മമ്മൂട്ടിയേക്കാള്‍ രണ്ടു വയസ് കൂടുതലുള്ള അച്ഛനാണ് ഞാന്‍; മമ്മൂട്ടിയെ കുറിച്ച് സംസാരിച്ച് ആര്‍.എസ്. പണിക്കര്‍
Entertainment news
മമ്മൂട്ടിയേക്കാള്‍ രണ്ടു വയസ് കൂടുതലുള്ള അച്ഛനാണ് ഞാന്‍; മമ്മൂട്ടിയെ കുറിച്ച് സംസാരിച്ച് ആര്‍.എസ്. പണിക്കര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 28th November 2023, 5:51 pm

സംവിധായകന്‍ ജിയോ ബേബിയുടെ ഏറ്റവും പുതിയ സിനിമയാണ് കാതല്‍ ദി കോര്‍. മമ്മൂട്ടി – ജ്യോതിക ചിത്രവും ഇതിലെ അഭിനേതാക്കളും ഇപ്പോള്‍ ഏറെ ചര്‍ച്ചയാകുന്നുണ്ട്.

അതില്‍ മമ്മൂട്ടിയുടെ മാത്യൂ ദേവസിയെന്ന കഥാപാത്രത്തിന്റെ അച്ഛനായി അഭിനയിച്ച ആര്‍.എസ്. പണിക്കറും ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കഥാപാത്രമായിരുന്നു.

72കാരനായ മമ്മൂട്ടിയുടെ അച്ഛനായി അഭിനയിച്ച ആര്‍.എസ്. പണിക്കറിന്റെ പ്രായം എഴുപത്തിനാലാണ്. മാത്രവുമല്ല കാതല്‍ ദി കോര്‍ അദ്ദേഹത്തിന്റെ ആദ്യ ചിത്രവുമാണ്.

ഇപ്പോള്‍ ജിഞ്ചര്‍ മീഡിയ എന്റര്‍ടൈയ്‌മെന്റിന് നല്‍കിയ അഭിമുഖത്തില്‍ കാതല്‍ സിനിമയെ പറ്റിയും മമ്മൂട്ടിയെയും കുറിച്ചും സംസാരിക്കുകയാണ് അദ്ദേഹം.

‘എനിക്ക് അവിടെ ആകെ പരിചയമുണ്ടായിരുന്നത് ജിയോ ബേബിയെ മാത്രമായിരുന്നു. ലൊക്കേഷനില്‍ എത്തിയപ്പോള്‍ ജിയോ ബേബി എന്നെ എല്ലാവര്‍ക്കും പരിചയപെടുത്തി കൊടുത്തു.

അപ്പോഴൊന്നും മമ്മൂക്ക അവിടെ എത്തിയിരുന്നില്ല. എന്നോട് കുറച്ചു കഴിഞ്ഞപ്പോള്‍ കോസ്റ്റ്യൂമിട്ട് വരാന്‍ പറഞ്ഞു. അങ്ങനെ കോസ്റ്റ്യൂമിട്ടു വന്നു, ആ സമയത്താണ് മമ്മൂക്ക വരുന്നത്.

മമ്മൂക്ക വന്നതും ഞാന്‍ അങ്ങോട്ട് ചെന്നു സംസാരിച്ചു. ‘ഞാന്‍ ആര്‍.എസ്. പണിക്കര്‍, അങ്ങയുടെ സിനിമയില്‍ കൂടെ അഭിനയിക്കാന്‍ അവസരം കിട്ടിയത് എന്റെ മഹാഭാഗ്യമാണ്,’ എന്നു പറഞ്ഞു.

അതിന് അദ്ദേഹം നല്‍കിയ മറുപടി, ‘ഞങ്ങള്‍ക്ക് അങ്ങയെ പോലെ ഒരാളെ കിട്ടിയല്ലോ,’ എന്നാണ്. ഒരു പുഞ്ചിരിയോടെയാണ് അത് പറഞ്ഞത്. അതെനിക്ക് നല്‍കിയ സ്ട്രെങ്ത്തും കോണ്‍ഫിഡന്‍സും വളരെ വലുതായിരുന്നു.

മമ്മൂക്കയേക്കാള്‍ രണ്ടു വയസ് കൂടുതലുള്ള അച്ഛനാണ് ഞാന്‍. ആദ്യത്തെ രംഗം ഞങ്ങള്‍ തമ്മിലുള്ള കോമ്പിനേഷന്‍ ആയിരുന്നു. ആ സീനില്‍ ഓമനയും ഉണ്ടായിരുന്നു.

എന്നെ അവഗണിച്ചു കൊണ്ട് മമ്മൂക്ക നടന്നു പോകുന്നു, അപ്പോള്‍ ഞാന്‍ അദ്ദേഹത്തെ ഒന്ന് നോക്കണം. ഇതായിരുന്നു എനിക്ക് സംവിധായകന്‍ തന്ന നിര്‍ദ്ദേശം. ഞാന്‍ അതുപോലെ ചെയ്തു.

അതുകഴിഞ്ഞു ഞാന്‍ വീണ്ടും ഒരിക്കല്‍ കൂടെ മമ്മൂക്കയോട് സംസാരിച്ചു. എന്റെ പെര്‍ഫോമന്‍സിനെ കുറിച്ച് അഭിപ്രായം ചോദിച്ചു.

അപ്പോള്‍ അദ്ദേഹം ഇങ്ങനെ തന്നെ അങ്ങ് പോകട്ടെ എന്നു പറഞ്ഞു. ആ കോണ്‍ഫിഡന്‍സിലാണ് ഞാന്‍ പിന്നെ മുന്നോട്ട് പോയത്,’ ആര്‍.എസ്. പണിക്കര്‍ പറഞ്ഞു.


Content Highlight: R S Panicker Talks About Mammootty And Kaathal Movie