| Friday, 15th July 2022, 4:34 pm

ടീമിന്റെ മൈന്‍ഡ്‌സെറ്റ് മാറ്റാന്‍ സമയമായി, അല്ലെങ്കില്‍ മത്സരം വിജയിക്കാന്‍ സാധിക്കില്ല; ഇന്ത്യന്‍ ടീമിന് ഉപദേശവുമായി മുന്‍ പേസ് ബൗളര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പര നടന്നുകൊണ്ടിരിക്കുകയാണ്. ആദ്യ മത്സരത്തില്‍ ഇന്ത്യ മികച്ച വിജയം സ്വന്തമാക്കിയരുന്നു. എന്നാല്‍ രണ്ടാം മത്സരത്തില്‍ മികച്ച വിജയം സ്വന്തമാക്കികൊണ്ട് ഇംഗ്ലണ്ട് തിരികെവരികെയായിരുന്നു.

രണ്ടാം മത്സരത്തിലും ടോസ് നേടി ബൗളിങ് തെരെഞ്ഞടുക്കുകയായിരുന്നു ക്യാപ്റ്റന്‍ രോഹിത് ശര്‍മ. രോഹിത്തിന്റെ തീരുമാനം ശരിവെക്കുന്ന രീതിയിലുള്ള പ്രകടനമായിരുന്നു ഇന്ത്യന്‍ ബൗളിങ് നിര നടത്തിയത്. ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ബാറ്റിങ് നിരയെ 246 റണ്‍സിന് പുറത്താക്കാന്‍ ഇന്ത്യന്‍ ബൗളിങ് നിരക്ക് സാധിച്ചിരുന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ തുടക്കത്തില്‍ തന്നെ പതറിയിരുന്നു. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ 10 പന്ത് നേരിട്ട് പൂജ്യനായി മടങ്ങുകയായിരുന്നു.

മുന്‍ ഇന്ത്യന്‍ പേസ് ബൗളറായ ആര്‍.പി. സിങിന്റെ അഭിപ്രായത്തില്‍ ഇന്ത്യന്‍ ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ കുറച്ചുകൂടെ ക്രീസില്‍ സമയം ചെലവഴിക്കണമെന്നാണ്.

ഏകദിന ഫോര്‍മാറ്റിലും എപ്പോഴും ബൗളര്‍മാരെ അറ്റാക്ക് ചെയ്യാന്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ ശ്രമിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഏകദിന ക്രിക്കറ്റില്‍, ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് വലിയ ഷോട്ടുകള്‍ കളിക്കുന്നതിന് മുമ്പ് അവരുടെ സമയമെടുക്കാന്‍ കഴിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യന്‍ ടീം മികച്ച പ്രകടനം പുറത്തെടുക്കണമെങ്കില്‍ ടോപ്പ് ഓര്‍ഡറിലെ വമ്പന്‍ താരങ്ങള്‍ വലിയ പങ്കുവഹിക്കേണ്ടിവരുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

‘ ഏകദിനത്തില്‍ കളിക്കുമ്പോള്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് മൈന്‍ഡ്‌സെറ്റ് മാറ്റേണ്ടതുണ്ട്. എല്ലാ ബൗളുകളും അറ്റാക്ക് ചെയ്തുകളിക്കാമെന്ന മെന്റാലിറ്റി ഈ ഫോര്‍മാറ്റില്‍ ശരിയാവില്ല. അവര്‍ക്ക് അവസാനം വരെ ബാറ്റ് ചെയ്യേണ്ടതുണ്ട്. ഇംഗ്ലണ്ട് കണ്ടീഷന്‍സില്‍ വാലറ്റക്കാര്‍ക്ക് മികച്ച പ്രകടനം നടത്താന്‍ സാധിക്കില്ല. മൂന്നാം മത്സരത്തില്‍ വിജയിക്കണമെങ്കില്‍ ടോപ് ഓര്‍ഡര്‍ മികച്ച പ്രകടനം നടത്തേണ്ടതുണ്ട്,’ ആര്‍.പി. സിങ് പറഞ്ഞു.

ഓള്‍ഡ് ട്രാഫോര്‍ഡ് ഗ്രൗണ്ടില്‍ ഞായാറാഴ്ച്ചയാണ് മൂന്നാമത്തെയും അവസാനത്തെയും ഏകദിന മത്സരം.

Content Highlights: R.P Singh says Indian team needs to change mindset in final game

We use cookies to give you the best possible experience. Learn more