| Saturday, 12th October 2024, 8:18 am

ആ മലയാളി നടിയുടെ ഭര്‍ത്താവാണോ എന്ന് ആളുകള്‍ ചോദിക്കാറുണ്ടായിരുന്നു: മാധവന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2000ത്തില്‍ മണിരത്‌നം സംവിധാനം ചെയ്ത അലൈ പായുതേ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം നടത്തിയ താരമാണ് ആര്‍. മാധവന്‍. അലൈ പായുതേക്ക് ശേഷം മാധവന്‍ അഭിനയിച്ച ഗൗതം മേനോന്‍ ചിത്രം മിന്നലേ എന്ന സിനിമയുടെ വിജയം അദ്ദേഹത്തിന് തമിഴില്‍ റൊമാന്റിക് ഹീറോ പരിവേഷം നേടിക്കൊടുത്തു. തമിഴിന് പുറമെ തെലുങ്കിലും ഹിന്ദിയിലും കന്നടയിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. റോക്കട്രി: ദി നമ്പി ഇഫക്ട് എന്ന ചിത്രത്തിലൂടെ സംവിധായകനായും മാധവന്‍ മാറി.

തന്റെ ആദ്യ ചിത്രമായ അലൈ പായുതേ എന്ന സിനിമയുടെ ഷൂട്ടിങ് കേരളത്തിലായിരുന്നെന്നും അന്ന് മുതല്‍ ആളുകള്‍ താനൊരു മലയാളിയാണ് എന്നാണ് വിചാരിക്കുന്നതെന്നും മാധവന്‍ പറയുന്നു. മാധവന്‍ എന്ന പേരായിരിക്കും അതിന് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചിലര്‍ കാവ്യ മാധവന്‍ തന്റെ ഭാര്യയാണോ എന്ന് ചോദിച്ചിട്ടുണ്ടെന്നും പേരിലെ സാമ്യതയാകാം ഇതിന് കാരണമെന്നും മാധവന്‍ പറയുന്നു. താന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രം റോക്കട്രി: ദി നമ്പി ഇഫക്റ്റും ഒരു മലയാളിയുടെ കഥ അടിസ്ഥാനമാക്കിയാണെന്നും പറഞ്ഞ മാധവന്‍ തനിക്ക് അത്ര നന്നായി മലയാളം അറിയില്ലെന്നും വ്യക്തമാക്കി. സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ മാഗസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എന്റെ ആദ്യ ചിത്രമായ ‘അലൈ പായുതേ’ ഷൂട്ട് തുടങ്ങിയത് കേരളത്തിലാണ്. അന്നുതൊട്ട് എല്ലാവരും വിചാരിച്ചിരിക്കുന്നത് ഞാന്‍ മലയാളിയാണെന്നാണ്. മാധവന്‍ എന്ന പേരായിരിക്കാം അതിനുകാരണം.

ചിലര്‍ ചോദിച്ചിട്ടുണ്ട് കാവ്യ മാധവന്‍ നിങ്ങളുടെ ഭാര്യ ആണോ എന്ന്. ഞാന്‍ സംവിധായക കുപ്പായമണിയുമ്പോഴും ആദ്യ സിനിമ ഒരു മലയാളിയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയാണ് ചെയ്തത്. പലരും ഞാന്‍ മലയാളിയാണെന്ന് വിചാരിച്ച് എന്നോട് മലയാളത്തില്‍ സംസാരിക്കാറുണ്ട്. എന്നാല്‍ എനിക്ക് അത്ര നല്ലരീതിയില്‍ മലയാളം അറിയില്ലെന്നതാണ് സത്യം. അത്രമേല്‍ മലയാളികള്‍ എന്നെ ഇഷ്ടപ്പെടുന്നു എന്നറിയുമ്പോള്‍ സന്തോഷമുണ്ട്,’ മാധവന്‍ പറയുന്നു.

Cotent Highlight: R. Madhavan Talks About Kavya Madhavan

We use cookies to give you the best possible experience. Learn more