'മണിച്ചേട്ടന്റെ വീടിന് മുകളില്‍ ഒരു അദൃശ്യന്‍'; യൂ ട്യൂബര്‍മാരോട് അപേക്ഷിച്ച് ആര്‍.എല്‍.വി രാമകൃഷ്ണന്‍
Social Media
'മണിച്ചേട്ടന്റെ വീടിന് മുകളില്‍ ഒരു അദൃശ്യന്‍'; യൂ ട്യൂബര്‍മാരോട് അപേക്ഷിച്ച് ആര്‍.എല്‍.വി രാമകൃഷ്ണന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 15th January 2021, 12:37 pm

ചാലക്കുടി: കലാഭവന്‍ മണിയെയും കുടുംബത്തെയും അപമാനിക്കുന്ന തരത്തില്‍ വ്‌ളോഗുകള്‍ ചെയ്യുന്നവര്‍ക്കെതിരെ മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണന്‍. പലരും യൂട്യൂബ് ചാനലിലൂടെ മണിയുടെ ജീവിതത്തെക്കുറിച്ചും കുടുംബത്തെക്കുറിച്ചും അസത്യമായ കഥകള്‍ പ്രചരിക്കുകയാണെന്നും കുടുംബത്തിന്റെ സ്വകാര്യതയെ തകര്‍ക്കുകയാണെന്നും രാമകൃഷ്ണന്‍ പറയുന്നു. സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് രാമകൃഷ്ണന്‍ ഇക്കാര്യം പറഞ്ഞത്.

ആര്‍.എല്‍.വി രാമകൃഷ്ണന്റെ വാക്കുകള്‍

കോവിഡ് കാലഘട്ടത്തില്‍ വ്‌ളോഗ് ചെയ്യുന്നവരുടെ എണ്ണം കൂടി. അതില്‍ തന്നെ ഒരുപാട് ആളുകള്‍, മണിച്ചേട്ടന്റെ വീടും നാടും തേടി ചാലക്കുടിയില്‍ എത്തുന്നുണ്ട്. എന്നാല്‍ സത്യസന്ധമായ കാര്യങ്ങള്‍ അറിഞ്ഞല്ല പലരും വ്‌ളോഗ് അവതരിപ്പിക്കുന്നത്. മണിച്ചേട്ടന്റെ ഓട്ടോറിക്ഷയെക്കുറിച്ച് വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞിരുന്നു. അത് മണിച്ചേട്ടന്റെ ഓട്ടോറിക്ഷ അല്ല എന്നുള്ളത് ആദ്യം നിങ്ങള്‍ മനസിലാക്കുക. മണിച്ചേട്ടന്‍, ഞങ്ങളുടെ മൂത്തസഹോദരന്‍ വേലായുധന്‍ ചേട്ടന്റെ മകനു വേണ്ടി വാങ്ങിക്കൊടുത്ത വണ്ടിയാണ്.

നൂറ് എന്ന നമ്പറിലാണ് ആ വണ്ടി റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മണിച്ചേട്ടന്‍ ഓടിച്ചിരുന്ന ഓട്ടോറിക്ഷകള്‍ ലാംബെര്‍ട്ടാ ഓട്ടോറിക്ഷകളാണ്. ആ ഓട്ടോറിക്ഷകള്‍ ഇന്ന് ഇല്ല. ആ കാലം ഏതായിരുന്നുവെന്ന് ഒന്നു ചിന്തിച്ചാല്‍ തന്നെ നിങ്ങള്‍ക്കു മനസിലാകും. ഇവിടെ ഒരു കാരവാന്‍ കിടപ്പുണ്ട്. അത് തമിഴ്‌നാട് റജിസ്‌ട്രേഷന്‍ ആണ്. പ്രളയത്തില്‍ മുങ്ങിപ്പോയതിനാല്‍ അത് ഉപയോഗശൂന്യമായി. മറ്റ് കാര്യങ്ങള്‍ പടി പടിയായി ചെയ്തു വരാനുള്ള സാഹചര്യം, അത് ഞങ്ങളുടെ സാമ്പത്തിക ഭദ്രത പോലെയാണ് ചെയ്യാന്‍ സാധിക്കുക. അതിനപ്പുറത്തേക്ക് വണ്ടിയില്‍ നുഴഞ്ഞു കയറി ഇവിടെ എല്ലാം നശിച്ചുപോയി തകര്‍ന്നുപോയി എന്നൊക്കെ പറഞ്ഞ് ഞങ്ങളെ മാനസികമായി വിഷമിപ്പിക്കുന്ന ചില വീഡിയോകള്‍ കണ്ടു.

