാച്ചനെ അവര്‍ ഓര്‍മ്മിപ്പിക്കുന്ന രംഗമുണ്ട് സിനിമയില്‍. അതോടെ അവരുടെ മുന്‍പില്‍ അയാള്‍ ഒന്നുമല്ലാതാവുകയാണ്. അവര്‍ക്ക് മുന്‍പില്‍ ദേവസിയുടെ തല കുനിയുകയാണ്. ഇതിനേക്കാള്‍ തലകുനിഞ്ഞല്ലേ ചാച്ചന്‍ അന്ന് എന്റെ കൂടെ കാറില്‍ വന്നത് എന്ന് ഓമന ചോദിക്കുമ്പോള്‍ പ്രായമായ ഒരു മനുഷ്യന് എന്ത് വികാരമാണ് ഉണ്ടാകുക, ആ വികാരം കുറച്ചൊക്കെ നാച്ചുറലായി കൊണ്ടുവരാന്‍ എനിക്ക് കഴിഞ്ഞെന്നാണ് വിശ്വസിക്കുന്നത്.
അത് വെറും അഭിനയം മാത്രമല്ല. ഇത്തരം സാഹചര്യമൊക്കെ ഉള്‍ക്കൊള്ളാനും അത് ആ രീതിയില്‍ ചെയ്യാനുമൊക്കെയുള്ള പ്രായവും പക്വതയുമൊക്കെ എനിക്കുണ്ട്. അതുകൊണ്ടായിരിക്കാം അതൊന്നും വലിയ ബോറാവാതെ പ്രേക്ഷകരില്‍ എത്തിക്കാന്‍ എനിക്ക് കഴിഞ്ഞതെന്നാണ് തോന്നുന്നത്.
ജീവിതത്തിന്റെ വിവിധ തലങ്ങളിലൂടെ കടന്നുപോയ ആളാണ് ദേവസി. ഒരുപാട് ജീവിതാനുഭവങ്ങള്‍, പഴയ പൊതുപ്രവര്‍ത്തകനായിരുന്നു. ഭാര്യയില്ല. ഒരു മകളും മകനുമാണ് ഉള്ളത്. വിദേശത്തുള്ള മകള്‍ വീഡിയോ കോളിലൂടെ വരുന്ന ഒരു രംഗമുണ്ടല്ലോ സിനിമയില്‍. അതിലൊക്കെ എത്ര ഇന്‍ ടോളറന്‍സാണ് ആ അച്ഛന്‍ കാണിക്കുന്നത്.
അവള്‍ക്ക് ഒരു മറുപടി പോലും കൊടുക്കുന്നില്ല. അവള്‍ ഇങ്ങനെ സംസാരിച്ചുകൊണ്ടിരിക്കുന്നപ്പോള്‍ ഫോണ്‍ കട്ട് ചെയ്ത് അവസാനിപ്പിക്കുകയാണ് അദ്ദേഹം. ആ കഥാപാത്രത്തിന്റെ മാനസികാവസ്ഥ പ്രേക്ഷകര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്ന രംഗങ്ങളാണ് അതൊക്കെ. അത്ര ഭംഗിയായിട്ടാണ് സംവിധായകന്‍ ഓരോ സീനും ചെയ്തുവെച്ചിരിക്കുന്നത്,’ ആര്‍.എസ്. പണിക്കര്‍.
ഡൂൾന്യൂസിന് നൽകിയ അഭിമുഖത്തിന്റെ പൂർണരൂപം
Content Highlight: R.S Panikkar about jyothika