| Monday, 27th February 2023, 9:02 am

ബി.ജെ.പി സര്‍ക്കാരിനെ താഴെയിറക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ച് പോരാടണം: ആര്‍.എം.പി.ഐ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മോദി സര്‍ക്കാരിന്റെ ജനദ്രോഹ ഭരണത്തിനെതിരെ ദേശീയ തലത്തില്‍ പ്രതിപക്ഷ ഐക്യത്തിനും ബഹുജന പ്രക്ഷോഭങ്ങള്‍ക്കും ആര്‍.എം.പി.ഐ ദേശീയ സമ്മേളനം ആഹ്വാനം ചെയ്തു. ഇതിനായി അംബേദ്കര്‍ ദിനമായ ഏപ്രില്‍ 14 മുതല്‍ തൊഴിലാളി ദിനമായ മെയ് ഒന്ന് വരെ രാജ്യ വ്യാപകമായി സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്നും പാര്‍ട്ടി അറിയിച്ചു.

ഭഗത് സിങ്, രാജ് ഗുരു, സുഖ് ദേവ്, എന്നിവരുടെ രക്തസാക്ഷിത്വ വാര്‍ഷികം ഐക്യത്തിനായുള്ള സമര്‍പ്പണ ദിവസമായി ആചരിക്കാനും സമ്മേളനത്തില്‍ തീരുമാനമായി. നാലു ദിവസത്തെ ദേശീയ സമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ച് മുതലക്കുളം മൈതാനിയില്‍ നടന്ന പൊതു പരിപാടിയിലാണ് തീരുമാനം.

അതിരൂക്ഷമായ വിലക്കയറ്റവും തൊഴിലില്ലായ്മയും രാജ്യത്ത് സാധാരണക്കാരുടെ ജീവിതം ദുരിതത്തിലാക്കിയെന്നും വര്‍ഗീയ രാഷ്ട്രീയം രാജ്യത്തെ ന്യൂനപക്ഷങ്ങളുടെയും ദലിതരുടെയും ജീവന് തന്നെ ഭീഷണിയാണെന്നും സമ്മേളനം വിലയിരുത്തി.

സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങളിലും ഈ കാലയളവില്‍ വമ്പിച്ച വര്‍ധനയുണ്ടായി. ബി.ജെ.പിക്കെതിരെയോ ആര്‍.എസ്.എസിനെതിരെയോ സംസാരിക്കുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടിക്കൊണ്ടിരിക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ചുവട് പിടിച്ച് സംസ്ഥാന സര്‍ക്കാരുകളും പൊതുജനത്തിന്റെ ജീവിതം ദുരിതത്തിലാക്കുന്ന അവസ്ഥയാണ് കേരളത്തിലടക്കം കാണുന്നതെന്നും സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നു.

നരേന്ദ്ര മോദിയുടെ ഫാസിസ്റ്റ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ജനാധിപത്യ ശക്തികളോടും മതേതര കക്ഷികളോടും യോജിച്ച് പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടി തയ്യാറാണെന്ന് സമ്മേളനം ഉത്ഘാടനം ചെയ്ത ജനറല്‍ സെക്രട്ടറി മംഗത് റാം പസ്‌ല പറഞ്ഞു. ജനങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കാനുള്ള തന്ത്രമാണ് ബി.ജെ.പി ഗവണ്‍മെന്റ് നടപ്പിലാക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പാര്‍ട്ടി എല്ലാകാലത്തും സാധാരണ ജനങ്ങളോടൊപ്പമാണെന്നും ഏത് പ്രതിസന്ധിഘട്ടത്തിലും ജനങ്ങള്‍ക്ക് വേണ്ടി സമരമുഖത്തുണ്ടാകുമെന്നും സമ്മേളനത്തെ അഭിസംബോധന ചെയ്ത എം.എല്‍.എ കെ.കെ രമ പറഞ്ഞു. സഖാവ് ടി.പി ചന്ദ്രശേഖരന്‍ ഉയര്‍ത്തി പിടിച്ച ചെങ്കൊടി ഇന്ന് കേരളവും കടന്ന് ഇന്ത്യ മുഴുവന്‍ ഉയരുകയാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.

27 അംഗ ദേശീയ കമ്മിറ്റിയിലേക്കുള്ള പുതിയ നേതൃത്വത്തെയും സമ്മേളനത്തില്‍ തെരഞ്ഞെടുത്തു. ആര്‍.എം.പി അഖിലേന്ത്യാ ചെയര്‍മാനായി തമിഴ്‌നാട്ടില്‍ നിന്നുളള കെ.ഗംഗാധറിനെയും, ജനറല്‍ സെക്രട്ടറിയായി പഞ്ചാബില്‍ നിന്നുള്ള മംഗത് റാം പസ്‌ലയെയും തെരഞ്ഞെടുത്തു. മഹാരാഷ്ട്രക്കാരന്‍ രാജേന്ദ്ര പരഞ്ജയാണ് ട്രഷറര്‍.

ഹര്‍കന്‍ വന്‍സിങ്, കെ.എസ് ഹരിഹരന്‍ എന്നിവരെ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു.
കേരളത്തില്‍ നിന്ന് കെ.കെ രമ, എന്‍ വേണു, ടി.എല്‍ സന്തോഷ്, അഡ്വ. പി.കുമാരന്‍ കുട്ടി എന്നിവരും കേന്ദ്രകമ്മറ്റിയില്‍ ഇടം പിടിച്ചു.

Content Highlight: R.M.P.I national conference held calicut

We use cookies to give you the best possible experience. Learn more