ചെന്നൈയില്‍ മേയറാകാന്‍ ഡി.എം.കെയുടെ 28കാരിയായ ദളിത് യുവതി
national news
ചെന്നൈയില്‍ മേയറാകാന്‍ ഡി.എം.കെയുടെ 28കാരിയായ ദളിത് യുവതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 3rd March 2022, 4:26 pm

ചെന്നൈ: ചെന്നൈ കോര്‍പ്പറേഷന്റെ മേയര്‍ സ്ഥാനാര്‍ത്ഥിയായി ദളിത് യുവതിയെ നാമനിര്‍ദേശം ചെയ്ത് ഡി.എം.കെ. പ്രിയ(28)യാണ് ഡി.എം.കെയുടെ ചെന്നൈ കോര്‍പ്പറേഷനിലെ മേയര്‍ സ്ഥാനാര്‍ത്ഥി.

ചെന്നൈ കോര്‍പ്പറേഷനില്‍ കൗണ്‍സിലര്‍ സ്ഥാനം നേടിയ നിരവധി യുവ സ്ഥാനാര്‍ത്ഥികളില്‍ ഒരാളാണ് പ്രിയ. ഡി.എം.കെയുടെ സഖ്യകക്ഷിയായ സി.പി.ഐ.എമ്മിലെ പ്രിയദര്‍ശിനി(21) ആണ് ഏറ്റവും പ്രായം കുറഞ്ഞ ജനപ്രതിനിധി.

കോര്‍പ്പറേഷനില്‍ ഡി.എം.കെക്ക് ഭൂരിപക്ഷമുള്ളതിനാല്‍ പ്രിയ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടും. അതോടെ ചെന്നൈ കോര്‍പ്പറേഷനിലെ ഏറ്റവും പ്രായം കുറഞ്ഞ വനിത മേയര്‍ പ്രിയയാകും. ചെന്നൈ കോര്‍പ്പറേഷന്‍ ചരിത്രത്തിലെ മൂന്നാമത്തെ വനിതാ മേയറാണ് പ്രിയ.

താര ചെറിയാന്‍, കാമാക്ഷി ജയരാമന്‍ എന്നിവരാണ് ഇതിന് മുമ്പ് കോര്‍പ്പറേഷന്‍ മേയര്‍ പദവി വഹിച്ച വനിതകള്‍. തിരുവികാ നഗര്‍ സ്വദേശിയായ പ്രിയ കോര്‍പ്പറേഷനിലെ 74ാം വാര്‍ഡില്‍ നിന്നാണ് മത്സരിച്ച് വിജയിച്ചത്.

അതേസമയം, തമിഴ്നാട്ടില്‍ അടുത്തിടെ നടന്ന നഗരസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി, പട്ടികജാതി സ്ത്രീക്ക് സ്ഥാനം സംവരണം ചെയ്തുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.