Entertainment news
നിരാശയോടെ 'പണിക്കര്‍ക്ക് ഇതില്‍ ഡയലോഗ് ഒന്നുമില്ലേ?' എന്നവര്‍ ചോദിച്ചു; ആര്‍.എസ്. പണിക്കരുടെ എഫ്.ബി പോസ്റ്റ്
മമ്മൂട്ടിയെയും ജ്യോതികയെയും കേന്ദ്രകഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത ചിത്രമാണ് ‘കാതല്‍ ദി കോര്‍’. സമൂഹത്തില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട ഒരു വിഷയം ഈ ചിത്രത്തിലൂടെ തുറന്നു പറഞ്ഞിരിക്കുകയാണ് ജിയോ ബേബി.
ചിത്രത്തില്‍ മമ്മൂട്ടിക്കും ജ്യോതികക്കും പുറമെ മികച്ച പ്രകടനം കാഴ്ചവെച്ച നടനാണ് ആര്‍.എസ്. പണിക്കര്‍. മമ്മൂട്ടി അവതരിപ്പിച്ച മാത്യുവെന്ന കഥാപാത്രത്തിന്റെ അച്ഛനായാണ് അദ്ദേഹം അഭിനയിച്ചത്.
ഇപ്പോള്‍ കാതലിന്റെ ആദ്യ പ്രദര്‍ശനം കാണാന്‍ പോയതിനെ കുറിച്ചും ചിത്രത്തിന്റെ വിജയത്തെ കുറിച്ചും തന്റെ ഫേസ്ബുക്കില്‍ കുറിക്കുകയാണ് ആര്‍.എസ്. പണിക്കര്‍.
ഭാര്യയുടെയും മരുമകളുടെയും പേരക്കുട്ടിയുടെയും എഴുപതോളം സുഹൃത്തുക്കളുടെയും കൂടെ ആദ്യ പ്രദര്‍ശനം കാണാന്‍ പോയത് ഏറെ ആകാംക്ഷയോടെയും ആശങ്കയോടെയുമായിരുന്നെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
കൂടെ ഉണ്ടായിരുന്നവരില്‍ പലരും പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഒരു തിയേറ്ററില്‍ പോയി സിനിമ കാണുന്നതെന്നും ഇന്റര്‍വെല്‍ സമയത്ത് ചില സുഹൃത്തുക്കള്‍ വന്ന് നിരാശയോടെ ‘പണിക്കര്‍ക്ക് ഇതില്‍ ഡയലോഗ് ഒന്നുമില്ലേ?’ എന്ന് ചോദിച്ചിരുന്നെന്നും ആര്‍.എസ്. പണിക്കര്‍ പോസ്റ്റില്‍ പറഞ്ഞു. ഒപ്പം എല്ലാവര്‍ക്കും അദ്ദേഹം നന്ദിയറിയിച്ചു.
ആര്‍.എസ്. പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ്…
ആശങ്ക, ആഹ്ലാദം, അഭിമാനം. നവംബര്‍ 23ാo തിയ്യതി കോഴിക്കോട് രാമനാട്ടുകര ‘സുരഭി’യില്‍ ‘കാതല്‍’ ആദ്യ പ്രദര്‍ശനം കാണാന്‍ പോയത് വലിയ ആകാംക്ഷയോടെയും ആശങ്കയോടെയുമായിരുന്നു. ഒപ്പം ഭാര്യയും മരുമകളും പേരക്കുട്ടിയും എഴുപതോളം സുഹൃത്തുക്കളും. മിക്കവരും എഴുപത് വയസ് പിന്നിട്ടവരായിരുന്നു. അതില്‍ പലരും പതിറ്റാണ്ടുകള്‍ക്കുശേഷമാണ് ഒരു തിയേറ്ററില്‍ പോയി സിനിമ കാണുന്നത്.