ഈ അടുത്ത് വേറൊരു വീഡിയോ വന്നു. മണിച്ചേട്ടന്റെ വീടിനു മുകളില്‍ നിന്നും അദൃശ്യനായ ഒരാള്‍ നോക്കുന്നു, എന്നു പറഞ്ഞൊരു വീഡിയോ. ഇതൊക്കെ വളരെ വിഷമം ഉണ്ടാക്കുന്നതാണ്. ആ വിഡിയോ കണ്ടാല്‍ മനസിലാകും, ആ വീടിന്റെ തൊട്ടടുത്തുള്ള വീട്ടിലെ മുകളില്‍ ഇരിക്കുന്ന വ്യക്തിയാണത്. എന്നിട്ടും ഈ വീട്ടില്‍ ആരൊക്കെയോ ഉണ്ടെന്ന തരത്തില്‍ കുപ്രചരണം നടത്തുകയാണ് ഇക്കൂട്ടര്‍. ദയവ് ചെയ്ത് ഞങ്ങളെ ജീവിക്കാന്‍ അനുവദിക്കണം. ഇത്തരത്തിലുള്ള കുപ്രചരണങ്ങള്‍ ചെയ്ത് അവരുടെ വീഡിയോയ്ക്ക് കാഴ്ചക്കാരെ കൂട്ടുക എന്നതാണ് ഉദ്ദേശം.

മണിച്ചേട്ടന്‍ നാടന്‍പാട്ടുകള്‍ പഠിച്ചത് തൊട്ടടുത്തുളള ചേട്ടനില്‍ നിന്നാണെന്നൊക്കെ വ്‌ലോഗ് കണ്ടു. മണിച്ചേട്ടന്‍ ഇന്നേവരെ ആരുടെ അടുത്തു നിന്നും നാടന്‍ പാട്ടുകള്‍ പഠിച്ചിട്ടില്ല. പലരെയും അനുകരിച്ച് പാട്ട് പാടിയിട്ടുണ്ട്. ഞാനും മണിച്ചേട്ടനും തമ്മില്‍ അഞ്ച് വയസ് വ്യത്യാസമുണ്ട്. ഞങ്ങളുടെ അറിവില്‍ അദ്ദേഹം ആരുടെ അടുത്തും പാട്ടുപഠിക്കാന്‍ പോയിട്ടില്ല. ഇത്തരത്തിലുള്ള വ്യാജമായ പ്രചരണങ്ങള്‍ യൂട്യൂബിലെ വരുന്നുണ്ട് എന്നത് നിങ്ങള്‍ അറിയണം.

ചൂടപ്പം പോലെ വിഡിയോ വിറ്റഴിക്കാന്‍ അസത്യം വിളമ്പുകയാണ് ഇവര്‍. ഇതൊരു വല്ലാത്ത വിഷമമായി മാറിയിരിക്കുകയാണ്. ഇതിനെതിരെ പ്രതികരിച്ചാല്‍ അവര്‍ ഞങ്ങള്‍ക്കെതിരെയാകും. പ്രിയ നടന്റെ നാടും വീടും കാണാന്‍ വരുന്നവര്‍ വരിക. പക്ഷേ അനാവശ്യങ്ങള്‍ പ്രചരിപ്പിക്കരുത്. കാലില്‍ വീണ് ഞങ്ങള്‍ അപേക്ഷിക്കുകയാണ്. …
നിങ്ങള്‍ സത്യസന്ധമായ കാര്യങ്ങള്‍ അവതരിപ്പിക്കൂ….

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: R L V Ramakrishnan says about vlogers who doing videos of Kalabhavan Mani