വാഗമണിലെ ഋതംഭര ഇക്കോ സ്പിരിച്വല്‍ കമ്മ്യൂണില്‍ നടന്‍ മോഹന്‍ലാല്‍ സന്ദര്‍ശനം നടത്തിയതിനെക്കുറിച്ചുള്ള അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് വൈസ് ചെയര്‍മാനും എഴുത്തുകാരനുമായ ആര്‍. രാമാനന്ദ്. മോഹന്‍ലാല്‍ സന്ദര്‍ശനം നടത്തി പോയതിന് ശേഷവും അവിടെയുള്ളവര്‍ക്ക് അത് വിശ്വസിക്കാന്‍ കഴിയാത്ത പോലെയായിരുന്നെന്നും രാമാനന്ദ് പറയുന്നു.
മോഹന്‍ലാല്‍ സന്ദര്‍ശനം നടത്തിയതിന്റെ ചിത്രങ്ങളടക്കമാണ് രാമാനന്ദ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. രണ്ട് മണിക്കൂറോളം ചുരം കയറിയുള്ള യാത്ര വേണം ഋതംഭരം എത്താന്‍ എന്ന് അറിയിച്ചപ്പോള്‍ അതൊന്നും കുഴപ്പമില്ലെന്ന രീതിയിലായിരുന്നു മോഹന്‍ലാല്‍ മറുപടി നല്‍കിയതെന്നും രാമാനന്ദ് പറയുന്നു.
”ഏതാണ്ട് രണ്ടു മണിക്കൂര്‍ ദൂരം ചുരം കയറി വാഗമണ്‍ താണ്ടി പശുപാറയില്‍ എത്തണം ലാലേട്ടന് കുളമാവില്‍ നിന്ന് ഋതംഭര വരെ എത്താന്‍. എന്നോട് ചോദിച്ചു എത്ര ദൂരം ഉണ്ടാകും? ഞാന്‍ പറഞ്ഞു ഒരുപാട് ദൂരം ഉണ്ട് ലാലേട്ടാ, ഷൂട്ടിംഗ് തിരക്കിനിടയില്‍ അത്ര ദൂരം സഞ്ചരിക്കണോ? ഒരുപാട് ദൂരം എന്ന പറഞ്ഞാല്‍ എത്ര ദൂരം? രണ്ടുമണിക്കൂര്‍ മൂന്നുമണിക്കൂര്‍. അതൊക്കെ ഇഷ്ടമുണ്ടെങ്കില്‍ വരാമല്ലോ എന്നായിരുന്നു ലാലേട്ടന്റെ മറുപടി,” രാമാനന്ദ് പറഞ്ഞു.
”ശരി ലാലേട്ടാ. പ്രാതലിന് എന്ത് കരുതണം? ഏയ് ഒന്നും കരുതണ്ട കഞ്ഞി എങ്കില്‍ കഞ്ഞി, എനിക്കുവേണ്ടി ഒന്നും ഒരുങ്ങണ്ട! ലാലേട്ടന്‍ കൃത്യസമയത്ത് എത്തി, പ്രാതലുണ്ടു, നമ്മുടെ മുഴുവന്‍ സ്ഥലവും കാടും, മേടും, മലയും, ഏല ചോലയും, വനചോലയും, വെള്ള ചാട്ടവും, നടന്നു കണ്ടു, എല്ലാ ദുര്‍ഘടമേറിയ സ്ഥലങ്ങളിലും ഒരു കുഞ്ഞിന്റെ ഉത്സാഹവും, ആകാംഷയും, ചുറുചുറുക്കും കൊണ്ട് നടന്നു തീര്‍ത്തു,” രാമാനന്ദന്‍ മോഹന്‍ലാലുമൊത്തുള്ള അനുഭവങ്ങള്‍ പറഞ്ഞു.
അദ്ദേഹം വന്ന് പോയതിന് ശേഷവും അവിടെയുള്ളവര്‍ക്കാര്‍ക്കും അത് വിശ്വസിക്കാന്‍ സാധിക്കാത്ത അവസ്ഥയായിരുന്നെന്നും രാമാനന്ദ് കൂട്ടിച്ചേര്‍ത്തു. ”ലാലേട്ടന്‍ വന്നു പോയപ്പോള്‍ എല്ലാവരും സംശയത്തോടെ ചോദിച്ചു… ഇപ്പോള്‍ ഇവിടെ വന്നു പോയത് ‘മോഹന്‍ലാല്‍’ തന്നെയല്ലേ? എനിക്കിന്നും അതിനുത്തരമില്ല,” അദ്ദേഹം പറഞ്ഞു.
ഋതംഭര ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴി ലാണ് ഋതംഭര ഇക്കോ സ്പിരിച്വല്‍ കമ്മ്യൂണ്‍. ഇടുക്കിയില്‍ 11 ഏക്കറോളം ഭൂമിയിലാണ് ഇത് പടര്‍ന്ന് കിടക്കുന്നത്. ഡോ. ശ്രീനാഥ് കരയാട്ട് ആണ് ഇതിന്റെ ചെയര്‍മാന്‍.