ഇന്റര്‍വെല്‍ സമയത്ത് ചില സുഹൃത്തുക്കള്‍ വന്ന് നിരാശയോടെ എന്നോട് ചോദിച്ചു, ‘പണിക്കര്‍ക്ക് ഇതില്‍ ഡയലോഗ് ഒന്നുമില്ലേ?’. ജിയോ ബേബിയെ അനുകരിച്ച് എന്റെ മറുപടി പറഞ്ഞു, ‘നമുക്ക് നോക്കാമെന്നേ.’ ‘ചരിത്ര വിജയം’ പോസ്റ്ററിന്റേയും മഴവില്ലിന്റേയും കാഴ്ചയോടെ സിനിമ അവസാനിച്ചിട്ടും ആരും എഴുന്നേല്‍ക്കുന്നില്ല. ചിലര്‍ കണ്ണീര് തുടയ്ക്കുന്നു. മറ്റ് ചിലര്‍ കണ്ണീര് പുറത്ത് കാണിക്കാതിരിക്കാന്‍ പാടുപെടുന്നു.
ഇപ്പോള്‍ എല്ലാവരും എനിക്ക് ചുറ്റുമായി. എല്ലാവരുടെയും മുഖത്ത് സന്തോഷം, സംതൃപ്തി, അഭിനന്ദനം, അഭിമാനം. ആര്‍ക്കും വാക്കുകളില്ല. ഞങ്ങള്‍ക്കിടയില്‍ ഔപചാരികമായ അഭിനന്ദനത്തിനോ പ്രശംസക്കോ സ്ഥാനമില്ല. എനിക്ക് ആശ്വാസമായി. എന്റെ അഭിനയ ഉളി പാളി ‘കാതലിന്’ എന്തെങ്കിലും കേട് പറ്റിയിരുന്നെങ്കില്‍ അവര്‍ എന്തുമാത്രം സങ്കടപ്പെടുമായിരുന്നു.
അടുത്ത ഊഴം മറ്റ് പ്രേക്ഷകരായിരുന്നു. സെല്‍ഫിയെടുക്കാനും ഗ്രൂപ്പ് ഫോട്ടോ എടുക്കാനും അവര്‍ തിരക്കുകൂട്ടി. സ്ത്രീകളും പെണ്‍കുട്ടികളുമാണ് ഏറെ ആവേശത്തില്‍. സിനിമയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായമെന്തെന്ന എന്റെ ചോദ്യത്തിന് പെണ്‍കുട്ടികളുടെ ഉശിരന്‍ ന്യൂജെന്‍ മറുപടി. ‘സിനിമ സൂ…..പ്പര്‍, മമ്മൂക്കക്ക് ബിഗ് സല്യൂട്ട്, ജ്യോതിക കിടു, ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ സമ്മാനിച്ച ജിയോ ബേബിക്ക് അഭിവാദ്യങ്ങള്‍. തങ്കനും ചാച്ചനും പൊളി. ഫെമിയും അമീറ വക്കീലും സജിത വക്കീലും അടിപൊളി.
ഛായാഗ്രഹണവും പശ്ചാത്തല സംഗീതവും ഗാനങ്ങളും കിടിലന്‍.’ ആശങ്കകളുടെ കാര്‍മേഘങ്ങള്‍ ഒഴിഞ്ഞ് ഞാന്‍ ആഹ്ലാദവാനാകുന്നു. തുടര്‍ന്നുള്ള ദിവസങ്ങളിലും ഇതേ അനുഭവം ആവര്‍ത്തിക്കപ്പെടുന്നു. കാണികള്‍ കാതലിനെ ഹൃദയത്തിലേറ്റുന്ന കാഴ്ചകള്‍. കോഴിക്കോട് കൈരളിയില്‍ നിന്ന് ഞങ്ങള്‍ സിനിമ കണ്ട് ഇറങ്ങുമ്പോള്‍ ‘ ബാല്‍ക്കണിയില്‍ നിന്നുള്ള ഒരു യുവാവിന്റെ ‘ചാച്ചാ’ വിളിയും കോട്ടക്കലില്‍ വച്ച് ‘ങ്ങള് ഇതുവരെ ഏടെയാര്ന്ന്, ചങ്ങായി.’ ചോദ്യവും ഇതെഴുതുമ്പോഴും ചെവിയില്‍ മുഴങ്ങുന്നു.
