[share]
[] തിരുവനന്തപുരം: ഇടതുമുന്നണി വിട്ട് യു.ഡി.എഫിലേക്ക് പോയ ആര്‍.എസ്.പിയുടേത് രാഷ്ട്രീയ വഞ്ചനയാണെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍.
കൊല്ലം സീറ്റ് ആര്‍.എസ്.പിയില്‍ നിന്ന് പിടിച്ചു വാങ്ങിയെന്ന് പറയുന്നത് വാസ്തവമല്ലെന്നും അദ്ദേഹം പറഞ്ഞു. ഇടതുമുന്നണി യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ മൂന്നു പാര്‍ലമെന്റ് തിരഞ്ഞെടുപ്പുകളിലും കൊല്ലത്ത് നിന്ന് മത്സരിച്ചത് സി.പി.ഐ.എം സ്ഥാനാര്‍ഥികളാണ്. അതിനാല്‍ സീറ്റ് ആര്‍.എസ്.പിയില്‍ നിന്ന് തട്ടിയെടുത്തുവെന്ന പ്രചരണം അടിസ്ഥാനരഹിതമാണ്.
ആര്‍.എസ്.പി യു.ഡി.എഫിലേക്ക് പോയത് മുന്‍കൂട്ടി രചിച്ച തിരക്കഥയുടെ അടിസ്ഥാനത്തിലാണ്. രണ്ട് എല്‍.ഡി.എഫ് എം.എല്‍.എമാര്‍ യു.ഡി.എഫില്‍ വരുമെന്ന് ചില യു.ഡി.എഫ് നേതാക്കള്‍ മുമ്പ് പറഞ്ഞത് ഇതുമായി കൂട്ടിവായിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
എല്‍.ഡി.എഫിനെ ചതിച്ചുകൊണ്ടാണ് ആര്‍.എസ്.പി യു.ഡി.എഫിലേക്ക് പോയത്. ഘടകക്ഷിയെന്ന നിലയില്‍ ചര്‍ച്ചയ്ക്കുള്ള രാഷ്ട്രീയ മര്യാദ പോലും ആര്‍.എസ്.പി കാണിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.
കൊല്ലം സീറ്റ് സംബന്ധിച്ച് ആര്‍.എസ്.പി മുന്നോട്ട് വെച്ച കാര്യങ്ങളെക്കുറിച്ച് സി.പി.ഐ.എം ഉഭയകക്ഷി ചര്‍ച്ച നടത്തിയെങ്കിലും ചര്‍ച്ചയുടെ തുടക്കത്തില്‍ തന്നെ തങ്ങളുടെ നിലപാട് പ്രഖ്യാപിച്ച് ആര്‍.എസ്.പി നേതാക്കള്‍ മടങ്ങിപ്പോവുകയായിരുന്നു.
തുടര്‍ന്ന് മാധ്യമങ്ങളോട് തങ്ങള്‍ ഇനി എല്‍.ഡി.എഫില്‍ ഇല്ല എന്ന് പ്രഖ്യാപിക്കുകയായിരുന്നുവെന്നും പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാമെന്ന് അറിയിച്ചിരുന്നുവെങ്കിലും അവര്‍ തയ്യാറായില്ലെന്നും അദ്ദേഹം വ്യക്തമാക്കി.