കോഴിക്കോട്: മാധ്യമരംഗത്തെ കുത്തകവത്ക്കരണം വര്‍ഷങ്ങള്‍ക്ക് മുമ്പേ ഉള്ളതാണെന്നും കഴിഞ്ഞ പത്ത് വര്‍ഷമായി അതിന്റെ മുഴുവന്‍ അതിരുകളും ലംഘിക്കപ്പെടുകയാണ് ദി ടെലിഗ്രാഫ് അറ്റ് ലാര്‍ജ് എഡിറ്റര്‍ ആര്‍. രാജഗോപാല്‍. മാധ്യമങ്ങള്‍ അധികാരത്തെയും അധികാരികളെയും ഭയപ്പെടേണ്ടതില്ലെന്നും ആര്‍. രാജഗോപാല്‍ പറഞ്ഞു.
കേബിള്‍ ടി.വി ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തില്‍ നടന്ന സെമിനാറില്‍ സംസാരിക്കുകയായിരിക്കുന്നു അദ്ദേഹം. ‘മാധ്യമങ്ങള്‍ അധികാര താത്പര്യങ്ങള്‍ക്ക് വഴങ്ങുന്നുവോ’ എന്ന വിഷയത്തിലായിരുന്നു അസോസിയേഷന്‍ സെമിനാര്‍ സംഘടിപ്പിച്ചത്.
ജയില്‍ കാണിച്ച് മാധ്യമപ്രവര്‍ത്തകരെ പേടിപ്പിക്കുന്നത് വെറുതെയാണെന്നും മിക്ക മാധ്യമ സ്ഥാപനങ്ങളുടെയും ഉടമകള്‍ ജയില്‍ വാസം അനുഭവിച്ചിട്ടുണ്ടെന്നും ശേഷം തിരിച്ചുവന്ന് മാധ്യമപ്രവര്‍ത്തനം നടത്തുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവില്‍ ഇന്ത്യയിലെ മാധ്യമങ്ങള്‍ ആവശ്യത്തിനും അനാവശ്യത്തിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബി.ജെ.പിയെയും പുകഴ്ത്തുകയാണെന്ന് രാജഗോപാല്‍ വിമര്‍ശിച്ചു. എല്ലാവരും അധികാരികള്‍ക്ക് കീഴ്‌പ്പെടുത്തുന്ന അവസ്ഥയാണ് നിലവിലുള്ളതെന്നും ആര്‍. രാജഗോപാല്‍ പറഞ്ഞു.
പരിധികള്‍ ഉണ്ടായിട്ടും അതിനുള്ളില്‍ നിന്നുകൊണ്ട് പ്രവര്‍ത്തിക്കാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്ന് ഏഷ്യാനെറ്റ് ന്യൂസ് അസി. എക്‌സിക്യൂട്ടീവ് എഡിറ്റര്‍ വിനു വി. ജോണ്‍ ചൂണ്ടിക്കാട്ടി.
രാജ്യത്തെ അധികാര സ്ഥാപനങ്ങളെല്ലാം മാധ്യമങ്ങള്‍ക്ക് മേല്‍ അധികാരം പ്രയോഗിക്കാന്‍ ആഗ്രഹിക്കുന്നവരാണെന്ന് മനോരമ ന്യൂസ് ഡയറക്ടര്‍ ജോണി ലൂക്കോസ് പറഞ്ഞു. സ്വതന്ത്ര മാധ്യമങ്ങളെ കേന്ദ്ര സര്‍ക്കാര്‍ വരിഞ്ഞുമുറുക്കുകയാണെന്ന് റിപ്പോട്ടര്‍ ടി.വി എഡിറ്റര്‍ ഇന്‍ ചീഫ് എം.വി. നികേഷ് കുമാറും ചൂണ്ടിക്കാട്ടി.