ചന്ദ്രന്‍ കുഞ്ഞിനെ, ചന്ദ്രനണ്ണനെ, മാമനെ, പണിക്കര്‍ മാമനെ, പണിക്കരെ, പണിക്കര്‍ സാറിനെ, പണിക്കരേട്ടനെ, ആര്‍. എസ്. പണിക്കരെ, വെള്ളിത്തിരയില്‍ കണ്ട് അഭിനന്ദിക്കാനും ആശംസിക്കാനുമാണ് എന്റെ സഹോദരിമാരും, ഉറ്റബന്ധുക്കളും, സ്‌നേഹിതരും, യൂണിവേഴ്‌സിറ്റി സഹപ്രവര്‍ത്തകരും, നാട്ടുകാരും, ബാല്യകാല കൂട്ടുകാരും, പരിചയക്കാരും, അഭ്യുദയകാംക്ഷികളും പതിറ്റാണ്ടുകള്‍ക്ക് ശേഷം തിയേറ്ററില്‍ പോയി സിനിമ കാണുന്നത്.
ശാരീരികാവശതകള്‍ മറന്ന് പണിക്കര്‍ അഭിനയിച്ച സിനിമ കാണണമെന്ന് വാശിപിടിച്ച് മക്കളുടെയും വാക്കറിന്റേയും സഹായത്തോടെ സിനിമ കണ്ട് മനസ് നിറഞ്ഞ് അഭിനന്ദനങ്ങള്‍ അറിയിച്ച ആത്മ ബന്ധങ്ങളുടെ സ്‌നേഹ വാത്സല്യങ്ങള്‍ക്ക് മുന്നില്‍ എന്റെ ഹൃദയം വിങ്ങുന്നു. അതേസമയം വിദേശ രാജ്യങ്ങളില്‍ കഴിയുന്ന സുഹൃത്തുക്കളുടെ മക്കള്‍ ‘പണിക്കര്‍ മാമ… ഗംഭീരമായിരിക്കുന്നു’ എന്ന് എന്നെ വിളിച്ച് പറയുമ്പോള്‍ എന്റെ ഹൃദയം സന്തോഷംകൊണ്ട് ത്രസിക്കുന്നു.
IFFK യുടെ ”മലയാള സിനിമ ഇന്ന്” വിഭാഗത്തില്‍ 10-12-23 ന് ‘കാതല്‍ തിരുവനന്തപുരം കൈരളി തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ പ്രേക്ഷകരുടെ അഭൂതപൂര്‍വ്വമായ ആള്‍കൂട്ടമാണ് ഉണ്ടായത്. ഡെലിഗേറ്റുകള്‍, സെലിബ്രിറ്റികള്‍, സാധാരണ പ്രേക്ഷകര്‍, സിനിമാ നിരൂപകര്‍, വാര്‍ത്താ-ദൃശ്യ മാധ്യമങ്ങള്‍, സാഹിത്യ- കലാ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ തിങ്ങി നിറഞ്ഞ സദസ് ‘കാതലിനെ’ നിറഞ്ഞ മനസ്സോടെ സ്വീകരിക്കുകയും തുറന്ന് അഭിനന്ദിക്കുകയും ചെയ്തു.
LGBTQ വിഭാഗം സുഹൃത്തുക്കള്‍ ആവേശപൂര്‍വ്വം ഒരുക്കിയ സ്വീകരണവും ഹൃദയാവര്‍ജകമായി. ഡയറക്ടര്‍ക്കും ടീമിനുമൊപ്പം ‘ചരിത്ര വിജയത്തിന്റെ’ ഒരു ഭാഗമായി പ്രേക്ഷകര്‍ക്ക് മുന്നില്‍ നില്‍ക്കാന്‍ കഴിഞ്ഞത് ജീവിതത്തിലെ ഒരു അഭിമാന നിമിഷമായി ഞാന്‍ വിലമതിക്കുന്നു. പഴയ കാലസുഹൃത്തുക്കള്‍ എന്റെ ഫോണ്‍ നമ്പര്‍ തെരഞ്ഞ് പിടിച്ച് വിളിച്ച് അഭിനന്ദിക്കുമ്പോള്‍ എന്റെ ഹൃദയം തരളിതമാകുന്നു. എല്ലാവര്‍ക്കും നന്ദി, സ്‌നേഹം, നമസ്‌ക്കാരം, കടപ്പാട്. കാതല്‍.
Content Highlight: R S Panicker’s Facebook Post About Kaathal Movie