Sports News
ലോക ചാമ്പ്യനെ മലര്‍ത്തിയടിച്ച് ആര്‍. പ്രഗ്‌നാനന്ദ; വിശ്വനാഥന്‍ ആനന്ദിനെയും മറികടന്ന് ചരിത്ര നേട്ടം സ്വന്തമാക്കി
സ്പോര്‍ട്സ് ഡെസ്‌ക്
2024 Jan 17, 04:54 am
Wednesday, 17th January 2024, 10:24 am

നടന്നുകൊണ്ടിരിക്കുന്ന ടാറ്റ സ്റ്റീല്‍ ചെസ്റ്റ് ടൂര്‍ണമെന്റില്‍ ലോക ചെസ് ചാമ്പ്യന്‍ ഡിങ് ലിറനെ തോല്‍പ്പിച്ച് ചരിത്രം കുറിച്ചിരിക്കുകയാണ് ഇന്ത്യന്‍ യുവ ചെസ്സ് താരം ആര്‍. പ്രഗ്‌നാനന്ദ. ചൈനയുടെ ലോക ചാമ്പ്യനായ ലിറന്‍ അപ്രതീക്ഷിതമായിട്ടാണ് ഈ 18 കാരനോട് തോല്‍വി വഴങ്ങിയത്. ഇന്ത്യയുടെ ഒന്നാം റാങ്ക് ഗ്രാന്‍ഡ് മാസ്റ്ററായ വിശ്വനാഥന്‍ ആനന്ദിനെ മറികടന്നാണ് പ്രഗ്‌നാനന്ദ ഒന്നാം റാങ്ക് സ്വന്തമാക്കിയത്.

ഇന്ത്യ ചെസ് താരം, പേര്, റേറ്റിങ്

1 – പ്രഗ്‌നാനന്ദ – 2748.3

2 – വിശ്വനാഥന്‍ ആനന്ദ് 2748

3 വിദിത് ഗുജറാത്തി 2742.2

4 അര്‍ജുന്‍ എറിഗൈസി 2738

നിലവില്‍ ലോക ചെസ്സ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് മാഗ്‌നസ് കാള്‍സണ്‍ ആണ്. നാലാം സ്ഥാനത്തുള്ള ഡിങ് ലിറനെ തോല്‍പ്പിച്ചുകൊണ്ട് റാങ്കിങ്ങില്‍ പതിനൊന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് പ്രഗ്‌നാനന്ദ. നിലവില്‍ പന്ത്രണ്ടാം സ്ഥാനത്താണ് വിശ്വനാഥന്‍ ആനന്ദ്.

‘ഞാന്‍ വളരെ എളുപ്പത്തില്‍ സമനില നേടി എന്നാണ് കരുതിയത്, പിന്നീട് എങ്ങനെയോ അദ്ദേഹത്തിന് കാര്യങ്ങള്‍ കൈവിട്ടു പോയി. നിങ്ങള്‍ ഒരു ശക്തനായ കളിക്കാരനെ പരാജയപ്പെടുത്തുകയാണെങ്കില്‍ അത് എല്ലായിപ്പോഴും സവിശേഷമാണ്. കാരണം അവരെ തോല്‍പ്പിക്കുന്നത് അത്ര എളുപ്പമല്ല. ക്ലാസിക്കല്‍ ചെസില്‍ ആദ്യമായി ഒരു ലോക ചാമ്പ്യനെതിരെ വിജയിക്കുന്നത് സന്തോഷമുള്ള കാര്യമാണ്,’പ്രഗ്‌നാനന്ദ ചെസ്സ് ഡോട്ട്.കോമിനോട് പറഞ്ഞു.

 

Content Highlight: R. Pragnananda is the number one Indian