[]തിരുവനന്തപുരം: ടി.പി വധഗൂഢാലോചന കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കെ.കെ രമ നടത്തുന്ന നിരാഹാര സമരം പിന്‍വലിക്കേണ്ട ഒരു സാഹചര്യവും നിലവിലില്ലെന്ന് ആര്‍.എം.പി നേതാവ് എന്‍. വേണു.
ഞങ്ങളുടെ ഡിമാന്റില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുകയാണെന്നും സര്‍ക്കാര്‍ അവരുടെ നിലപാട് തങ്ങളെ നേരിട്ട് അറിയിക്കട്ടെയെന്നും വേണു പറഞ്ഞു.
സി.ബി.ഐ അന്വേഷണത്തിന് സാങ്കേതിക തടസമുണ്ടെന്നാണ് മന്ത്രിസഭാ യോഗത്തില്‍ സര്‍ക്കാര്‍ പറഞ്ഞതെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചപ്പോള്‍, അത് ഞങ്ങളെ നേരിട്ട് അറിയിച്ചിട്ടില്ലെന്നും അത് അറിയിച്ച ശേഷം പ്രതികരണം വ്യക്തമാക്കാമെന്നും എന്‍. വേണു വ്യക്തമാക്കി.
ഞങ്ങള്‍ സമരമുഖത്താണ് നില്‍ക്കുന്നത്. സര്‍ക്കാരിന് പറയാനുള്ളത് തങ്ങളോട് നേരിട്ട് പറയട്ടെയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സമരപ്പന്തലില്‍ രമയെ കാണാനായി എഴുത്തുകാരിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ സുഗതകുമാരി ടീച്ചര്‍ എത്തി. രമയുടെ ജീവന്‍ രക്ഷിക്കണമെന്നും ഇവിടെ കിടന്ന് മരിക്കേണ്ട ആളല്ല രമയെന്നും സുഗതകുമാരി ടീച്ചര്‍ പ്രതികരിച്ചു.
രമയ്ക്ക് നീതി കിട്ടണം. രാഷ്ട്രീയ കൊലപാതകങ്ങള്‍ കേരളത്തില്‍ അവസാനിപ്പിക്കേണ്ടതുണ്ട്. അത് ഏത് രാഷ്ട്രീയപാര്‍ട്ടികള്‍ നടത്തിയാലും തെറ്റാണ്.
രമയുടെ കാര്യത്തെ കുറിച്ച് ചെന്നിത്തലയോടും തിരുവഞ്ചൂരിനോടും താന്‍ വീണ്ടും സംസാരിക്കുമെന്നും സമരം അവസാനിപ്പിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് രമയാണെന്നും സുഗതകുമാരി ടീച്ചര്‍ പറഞ്ഞു.