നിയമസഹായത്തിനു പോലും പണം ചെലവഴിക്കാത്ത പ്രവാസിക്ഷേമനിധി; ചെലവഴിക്കുന്നത് എംബസി ഉദ്യോഗസ്ഥരുടെ ചായസല്‍ക്കാരത്തിനും ധൂര്‍ത്തിനും
Labour Right
നിയമസഹായത്തിനു പോലും പണം ചെലവഴിക്കാത്ത പ്രവാസിക്ഷേമനിധി; ചെലവഴിക്കുന്നത് എംബസി ഉദ്യോഗസ്ഥരുടെ ചായസല്‍ക്കാരത്തിനും ധൂര്‍ത്തിനും
ആര്‍.മുരളീധരന്‍
Friday, 26th July 2019, 1:02 pm

പ്രവാസി ലീഗല്‍ സെല്‍ എറണാകുളം പ്രസ് ക്ലബ്ബില്‍ കഴിഞ്ഞ ശനിയാഴ്ച സംഘടിപ്പിച്ച ചടങ്ങില്‍ പ്രവാസികളുടെ മനുഷ്യാവകാശങ്ങളെപ്പറ്റി സംസാരിക്കാന്‍ അവസരമുണ്ടായി. വിദേശങ്ങളില്‍, പ്രത്യേകിച്ച് ഗള്‍ഫ് നാടുകളില്‍ സാധാരണ ഇന്ത്യന്‍ തൊഴിലാളികളുടെ മനുഷ്യാവകാശങ്ങള്‍ പലതും ചവിട്ടിമെതിക്കപ്പെടുന്ന അവസ്ഥയാണുള്ളത്. ഇതിനു പ്രധാന കാരണക്കാര്‍ ഇന്ത്യന്‍ സര്‍ക്കാറും വിദേശങ്ങളിലെ ഇന്ത്യന്‍ കാര്യാലയങ്ങളുമാണ്.

ദീര്‍ഘകാലം സൗദി അറേബ്യയില്‍ പൊതുപ്രവര്‍ത്തനം നടത്തിയതിന്റെ അനുഭവത്തില്‍ എനിക്കിത് ഉറപ്പിച്ച് പറയാനാവും. നീതി നിഷേധിക്കപ്പെടുന്ന അവസരങ്ങളില്‍ രാജ്യത്തെ കോടതികളെ സമീപിക്കാനും അഭിഭാഷകന്റെ സേവനം സൗജന്യമായി ലഭ്യമാകുന്നതിനും രാജ്യത്തെ പൗരന്‍മാര്‍ക്ക് ഭരണഘടനാപരമായിത്തന്നെ അവസരമുള്ള സാഹചര്യത്തില്‍ വിദേശത്തെ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് അത് നിഷേധിക്കുന്നത് ഭരണഘടനാലംഘനം തന്നെയാണ്.

ചട്ടങ്ങളോ പണമോ ഇല്ലാത്തതല്ല കാരണം. വിദേശത്തെ ഇന്ത്യാക്കാര്‍ക്ക് നിയമസഹായമുള്‍പ്പെടെയുള്ള വിവിധ സേവനങ്ങള്‍ ചെയ്തുകൊടുക്കാന്‍ സര്‍ക്കാര്‍ വ്യവസ്ഥയുണ്ട്. അതിനുവേണ്ട പണം കണ്ടെത്തുന്നതിനാണ് വിദേശങ്ങളിലെ എംബസികള്‍, കോണ്‍സുലേറ്റുകള്‍ ഹൈക്കമ്മിഷനുകള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ കാര്യാലയങ്ങളില്‍ ക്ഷേമനിധി (Indian Community Welfare Fund-ICWF) സ്ഥാപിച്ചിട്ടുള്ളത്.

ഗള്‍ഫ് നാടുകളിലെ ക്ഷേമനിധിയില്‍ ധാരാളം പണം ഉപയോഗശൂന്യമായി കെട്ടിക്കിടക്കുകയാണെന്നാണ് വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകള്‍ കാണിക്കുന്നത്.

സൗദി അറേബ്യയിലെ എംബസ്സി/കോണ്‍സുലേറ്റ് ക്ഷേമനിധിയുടെ ക്രമരഹിതമായ വിനിയോഗത്തെക്കുറിച്ചും ആകാശമിടിഞ്ഞുവീണാലും ജയിലിലാക്കപ്പെടുന്ന ഇന്ത്യക്കാര്‍ക്ക് നിയമസഹായം കൊടുക്കില്ലെന്ന അവരുടെ പിടിവാശിയെക്കുറിച്ചുമാണ് കൂടുതലും യോഗത്തില്‍ പറഞ്ഞത്. 2009 -ല്‍ വയലാര്‍ രവി പ്രവാസികാര്യ മന്ത്രിയായിരുന്നപ്പോഴാണ് ക്ഷേമനിധി (ICWF) രൂപീകരിക്കുന്നത്.

