|

ത്രീ ഇഡിയറ്റ്‌സിലെ 'ഓള്‍ ഈസ് വെല്‍' സീന്‍ ഒഴിവാക്കാന്‍ അവര്‍ പറഞ്ഞു; സംവിധായകന്‍ തയ്യാറായില്ല; എന്നാല്‍ തിയേറ്ററില്‍ കൈയ്യടി നേടി: ആര്‍. മാധവന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2009ല്‍ പുറത്തിറങ്ങിയ രാജ്കുമാര്‍ ഹിരാനി ചിത്രമാണ് ത്രീ ഇഡിയറ്റ്‌സ്. ആമിര്‍ ഖാന്‍, ആര്‍. മാധവന്‍, ശര്‍മന്‍ ജോഷി പ്രധാനവേഷത്തിലെത്തിയ സിനിമ ഒരു എഞ്ചിനീയറിങ്ങ് കോളേജിലെ മൂന്ന് വിദ്യാര്‍ത്ഥികളുടെ സൗഹൃദത്തെ ചുറ്റിപറ്റിയുള്ള കഥയായിരുന്നു.

ചിത്രത്തിന് വ്യാപകമായ നിരൂപക പ്രശംസയാണ് ലഭിച്ചത്. ഇന്ത്യയില്‍ ആദ്യ ആഴ്ച്ചയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രം കൂടിയായിരുന്നു ഇത്. അതുവരെ ഒരു ഇന്ത്യന്‍ ചിത്രത്തിന് ലഭിച്ച ഏറ്റവും ഉയര്‍ന്ന ഓപ്പണിങ് ഡേ കളക്ഷന്‍ സ്വന്തമാക്കാനും ത്രീ ഇഡിയറ്റ്‌സിന് സാധിച്ചു.

ഇപ്പോള്‍ സിനിമയിലെ ഒരു സീനിനെ കുറിച്ച് പറയുകയാണ് ആര്‍. മാധവന്‍. ചിലര്‍ ആ സീന്‍ ചിത്രത്തില്‍ നിന്ന് ഒഴിവാക്കാന്‍ ആവശ്യപ്പെട്ടിരുന്നെന്നും എന്നാല്‍ സംവിധായകന്‍ രാജ്കുമാര്‍ ഹിരാനി അതിന് തയ്യാറായില്ലെന്നും താരം പറഞ്ഞു. കണക്ട് എഫ്.എം. കാനഡക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മാധവന്‍.

‘ത്രീ ഇഡിയറ്റ്സ് സിനിമയില്‍ ഒരു കുഞ്ഞ് ജനിക്കുന്ന സീനുണ്ട്. അതില്‍ ആ കുഞ്ഞ് മരിക്കുമ്പോള്‍ എല്ലാവരും ‘ഓള്‍ ഈസ് വെല്‍’ എന്ന് പറയുന്നതും കുട്ടി കിക്ക് ചെയ്യുന്നതുമുണ്ട്. ആ സിനിമയുടെ ഷൂട്ടിങ്ങ് കഴിഞ്ഞ് റിലീസിന് മുമ്പ് കണ്ടവര്‍ സിനിമ മുഴുവന്‍ നന്നായിട്ടുണ്ടെന്ന് പറഞ്ഞു.

സിനിമ വേറെ ഫ്രീക്വന്‍സിയില്‍ ഉള്ളതാണെന്നും പക്ഷേ ഇത് ഒരു കൊമേഴ്സ്യല്‍ സീനാണെന്നുമാണ് അവര്‍ പറഞ്ഞത്. ഈ സീന്‍ കുറച്ച് കൂടുതലാണെന്നും ഇത് സിനിമയില്‍ നിന്ന് റിമൂവ് ചെയ്താല്‍ സിനിമ അതേ ലെവലില്‍ ആയിരിക്കുമെന്നും അവര്‍ പറഞ്ഞു.

ഹിരാനി സാര്‍ എല്ലാവരും പറയുന്നത് കേട്ടു. എന്നാല്‍ തീരുമാനത്തില്‍ ഉറച്ചു നിന്നു. ആ സീന്‍ റിമൂവ് ചെയ്യാന്‍ തയ്യാറായില്ല. തിയേറ്ററില്‍ ആളുകള്‍ കൈയടിക്കുന്ന സീന്‍ ഇതായിരിക്കുമെന്ന് അറിയാവുന്നത് കൊണ്ടാണ് അദ്ദേഹം ആ സീന്‍ റിമൂവ് ചെയ്യാതിരുന്നത്.

സിനിമ തിയേറ്ററിലെത്തിയ സമയത്ത് അതുവരെ കൈയടിക്കാത്ത ആളുകള്‍ പോലും ആ സീന്‍ വന്നപ്പോള്‍ കൈയ്യടിച്ചു,’ ആര്‍. മാധവന്‍ പറഞ്ഞു.


Content Highlight: R Madhavan Talks About 3 Idiots’s All Is Well Scene