|

ആര്‍.എല്‍.വി. രാമകൃഷ്ണന് കലാമണ്ഡലത്തില്‍ സ്ഥിരനിയമനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: ആര്‍.എല്‍.വി. രാമകൃഷ്ണന് തൃശൂര്‍ കലാമണ്ഡലത്തില്‍ സ്ഥിര നിയമനം. ഭരതനാട്യ വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറായാണ് അദ്ദേഹത്തെ നിയമിച്ചിരിക്കുന്നത്.

കലാമണ്ഡലത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു പുരുഷനെ നൃത്ത അധ്യാപകനായി നിയമിക്കുന്നത്.

കഴിഞ്ഞ വര്‍ഷം കലാമണ്ഡലത്തിലെ കൂത്തമ്പലത്തില്‍വെച്ച് ആര്‍.എല്‍.വി. രാമകൃഷ്ണന്‍ മോഹിനിയാട്ടം അവതരിപ്പിച്ചിരുന്നു. ഇതിനുള്ള അവസസരം ലഭിക്കുന്ന ആദ്യ പുരുഷന്‍ ആയിരുന്നു അദ്ദേഹം. കലാമണ്ഡലത്തില്‍ നിന്ന് തന്നെയുള്ള ഗവേഷക വിദ്യാര്‍ത്ഥിയായിരുന്നു ആര്‍.എല്‍.വി.

മാസങ്ങള്‍ക്ക് മുമ്പ് നൃത്ത അധ്യാപികയായ സത്യഭാമ നിറത്തിന്റേയും ജാതിയുടേയും പേരില്‍ ആര്‍.എല്‍.വി. രാമകൃഷണനെ അധിക്ഷേപിച്ചപ്പോള്‍ കലാമണ്ഡലത്തില്‍ ഒരു പുരു അധ്യാപകന്‍ ഇല്ല എന്ന വിഷയം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രാമകൃഷ്ണന്റെ നിറത്തെ കുറിച്ചും പ്രകടനത്തെ കുറിച്ചും സത്യഭാമ അധിക്ഷേപ പരാമര്‍ശം നടത്തിയത്. രാമകൃഷ്ണന് കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടം കളിക്കുന്ന പുരുഷന്‍മാര്‍ക്ക് നല്ല സൗന്ദര്യം വേണമെന്നുമാണ് സത്യഭാമ പറഞ്ഞത്.

എന്നാല്‍ ഈ പരാമര്‍ശത്തെത്തുടര്‍ന്ന് സത്യഭാമയ്‌ക്കെതിരെ വലിയ വിമരര്‍ശനം ഉയരുകയും ആര്‍.എല്‍.വി രാമകൃഷ്ണന്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.

എന്നാല്‍ കേസില്‍ ഇവര്‍ക്ക് ജാമ്യം ലഭിച്ചു. നെടുമങ്ങാട് എസ്.എസി-എസ്.ടി പ്രത്യേക കോടതിയാണ് സത്യഭാമക്ക് ജാമ്യം അനുവദിച്ചത്.

മോഹിനിയാട്ടം നര്‍ത്തകനും അഭിനേതാവുമായ ആര്‍.എല്‍.വി. രാമകൃഷ്ണന്‍ തൃപ്പൂണിത്തുറ ആര്‍.എല്‍.വി കോളേജില്‍ നിന്നാണ് മോഹിനിയാട്ടം പഠിച്ചത്.

തുടര്‍ന്ന് എം.ജി.യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മോഹിനിയാട്ടത്തില്‍ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദം നേടി. തുടര്‍ന്ന് കലാമണ്ഡലത്തില്‍ നിന്ന് എം.ഫില്ലും പി.എച്ച്.ഡിയും സ്വന്തമാക്കി. അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ സഹോദരന്‍ കൂടിയാണ് അദ്ദേഹം.

Content Highlight: R.L.V. Ramakrishnan gets permanent appointment in Kalamandalam; First men teacher to be Assistant Professor

Video Stories