1983 ലെ കുടിയേറ്റ നിയമത്തിലെ ചില അപാകതകള്‍ പരിഹരിക്കുന്നതിനും കൂടി വേണ്ടിയാണ് പ്രസ്തുത ക്ഷേമനിധി രൂപീകരിച്ചത്. വിദേശങ്ങളില്‍ ദുരിതമനുഭവിക്കുന്ന പ്രവാസികളെ ചെറിയരീതിയില്‍ സഹായിക്കുകയെന്ന ഉദ്ദേശ്യം മാത്രമേ രൂപീകരണസമയത്ത് കേന്ദ്രസര്‍ക്കാരിന് ഉണ്ടായിരുന്നുള്ളു.

ആദ്യം പരീക്ഷണാര്‍ത്ഥം ഗള്‍ഫ് രാജ്യങ്ങളില്‍ മാത്രമാണ് പദ്ധതി നടപ്പിലാക്കിയതെങ്കില്‍ പിന്നീട് ഘട്ടം ഘട്ടമായി എല്ലാ ലോകരാജ്യങ്ങളിലേക്കും വ്യാപിപ്പിക്കുകയായിരുന്നു.

പാസ്‌പോര്‍ട്ട്, അറ്റസ്റ്റേഷന്‍ തുടങ്ങിയ കോണ്‍സുലാര്‍ സേവനങ്ങള്‍ക്ക് വിദേശങ്ങളിലെ ഇന്ത്യന്‍ കാര്യാലയങ്ങളില്‍ വരുന്നവരില്‍ നിന്നും സാധാരണ ഈടാക്കുന്ന ഫീസിനുപുറമെ അധികമായി ഈടാക്കുന്ന 100 രൂപക്ക് തുല്യമായ തുകകൊണ്ടാണ് ഈ ഫണ്ട് നിലനിര്‍ത്തുന്നത്. അതായത് ഈ ഫണ്ട് നൂറു ശതമാനവും പ്രവാസി കാശുകൊണ്ടുണ്ടാക്കുന്നതാണെന്നും കേന്ദ്രസര്‍ക്കാറിനോട് ഒരു ബാധ്യതയുമില്ലന്ന് സാരം.

താഴെപ്പറയുന്ന സേവനങ്ങളാണ് ഈ ഫണ്ടില്‍ നിന്നുള്ള തുകകൊണ്ട് ചെയ്യാവുന്നത്:

A. പാര്‍പ്പിട സൗകര്യം
B. നാട്ടിലേക്ക് മടക്കയാത്രക്ക് വിമാന ടിക്കറ്റ്
C. ജയിലിലാകുന്നവര്‍ക്ക് നിയമസഹായം
D. ഭര്‍ത്താവ് ഉപേക്ഷിച്ച സ്ത്രീകള്‍ക്ക് നിയമ-ധനസഹായങ്ങള്‍
E. ചെറിയ കുറ്റങ്ങള്‍ ചെയ്തതിന്റെ പേരില്‍ ജയിലിലാവുന്നവരെ മോചിപ്പിക്കുന്നതിനുള്ള പിഴയൊടുക്കല്‍ (2500 അമേരിക്കന്‍ ഡോളര്‍ വരെ)
F. മൃതശരീരം നാട്ടിലെത്തിക്കുന്നതിനുള്ള ചെലവ്
G. ചികിത്സാ സഹായം

തുടങ്ങിയ ക്ഷേമകാര്യങ്ങളായിരുന്നു തുടക്കത്തില്‍ വിഭാവനം ചെയ്തിരുന്നതെങ്കിലും പിന്നീട് തുക ക്രമാതീതമായി കൂടിയപ്പോള്‍ 2017-ല്‍ കോണ്‍സുലാര്‍ സേവനം മെച്ചപ്പെടുത്തുന്നതിനുള്ള ചില കാര്യങ്ങളും പ്രാദേശിക ജീവനക്കാരുടെ ജീവനക്കാരുടെ നിയമനങ്ങളും സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കുന്ന ചെലവും കൂടി ഈ ഫണ്ട് ഉപയോഗിച്ച് ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവാദം നല്‍കി.

