| Friday, 1st December 2023, 1:34 pm

'ആ കപ്പലണ്ടി മിഠായിയാണ് നിങ്ങളെ രക്ഷിച്ചത്'; ആ സീനിന് തിയേറ്ററില്‍ കയ്യടിയുണ്ടായി: ആർ. എസ്. പണിക്കർ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കാതൽ ദി കോർ എന്ന സിനിമയിലെ ശ്രദ്ധേയ കഥാപാത്രമാണ് മാത്യുവിന്റെ ചാച്ചന്റേത്. മാത്യുവിന്റെ അച്ഛനായി എത്തിയ ആർ.എസ്. പണിക്കരുടെ കന്നി ചിത്രമാണ് കാതൽ ദി കോർ. എന്നാൽ ആദ്യ ചിത്രത്തിൽ തന്നെ പ്രേക്ഷക മനസ് കീഴടക്കാൻ പണിക്കർക്ക് സാധിച്ചു.

സിനിമയുടെ പ്രൊമോഷന്റെ ഭാഗമായുള്ള തിയേറ്റർ സന്ദർശനത്തിന്റെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് ഡൂൾന്യൂസിന് നൽകിയ അഭിമുഖത്തിൽ ആർ. എസ്. പണിക്കർ. ഇത്രയും കാലം താൻ എവിടെ ആയിരുന്നെന്ന് ആളുകൾ ചോദിച്ചെന്നും ആ കപ്പലണ്ടി സീനാണ് തന്നെ രക്ഷിച്ചതെന്നുമൊക്കെയുള്ള ചിലരുടെ കമന്റുകളൊക്കെ താൻ കേട്ടിരുന്നെന്നും പണിക്കർ പറഞ്ഞു. ആ സീനിന് തിയേറ്ററിൽ കയ്യടി ഉണ്ടായിരുന്നെന്നും ആർ.എസ്. പണിക്കർ കൂട്ടിച്ചേർത്തു.

‘സമൂഹം, പ്രത്യേകിച്ചും യുവതലമുറ, അതില്‍ തന്നെ പെണ്‍കുട്ടികള്‍ വളരെ ഹൃദയപൂര്‍വം ഈ സിനിമയെ ഏറ്റെടുത്തു. പിന്നെ കുടുംബങ്ങള്‍ അവര്‍ വളരെ ആവേശത്തോടെയാണ് സിനിമ ഏറ്റെടുത്തത്. കോഴിക്കോട് ഞാനൊരു തിയേറ്റര്‍ വിസിറ്റിന് പോയപ്പോള്‍ സിനിമ കഴിഞ്ഞ് ഇറങ്ങുമ്പോള്‍ ഒരു പ്രേക്ഷക ബാല്‍ക്കണിയില്‍ നിന്നും ‘ചാച്ചാ’ എന്ന് ഉറക്കെ ഒരു വിളി വിളിച്ചു. ആ വിളിയില്‍ തിയേറ്റര്‍ നിശബ്ദമായി. എനിക്ക് കിട്ടിയ ഏറ്റവും വലിയ അവാര്‍ഡായിരുന്നു ആ വിളി. എന്നെ വല്ലാതെ ത്രസിപ്പിച്ച ഒരു വിളിയായിരുന്നു.

ഞാന്‍ സിനിമ കാണാന്‍ വേണ്ടി ആദ്യമായി സുഹൃത്തുക്കളോടൊപ്പം പോയി, ഇന്റര്‍വെല്ലിന് പുറത്തിറങ്ങിയപ്പോള്‍ അവര്‍ എന്നോട് ചോദിച്ചു, അല്ല ഡയലോഗുകളൊന്നുമില്ലേ (ചിരി). അവര്‍ ആകാംക്ഷ കൊണ്ട് ചോദിച്ചതാണ്. ഞാന്‍ പറഞ്ഞു, പൊതുവെ കുറവാണ്. ഇനി വരാനുണ്ട്. നിങ്ങള്‍ വെയ്റ്റ് ചെയ്യൂ എന്ന്. ഇന്റര്‍വെല്ലിന് ശേഷമാണ് ഈ കഥാപാത്രത്തിന്റെ ഡെപ്ത് അവര്‍ക്ക് മനസിലായത്. അതുവരെ ഈ വയസന്‍ ഇങ്ങനെ മിണ്ടാതിരിക്കുകയാണല്ലോ.

അതുപോലെ ഞാന്‍ കുറ്റിപ്പുറത്ത് ഒരു തിയേറ്ററില്‍ സിനിമ കണ്ടപ്പോള്‍ എന്നോട് ഒരാള്‍ ചോദിച്ചത്, ‘ചങ്ങായി ഇങ്ങള്‍ ഇത്രയും കാലം എവിടെയായിരുന്നു’ എന്നാണ്. അപ്പോള്‍ ഞാന്‍ ചിരിച്ചു. ഞാന്‍ ഇവിടെയൊക്കെ തന്നെ ഉണ്ടായിരുന്നു എന്ന് പറഞ്ഞു. അത് കഴിഞ്ഞ് വേറൊരാള്‍ പറഞ്ഞത് ‘ങ്ങള് ഈ ഇന്റര്‍വെല്‍ വരെ ഒരക്ഷരം മിണ്ടാതിരുന്നപ്പോള്‍ നിങ്ങള്‍ ഒരു വാക്ക് പറഞ്ഞ് കേള്‍ക്കാന്‍ ഞങ്ങള്‍ കാത്തിരിക്കുകയായിരുന്നു, ആ ശബ്ദമൊന്ന് കേള്‍ക്കാന്‍ വേണ്ടി’ എന്നാണ്. ആ കപ്പലണ്ടി മിഠായിയാണ് നിങ്ങളെ രക്ഷിച്ചതെന്നും പറഞ്ഞു (ചിരി). അതുമാത്രമല്ല ഞാന്‍ കടലമിഠായി ചോദിച്ച സീനില്‍ തിയേറ്ററില്‍ കയ്യടിയുണ്ടായി,’ ആർ.എസ്. പണിക്കർ പറഞ്ഞു.

ഡൂൾന്യൂസിന് നൽകിയ അഭിമുഖത്തിന്റെ പൂർണരൂപം

Content Highlight: R.S panikkar about audience reaction

We use cookies to give you the best possible experience. Learn more