|

കളക്ഷന്‍ റെക്കോഡുകള്‍ ഭേദിച്ച് ആര്‍.ആര്‍.ആര്‍; താഴെ വീണതില്‍ ദി കശ്മീര്‍ ഫയല്‍സിന്റെ 200 കോടിയും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബാഹുബലിക്ക് ശേഷം രാജമൗലിയുടെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം എന്ന വന്‍ പ്രീ റിലീസ് ഹൈപ്പോടെയാണ് ആര്‍.ആര്‍.ആര്‍ എത്തിയത്. ഒപ്പം തെലുങ്കിലെ രണ്ട് സൂപ്പര്‍ സ്റ്റാറുകളായ രാംചരണും ജൂനിയര്‍ എന്‍.ടി.ആറും ആദ്യമായി ഒന്നിച്ചപ്പോള്‍ ആരാധകരുടെ ആവേശം ഇരട്ടിയായി.

മാര്‍ച്ച് 25 ന് റിലീസിന് പിന്നാലെ റെക്കോഡ് കളക്ഷനാണ് ആര്‍.ആര്‍.ആര്‍ നേടുന്നത്. ആദ്യദിനം തന്നെ 200 കോടിയിലധികമാണ് ചിത്രം ലോകമെമ്പാടുനിന്നും കളക്ട് ചെയ്തത്.

തെലുങ്ക് പതിപ്പ് മാത്രം ആദ്യദിനം നേടിയത് 127 കോടി രൂപയാണ്. ഹിന്ദി പതിപ്പ് 23 കോടിയും കന്നഡ പതിപ്പ് 16 കോടിയും തമിഴ് പതിപ്പ് 9.50 കോടിയും മലയാളം പതിപ്പ് 4 കോടിയും ആദ്യദിനം നേടി.

അടുത്തിടെ പുതിയ റെക്കോഡുകള്‍ സൃഷ്ടിച്ച ദി കശ്മീര്‍ ഫയല്‍സിനേയും കളക്ഷന്റെ കാര്യത്തില്‍ ആര്‍.ആര്‍.ആര്‍ മറികടന്നിരിക്കുകയാണ്. കൊവിഡ് മഹാമാരിക്ക് ശേഷം ഏറ്റവും വേഗത്തില്‍ 200 കോടി കടന്ന ഇന്ത്യന്‍ ചിത്രം എന്ന റെക്കോഡ് ദി കശ്മീര്‍ ഫയല്‍സ് സ്വന്തമാക്കിയിരുന്നു.

മാര്‍ച്ച് 11 തിയേറ്ററുകളിലെത്തി രണ്ടാഴ്ച കൊണ്ട് ദി കശ്മീര്‍ ഫയല്‍സ് നേടിയ റെക്കോഡ് ഒറ്റദിവസം കൊണ്ടാണ് ആര്‍.ആര്‍.ആര്‍ മറികടന്നത്.

കൂടാതെ യു.എസ്, യു.കെ, ഓസ്ട്രേലിയ, കാനഡ, ഗള്‍ഫ് മേഖലകളിലെല്ലാം മികച്ച ബുക്കിംഗ് ആണ് ആര്‍.ആര്‍.ആറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ആദ്യദിനത്തിലെ വിദേശ കളക്ഷന്‍ മാത്രം 70 കോടിയോളം വരും. ഇതെല്ലാം ചേര്‍ത്ത് ചിത്രം നേടിയ ആദ്യദിന ആഗോള ഗ്രോസ് 250 കോടിക്ക് അടുത്ത് വരും. എന്നാല്‍ ഔദ്യോഗിക കണക്കുകള്‍ ഇതുവരെ പുറത്ത് വന്നിട്ടില്ല.

അജയ് ദേവ്ഗണ്‍, അലിയ ഭട്ട്, ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍, ശ്രിയ ശരണ്‍ എന്നിവരാണ് ആര്‍.ആര്‍.ആറില്‍ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവകരിപ്പിച്ചിരിക്കുന്നത്.

അച്ഛന്‍ കെ. വി വിജയേന്ദ്ര പ്രസാദിന്റെ കഥയ്ക്ക് രാജമൗലി തന്നെയാണ് തിരക്കഥയൊരുക്കിയത്. ഡി.വി.വി എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ഡി.വി.വി ദാനയ്യയാണ് ചിത്രത്തിന്റെ നിര്‍മാണം.

Content Highlight: R.R.R. breaks collection records of the kashmir files