മുമ്പ് ജീവനക്കാരുടെ നിയമനങ്ങളും സാംസ്‌കാരിക പരിപാടികളുടെ സംഘടിപ്പിക്കലും കേന്ദ്രസര്‍ക്കാര്‍ കൊടുക്കുന്ന തുകകൊണ്ടായിരുന്നു ചെയ്തിരുന്നത്.

2012 ഡിസംബറില്‍ വിവരാവകാശ നിയമപ്രകാരം ക്ഷേമനിധിയുടെ കണക്കെടുക്കുമ്പോള്‍ റിയാദ് ഇന്ത്യന്‍ എംബസിയില്‍ മാത്രം അഞ്ചര കോടി രൂപയാണ് നിഷ്‌ക്രിയമായി കിടന്നിരുന്നത്. (ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ഇത് ഏകദേശം മൂന്നുകോടി രൂപയായിരുന്നു).

മാത്രമല്ല ഈ തുക പ്രവാസികളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളു എന്ന കേന്ദ്രസര്‍ക്കാര്‍ നിബന്ധന ഉണ്ടായിരുന്നെങ്കിലും വാഹനങ്ങള്‍ വാടകക്കെടുക്കാനും അതിഥികള്‍ക്ക് സല്‍ക്കാരം നടത്തുന്നതിനും അവര്‍ക്ക് സമ്മാനങ്ങള്‍ വാങ്ങുന്നതിനും എംബസി ആവശ്യത്തിനുള്ള സ്റ്റേഷനറി വാങ്ങുന്നതിനും ഈ തുക ഉപയോഗിച്ചത് സി.എ.ജി യുടെ (Comptroller and Auditor General) നിശിതമായ വിമര്‍ശനത്തിനാണ് വഴിവച്ചത്.

എന്നാല്‍ ജയിലിലായവര്‍ക്ക് നിയമസഹായം കൊടുക്കുന്നതിന് ഒരു രൂപപോലും എംബസി ചെലവഴിച്ചിരുന്നില്ല. ഈയവസരത്തിലാണ് ക്ഷേമനിധിയില്‍നിന്നും ഒരു നിശ്ചിത ശതമാനം നിയമസഹായത്തിന് മാറ്റിവെക്കണമെന്ന നിര്‍ദ്ദേശം എംബസിക്ക് കൊടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ചില സാമൂഹ്യപ്രവര്‍ത്തകര്‍ കേരള ഹൈക്കോടതിയില്‍ റിട്ട് പെറ്റീഷന്‍ കൊടുത്തത്. ഇത് എംബസിയെ വല്ലാതെ ചൊടിപ്പിച്ചു.

കോടതിയെ സമീപിച്ച സാമൂഹ്യപ്രവര്‍ത്തകരെ അവയവക്കച്ചവടക്കാരും പെണ്‍വാണിഭക്കാരുമൊക്കെയായി ചിത്രീകരിച്ചുകൊണ്ടുള്ള മറുപടിയാണ് എംബസിയും കേന്ദ്ര വിദേശകാര്യവകുപ്പും കോടതിയില്‍ കൊടുത്തത്.

പുറമെ, കോടതിയെ സമീപിച്ചവരെ നാടുകടത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള പരാതികള്‍ റിയാദ് ഇന്ത്യന്‍ എംബസി സൗദി ആഭ്യന്തര മന്ത്രാലയത്തിന് അയച്ചു. 2018 ഡിസംബറിലെ കണക്കുപ്രകാരം ഉപയോഗിക്കാതെ കിടക്കുന്ന തുക പടിപടിയായി ഉയര്‍ന്ന് 22 കോടിയിലെത്തിയിരിക്കുന്നു.

കേവലം രണ്ടരക്കോടിയോളം രൂപയാണ് 2018-ല്‍ എംബസി ക്ഷേമനിധിയില്‍ നിന്നും ചെലവഴിച്ചിട്ടുള്ളത്. ഒരു രൂപപോലും ഈ കാലയളവില്‍ ജയിലില്‍ കിടക്കുന്ന ഇന്ത്യക്കാരുടെ നിയമസഹായത്തിനായി ചെലവഴിച്ചിട്ടില്ല എന്തൊരു ദുരന്തമാണിത്?

