| Saturday, 1st June 2024, 9:56 am

ലോകകപ്പിൽ സഞ്ജു മൂന്നാം നമ്പറിൽ കളിക്കണം, രോഹിത്തിനൊപ്പം കോഹ്‌ലി ഓപ്പൺ ചെയ്യണം: മുൻ ഇന്ത്യൻ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ടി-20 ലോകകപ്പ് മാമാങ്കം ആരംഭിക്കാന്‍ ഇനി ഒരു ദിവസം മാത്രമേ ബാക്കിയുള്ളൂ. ജൂണ്‍ ഒന്നു മുതല്‍ യു.എസിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടക്കുന്ന ലോകകപ്പിനുള്ള തയ്യാറെടുപ്പിലാണ് രോഹിത് ശര്‍മയും സംഘവും.

ജൂണ്‍ അഞ്ചിന് അയര്‍ലാന്‍ഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഇതിനു മുന്നോടിയായുള്ള പരിശീലന മത്സരത്തില്‍ ഇന്ന് ഇന്ത്യ ബംഗ്ലാദേശിനെ നേരിടും.

ഇപ്പോഴിതാ ലോകകപ്പില്‍ ഇന്ത്യന്‍ ഓപ്പണിങ്ങില്‍ രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും കളിക്കണമെന്നും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരായ സഞ്ജു സാംസണിനെയും ഋഷഭ് പന്തിനെയും ഒരേസമയം പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തണമെന്നും പറഞ്ഞയിക്കുകയാണ് മുന്‍ ഇന്ത്യന്‍ പേസര്‍ ആര്‍.പി സിങ്. ഇന്ത്യ ടുഡേയുമായുള്ള അഭിമുഖത്തിലാണ് ആര്‍.പി സിങ് തന്റെ അഭിപ്രായം പറഞ്ഞത്.

‘ലോകകപ്പില്‍ ഇന്ത്യക്കായി വിരാട് കോഹ്‌ലി രോഹിത് ശര്‍മക്കൊപ്പം ഓപ്പണ്‍ ചെയ്യണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. സഞ്ജു സാംസണ്‍ മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യണം. നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവിനെയോ ഋഷഭ് പന്തിനെയോ കളിപ്പിക്കാം. ഹര്‍ദിക് പാണ്ഡ്യ അഞ്ചാം നമ്പറിലും എത്തണം. ഇന്ത്യന്‍ ടീമിന് ഇത്തരമൊരു ലൈനപ്പാണ് ലോകകപ്പില്‍ ആവശ്യം,’ ആര്‍.പി.സിങ് പറഞ്ഞു.

മുംബൈ ഇന്ത്യന്‍സ് നായകനും ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍ റൗണ്ടറുമായ ഹര്‍ദിക് പാണ്ഡ്യയെക്കുറിച്ചും മുന്‍ ഇന്ത്യന്‍ പേസര്‍ പറഞ്ഞു.

‘ഒരു കളിക്കാരന്‍ എന്ന നിലയില്‍ എന്താണ് പ്രധാനം? കഴിഞ്ഞ ഐ.പി.എല്ലില്‍ ഹര്‍ദിക് തന്റെ പരമാവധി ടീമിന് വേണ്ടി ചെയ്തു. അവന്‍ മത്സരത്തില്‍ നാല് ഓവര്‍ ബൗള്‍ ചെയ്യുന്നുണ്ട്. ഇത് വളരെ പ്രധാനമാണ്. ടീമിന്റെ ബാലന്‍സ് നിലനിര്‍ത്തണമെങ്കില്‍ ഹര്‍ദിക് പാണ്ഡ്യയുടെ പ്രകടനം വളരെയധികം നിര്‍ണായകമാകും. അദ്ദേഹം നേരത്തെ തന്നെ മികച്ച ഫോം കണ്ടെത്തിയാല്‍ അത് ടീമിന് വളരെയധികം ഉപകാരമാവും,’ മുന്‍ ഇന്ത്യന്‍ താരം കൂട്ടിച്ചേര്‍ത്തു.

Content Highlight: R.P Singh Talks About Indian Cricket team

We use cookies to give you the best possible experience. Learn more