യുവാക്കളുടെ ആത്മാര്‍ഥ സേവനം കാലത്തിനാവശ്യം: കാന്തപുരം
Pravasi
യുവാക്കളുടെ ആത്മാര്‍ഥ സേവനം കാലത്തിനാവശ്യം: കാന്തപുരം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 18th October 2013, 10:34 am

[]മിന (മക്ക) : പ്രകടനപരതക്കപ്പുറം ആത്മാര്‍ഥ സേവനവും സമര്‍പ്പണവുമാണ് കാലം തേടുന്നതെന്നും, അതിലൂടെ മാത്രമേ സ്രഷ്ടാവിന്റെ പ്രീതി കൈവരിക്കാനാവുകയുള്ളൂവെന്നും അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു.

പ്രവാചകര്‍ ഇബ്രാഹിം നബി (അ) ന്റെ വിളിയാളം കേട്ട് ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്ന് വിശുദ്ധ ഹജ്ജ് കര്‍മ്മത്തിനെത്തിയ കാല്‍ കോടിയോളം വരുന്ന വിശ്വാസികള്‍ക്ക് സേവനം ചെയ്യാന്‍ സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളില്‍ നിന്നെത്തിയ രിസാല സ്റ്റഡി സര്‍ക്കിള്‍ വളണ്ടിയര്‍മാരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

എം.എസ്.ഓ ഇന്ത്യ നാഷണല്‍ ട്രഷറര്‍ സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, ആര്‍.എസ്.സി സൗദി നാഷണല്‍ വൈസ് ചെയര്‍മാന്‍ അബ്ദുല്‍ ബാരി പെരിമ്പലം, ജനറല്‍ കണ്‍വീനര്‍ അബ്ദുല്‍ റഹീം കോട്ടക്കല്‍, വളണ്ടിയര്‍ കോര്‍ഡിനേറ്റര്‍ ഇഹ്തിഷാം തലശ്ശേരി,

ഐ.സി.എഫ് സൗദി നാഷണല്‍ കണ്‍വീനര്‍ അബ്ദുല്‍ ജലീല്‍ വെളിമുക്ക്, ഹജ്ജ് വളണ്ടിയര്‍ കോര്‍ ചെയര്‍മാന്‍ അബ്ദുല്‍ന്നാസര്‍ അന്‍വരി തുടങ്ങിയര്‍ ചടങ്ങില്‍ സംബന്ധിച്ചു.

വിശുദ്ധ ഹജ്ജ് നിര്‍വ്വഹിക്കുന്നതിന് തീര്‍ഥാടകര്‍ മക്കയിലേക്ക് എത്തി തുടങ്ങിയത് മുതല്‍ തന്നെ ആര്‍.എസ്.സി വളണ്ടിയര്‍മാര്‍ സേവന സജ്ജരായി നിലയുറപ്പിച്ചിരുന്നു. ഹാജിമാര്‍ കൂടുതല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന അറഫ, മിന, മുസ്ദലിഫ എന്നിവടങ്ങളില്‍ സേവനമര്‍പ്പിക്കുന്നതിനാണ് കൂടുതര്‍ സന്നദ്ധ സേവകര്‍ എത്തിയത്.

ഹജ്ജ് സേവനത്തിന് സന്നദ്ധരായ പ്രവര്‍ത്തകര്‍ക്ക് ആരാധനകളിലും, വഴിയടയാളങ്ങളിലും ശരിയായ വിധത്തില്‍ ഹാജിമാര്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുന്നതിനാവശ്യമായ പരിശീലന പരിപാടികള്‍ മാസങ്ങള്‍ക്ക് മുന്‍പേ തുടങ്ങിയിരുന്നു.  പ്രധാന കേന്ദ്രങ്ങളും റോഡും രേഖപ്പെടുത്തി പ്രവര്‍ത്തകര്‍ രൂപകല്പന ചെയ്ത ഭൂപടം വളണ്ടിയര്‍ സേവനങ്ങള്‍ എളുപ്പമാക്കി.

മിനായില്‍ സന്നദ്ധ സേവകര്‍ക്ക് വ്യത്യസ്ത അനുഭവങ്ങളാണ് പങ്കുവെക്കാനുള്ളത്.  വഴി തെറ്റിയും കൂട്ടം തെറ്റിയും വിഷമിച്ചവരെ, ക്ഷമാപൂര്‍വ്വം അനുധാവനം ചെയ്ത് ലക്ഷ്യസ്ഥാനത്തെത്തിച്ച സന്നദ്ധ പ്രവര്‍ത്തകരെ തലയില്‍ കൈ വെച്ച് അനുഗ്രഹിച്ചതും കണ്ണീരോടെ പ്രാര്‍ഥിച്ചതും വലിയ സന്തോഷത്തോടെയാണ് വളണ്ടിയര്‍മാര്‍ സ്വീകരിച്ചത്.

മലയാളി ഹാജിമാര്‍ക്ക് പുറമെ, ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്കും മറ്റു രാജ്യങ്ങളില്‍ നിന്നുള്ള  ഹാജിമാര്‍ക്കും ആര്‍ എസ് സി വളണ്ടിയര്‍മാരുടെ സേവനം അനുഗ്രഹമായി. വിവിധ ഭാഷാ പ്രാവീണ്യമുള്ള വളണ്ടിയര്‍മാര്‍ ഉള്‍ക്കൊള്ളുന്ന അറുപത്തിനാല് ടീമുകള്‍ മൂന്ന് ഷിഫ്റ്റായാണ് സേവനത്തിനിറങ്ങിയത്.