ഭാഷയറിയാതെ, സൗദി നിയമങ്ങളും രീതികളുമറിയാതെ നിസ്സാര കുറ്റങ്ങള്‍ ചെയ്തവര്‍ മുതല്‍ ഏറ്റവും വലിയ തലവെട്ട് ശിക്ഷ കിട്ടാവുന്ന തരത്തിലുള്ള കുറ്റങ്ങള്‍ വരെ ആരോപിച്ചിട്ടുള്ള നൂറുകണക്കിന് ഇന്ത്യക്കാര്‍ സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ജയിലുകളില്‍ കിടപ്പുണ്ട്. പല കുറ്റങ്ങളും ഒരു സൗദി വക്കീല്‍ ചെന്ന് പൊലീസ് ഉദ്യോഗസ്ഥരെ കണ്ട് കാര്യങ്ങള്‍ വിശദീകരിച്ചാല്‍ തീരുന്നവയാണ്.

തലവെട്ട് കിട്ടാവുന്ന കേസ്സുകളില്‍ പോലും പ്രതികളുടെ ഭാഗം വിശദീകരിച്ചുകൊടുക്കാന്‍ സംവിധാനമില്ല. ‘പടച്ചോന്‍’ മാത്രമാണ് ഏക ആശ്രയം. നാം ബുദ്ധിമുട്ടുന്ന കാലത്ത് നമുക്ക് ഉപയോഗിക്കാന്‍ നമ്മള്‍ തന്നെ സ്വരുക്കൂട്ടി വയ്ക്കുന്ന കാശാണിത്. അല്ലാതെ ഭാരതസര്‍ക്കാര്‍ കനിഞ്ഞ് തരുന്നതൊന്നുമല്ല.

എംബസിയും കോണ്‍സുലേറ്റും വെറും കാവല്‍ക്കാര്‍ മാത്രം. നമ്മള്‍ കുറച്ചു കാശ് ബാങ്കില്‍ നിക്ഷേപിച്ചിട്ട് കുറച്ചുനാള്‍ കഴിഞ് പിന്‍വലിക്കാന്‍ ചെല്ലുമ്പോള്‍ ‘അയ്യോ കാശ് എടുക്കാന്‍ പറ്റില്ലല്ലോ, ഞങ്ങളുടെ മാനേജരുടെ മോന്റെ കല്യാണത്തിന് സമ്മാനം വാങ്ങിപ്പോയല്ലോ’ എന്ന് ബാങ്കുകാര്‍ പറഞ്ഞാല്‍ എന്തായിരിക്കും നമ്മുടെ മനോഭാവം? സമാനമാണ് ഇവിടത്തെയും അവസ്ഥ.

നമ്മുടെ കാശ് നമുക്ക് പ്രയോജനപ്പെടുന്നില്ല. ചൗക്കിദാര്‍ ചോര്‍ ഹെ എന്ന് പറയുന്നതുപോലെയാണ് ഈ കാശ് എംബസി ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. അവരുടെ സ്റ്റാഫിന് ശമ്പളം കൊടുക്കാന്‍, വാഹനങ്ങള്‍ വാടകക്കെടുക്കാന്‍, സ്റ്റേഷനറി വാങ്ങാന്‍, പാര്‍ട്ടി നടത്താന്‍, അതിഥികളെ സല്‍ക്കരിക്കാന്‍, മൊബൈല്‍ റീചാര്‍ജ്ജ് ചെയ്യാന്‍ ….തുടങ്ങി ക്ഷേമനിധിയുടെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായാണ് ഇതിന്റെ വിനിയോഗം എംബസിയും കോണ്‍സുലേറ്റും നടത്തിക്കൊണ്ടിരിക്കുന്നത്.

റിയാദിലെ എംബസിയുടെ കാര്യം മാത്രമാണിവിടെ പറഞ്ഞത്. സൗദി അറേബ്യയിലെ മറ്റൊരു ഇന്ത്യന്‍ കാര്യാലയമായ ജിദ്ദ കോണ്‍സുലേറ്റിലും ഇതുപോലെ വന്‍ തുക കെട്ടിക്കിടപ്പുണ്ട്. മൊത്തം ജി.സി.സി രാജ്യങ്ങളിലെയും ഇന്ത്യന്‍ കാര്യാലയങ്ങളിലും ഇതുതന്നെയാണ് അവസ്ഥ. മുമ്പ് ദുബായ് കോണ്‍സുലേറ്റില്‍ കെട്ടിക്കിടക്കുന്ന ഈ തുകകൊണ്ട് ഇന്ത്യക്കാര്‍ക്ക് മാത്രമായി ഒരു മോര്‍ച്ചറി ഉണ്ടാക്കുന്ന പ്രൊപ്പോസല്‍ വയലാര്‍ രവിയുടെ മുന്നില്‍ സാമൂഹ്യപ്രവര്‍ത്തകര്‍ വച്ചെങ്കിലും ക്ഷേമനിധി തുക വകമാറ്റി ചെലവഴിക്കാന്‍ പാടില്ലെന്ന കാരണം പറഞ്ഞു അദ്ദേഹം ആ നിര്‍ദ്ദേശം തള്ളിക്കളയുകയാണുണ്ടായത്.

