റൊമാന്റിക് ഹീറോ എന്ന ടാഗ് എനിക്ക് ബ്രേക്ക് ചെയ്തുതന്ന സിനിമ അതായിരുന്നു: മാധവന്‍
Entertainment
റൊമാന്റിക് ഹീറോ എന്ന ടാഗ് എനിക്ക് ബ്രേക്ക് ചെയ്തുതന്ന സിനിമ അതായിരുന്നു: മാധവന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 12th October 2024, 3:45 pm

2000ത്തില്‍ മണിരത്നം സംവിധാനം ചെയ്ത അലൈ പായുതേ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം നടത്തിയ താരമാണ് ആര്‍. മാധവന്‍. അലൈ പായുതേക്ക് ശേഷം മാധവന്‍ അഭിനയിച്ച ഗൗതം മേനോന്‍ ചിത്രം മിന്നലേ എന്ന സിനിമയുടെ വിജയം അദ്ദേഹത്തിന് തമിഴില്‍ റൊമാന്റിക് ഹീറോ പരിവേഷം നേടിക്കൊടുത്തു. തമിഴിന് പുറമെ തെലുങ്കിലും ഹിന്ദിയിലും കന്നടയിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. റോക്കട്രി: ദി നമ്പി ഇഫക്ട് എന്ന ചിത്രത്തിലൂടെ സംവിധായകനായും മാധവന്‍ മാറി.

തനിക്ക് എല്ലാ തലത്തിലുമുള്ള സിനിമകളും ഇഷ്ടമാണെന്ന് പറയുകയാണ് മാധവന്‍. അഭിനയിച്ച് തുടങ്ങിയ കാലത്ത് റൊമാന്റിക് സിനിമകളായിരുന്നു കൂടുതല്‍ വന്നിരുന്നതെന്നും അലൈ പായുതെയും മിന്നലെയുമൊക്കെ നേടിയ വന്‍വിജയമാകാം അതിന് കാരണമെന്നും അദ്ദേഹം പറയുന്നു.

റൊമാന്റിക് ഹീറോ എന്ന ടാഗ് തനിക്ക് ബ്രേക്ക് ചെയ്യണമായിരുന്നെന്നും അതിന് വേണ്ടിയാണ് കന്നത്തില്‍ മുത്തമിട്ടാല്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചതെന്നും മാധവന്‍ കൂട്ടിച്ചേര്‍ത്തു. ചിത്രത്തിലെ അച്ഛന്റെ വേഷം കരിയറിലെ ഒരു ബ്രേക്ക് ആയിരുന്നെന്നും തന്റെ പരിമിതികളെ കുറിച്ച് നല്ല രീതിയില്‍ ധാരണയുണ്ടെന്നും അദ്ദേഹം പറയുന്നു. സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ മാസികയോട് സംസാരിക്കുകയായിരുന്നു മാധവന്‍.

‘ഡാന്‍സ് കളിക്കുകയും പാട്ട് പാടുകയും ചെയ്യേണ്ടതില്ലാത്ത എല്ലാ മേഖലകളും എനിക്ക് ഇഷ്ടമാണ്. ഞാന്‍ അഭിനയിച്ച് തുടങ്ങിയ ആദ്യഘട്ടത്തില്‍ റൊമാന്റിക് സിനിമകളായിരുന്നു കൂടുതലും തേടിവന്നത്. അലൈ പായുതെയും മിന്നലെയുമൊക്കെ നേടിയ വന്‍വിജയമാകാം അതിന് കാരണം.

റൊമാന്റിക് ഹീറോ എന്ന ടാഗ് ലൈന്‍ ബ്രേക്ക് ചെയ്യണം എന്ന ഉദ്ദേശ്യത്തിലാണ് ഞാന്‍ പിന്നീട് കന്നത്തില്‍ മുത്തമിട്ടാല്‍ എന്ന മണി സാറിന്റെ സിനിമ ചെയ്തത്. അതിലെ അച്ഛന്റെ വേഷം എനിക്കൊരു ബ്രേക്ക് തന്നെ സമ്മാനിച്ചു. എനിക്ക് എന്റെ പരിമിതികളെ കുറിച്ച് ധാരണയുണ്ട്.

ഓരോ ഘട്ടത്തില്‍ നല്ല കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഇരുത് സുട്, ത്രീ ഇഡിയറ്റ്സ്, രംഗ് ദേ ബസന്തി, വിക്രം വേദ. നല്ല സിനിമകളെല്ലാം ഉണ്ടായത് അങ്ങനെയാണ്. ഇനിയും നല്ല സിനിമകളും കഥാപാത്രങ്ങളും ചെയ്യാനാണ് ആഗ്രഹം,’ മാധവന്‍ പറയുന്നു.

Content Highlight: R. Madhavan Talks About Kannathil Muthamittal