|

തമിഴിലെ ആ സൂപ്പര്‍ സ്റ്റാറിന്റെ സിനിമകളില്‍ ചെറിയ ചെറിയ വേഷങ്ങള്‍ കൊടുത്തുകൊണ്ടാണ് വിജയിയെ ഹീറോ ആക്കുന്നത്: പാര്‍ത്ഥിപന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടനായും നിര്‍മാതാവായും സംവിധായകന്‍ എന്ന നിലയിലും അറിയപ്പെടുന്ന ആളാണ് പാര്‍ത്ഥിപന്‍. മൂന്ന് തവണ ഇന്ത്യന്‍ ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവായ അദ്ദേഹം 72ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 15 സിനിമകള്‍ സംവിധാനം ചെയ്യുകയും 12 സിനിമകള്‍ അദ്ദേഹം നിര്‍മിക്കുകയും ചെയ്തിട്ടുണ്ട്.

രജിനികാന്തിന്റെ കോള്‍ ഷീറ്റ് കിട്ടാതിരുന്ന ഒരു സംവിധായകന്‍ അവസാനം തന്നോട് വന്ന് സിനിമ ചെയ്യാമെന്ന് പറയുകയായിരുന്നെന്നും എന്നാല്‍ തനിക്ക് നായകനായി ഉടനടി ആളുകളുടെ മുന്നിലേക്ക് എത്തിയാല്‍ അവര്‍ സ്വീകരിക്കുമോ എന്നുള്ള സംശയമുണ്ടായിരുന്നതായായും പാര്‍ത്ഥിപന്‍ പറയുന്നു.

വിജയിയെ പോലും ഹീറോ ആക്കാന്‍ വേണ്ടി അദ്ദേഹത്തിന്റെ അച്ഛന്‍ ആദ്യം വിജയകാന്തിന്റെ സിനിമകളില്‍ ചെറിയ ചെറിയ വേഷങ്ങളില്‍ വിജയിയെ അവതരിപ്പിക്കുകയായിരുന്നെന്നും പാര്‍ത്ഥിപന്‍ കൂട്ടിച്ചേര്‍ത്തു. സിനിമയിലേക്ക് ഹീറോ ആയി വരുക എന്നത് വലിയ കാര്യമാണെന്നും ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ പാര്‍ത്ഥിപന്‍ പറയുന്നു.

‘ബാബുജി എന്ന് പറയുന്നൊരു പ്രൊഡ്യൂസര്‍ ഉണ്ടായിരുന്നു. അദ്ദേഹം രജിനി സാറിനെ വെച്ച് ഗര്‍ജനൈ എന്ന സിനിമയൊക്കെ എടുത്തിട്ടുണ്ട്. അവര്‍ രജിനി സാറിന്റെ അടുത്ത് ഒരു കോള്‍ ഷീറ്റിന് വേണ്ടിയിട്ട് കുറെയായി നടക്കുന്നു. രജിനി സാറിന്റെ ഡേറ്റ് ആണെങ്കില്‍ ഒന്നും ശരിയാകുന്നുമില്ല.

ഒരു ദിവസം ദേഷ്യം വന്നിട്ട് അദ്ദേഹം എന്റെയടുത്ത് വന്നു. അപ്പോള്‍ മൂര്‍ത്തി എന്നായിരുന്നു എന്റെ പേര്. മൂര്‍ത്തി നീ തന്നെ ഒരു സിനിമയില്‍ അഭിനയിക്ക്, നമുക്കൊരു സിനിമ ചെയ്യാം, ഒരു കഥ പറയൂ എന്ന് അദ്ദേഹം എന്നോട് പറഞ്ഞു. അങ്ങനെ ഒരാഴ്ചകൊണ്ട് ഉണ്ടായ കഥയാണ് പുധേ പാടൈയുടേത്.

അപ്പോള്‍ എനിക്കുണ്ടായിരുന്ന സംശയം, നമ്മള്‍ ഉടനടി ആളുകളുടെ മുന്നില്‍ ഹീറോ ആയിട്ട് പോയി നിന്ന് കഴിഞ്ഞാല്‍ പ്രേക്ഷകര്‍ നമ്മളെ സ്വീകരിക്കുമോ എന്നുള്ളത് അറിയില്ല.

വിജയിയെ വരെ ഹീറോ ആക്കാന്‍ വേണ്ടി വിജയകാന്തിന്റെ സിനിമകളില്‍ ചെറിയ ചെറിയ വേഷങ്ങളില്‍ അവതരിപ്പിക്കുകയായിരുന്നു. അങ്ങനെയാണ് ഇപ്പോഴത്തെ രീതിയിലുള്ള ഹീറോയായി വിജയിയെ നമ്മള്‍ കാണുന്നത്. അപ്പോള്‍ ആ ആരംഭത്തെ പറ്റി എല്ലാവര്‍ക്കും ഒരു ഭയമുണ്ടാകും. എസ്. എ.സി (എസ്.എ ചന്ദ്രശേഖര്‍) എന്റെ അടുത്ത് വന്ന് പറഞ്ഞിട്ടുണ്ട് വിജയിക്ക് എന്റെ പടത്തില്‍ ചെറിയൊരു വേഷമെങ്കിലും കൊടുക്കാന്‍ വേണ്ടി. ഹീറോ ആയിട്ട് സിനിമയിലേക്ക് വരുക എന്ന് പറയുന്നത് തന്നെ വലിയ വിഷയമാണ്,’ പാര്‍ത്ഥിപന്‍ പറയുന്നു.

Content Highlight: R. Parthiban Talks About Vijay, Rajinikanth, and Vijayakanth