നമ്മുടെ സംസ്ഥാന സര്‍ക്കാറിന് ഇത്തരത്തിലുള്ള ഒരു ഫണ്ട് വിദേശങ്ങളിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയങ്ങളില്‍ ഉള്ളതായിപ്പോലും അറിവില്ല. പകരം അവര്‍ വിദേശങ്ങളിലെ മലയാളികള്‍ക്ക് ഞങ്ങള്‍ നിയമസഹായം കൊടുക്കും എന്നൊക്കെ വെറുതെ വീമ്പിളക്കും. മലയാളികള്‍ക്ക് മാത്രമായി വിദേശത്ത് നിയമസഹായം കൊടുക്കാന്‍ കഴിയില്ലെന്ന് അറിയാത്തവരല്ല നമ്മുടെ സര്‍ക്കാര്‍. എന്നാലും പാവം പ്രവാസികളെ അവര്‍ പറഞ്ഞുപറ്റിച്ചുകൊണ്ടേയിരിക്കുന്നു.

2014 -ല്‍ കെ.സി ജോസഫ് കേരള പ്രവാസികാര്യ മന്ത്രി ആയിരുന്നപ്പോള്‍ 2 കോടി രൂപ വിദേശ മലയാളികളുടെ നിയമസഹായത്തിനായി പ്രഖ്യാപിച്ചതായി ഓര്‍ക്കുന്നു. അതില്‍ നിന്നും നയാപൈസ പോലും ചെലവഴിക്കേണ്ടി വന്നിട്ടില്ല. വിദേശത്തെ ഇന്ത്യന്‍ കാര്യാലയങ്ങള്‍ വഴി മലയാളികള്‍ക്ക് മാത്രമായി ഒരു സേവനം ചെയ്യാന്‍ കഴിയുന്നില്ലന്ന വാസ്തവം മറച്ചുവച്ചുകൊണ്ട് പ്രവാസികളുടെ കയ്യടി കിട്ടാന്‍ വേണ്ടി മാത്രം ഒരിക്കലും നടപ്പിലാക്കാന്‍ കഴിയാത്ത ഒരു പ്രഖ്യാപനം നടത്തുകയാണ് അന്ന് കെ.സി ജോസഫ് ചെയ്തത്.

വാസ്തവത്തില്‍ നമ്മുടെ സംസ്ഥാനസര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി ക്ഷേമനിധിയില്‍ നിന്നും നിയമസഹായം കൊടുക്കാനുള്ള നടപടിയാണ് എടുക്കേണ്ടത്. അങ്ങനെയെങ്കില്‍ ഏറ്റവും കൂടുതല്‍ മലയാളികള്‍ക്കായിരിക്കും പ്രയോജനം ചെയ്യുക. കാരണം ജനസംഖ്യാനുപാതികമായി ഗള്‍ഫ് രാജ്യങ്ങളില്‍ കൂടുതലും മലയാളികളാണല്ലോ?

ചുരുക്കത്തില്‍ ഇവിടെ വിഭവങ്ങളുടെ അപര്യാപ്തതയല്ല, മറിച്ച് ധാരാളമായി കുന്നുകൂടിക്കിടക്കുന്ന വിഭവം വേണ്ടരീതിയില്‍ വിതരണം ചെയ്യപ്പെടുന്നില്ല എന്നുള്ളതാണ് വാസ്തവം.

(ചടങ്ങില്‍ ജസ്റ്റീസ് എം ആര്‍ ഹരിഹരന്‍ നായര്‍, സംസ്ഥാന മനുഷ്യാവകാശ സംഘടന അംഗം ജഡ്ജ് പി.മോഹനദാസ്, പ്രവാസി ലീഗല്‍ സെല്‍ പ്രസിഡന്റ് അഡ്വ. ജോസ് അബ്രഹാം, അഡ്വ. ഡി ബി ബിനു, ലത്തീഫ് തെച്ചി, സുഗതന്‍ പി ബാലന്‍ തുടങ്ങിയവരും പങ്കെടുത്തിരുന്നു)

ആര്‍.മുരളീധരന്‍
ദീര്‍ഘകാലം പ്രവാസി, ഇപ്പോള്‍ അഭിഭാഷകനായി ജോലി ചെയ്യുന്നു