| Sunday, 7th November 2021, 8:07 pm

ഡോ. ഖമറുദ്ദീന്‍ പരിസ്ഥിതി പുരസ്‌കാരം വാഴച്ചാല്‍- അതിരപ്പിള്ളി വനസംരക്ഷണ സമര നായിക ഗീത വാഴച്ചാലിന്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഡോക്ടര്‍ ഖമറുദ്ദീന്‍ ഫൗണ്ടേഷന്‍ ഫോര്‍ ബയോഡൈവേഴ്‌സിറ്റി കണ്‍സര്‍വേഷന്റെ ഈ വര്‍ഷത്തെ പരിസ്ഥിതി പുരസ്‌കാരത്തിന് വാഴച്ചാല്‍ – അതിരപ്പിള്ളി വനസംരക്ഷണ സമര നായികയായ വി.കെ. ഗീതയെ തെരഞ്ഞെടുത്തു.

അന്തരിച്ച പ്രമുഖ പരിസ്ഥിതി സമരനായകനും സസ്യശാസ്ത്രജ്ഞനും കേരള യൂണിവേഴ്‌സിറ്റി ബോട്ടണി ഡിപ്പാര്‍ട്ട്‌മെന്റിലെ റീഡറുമായിരുന്ന ഡോക്ടര്‍ ഖമറുദ്ദീന്റെ ഓര്‍മയ്ക്ക് കഴിഞ്ഞ വര്‍ഷം മുതല്‍ ഏര്‍പ്പെടുത്തിയതാണ് പുരസ്‌കാരം. രണ്ടാമത് പുരസ്‌കാരത്തിനാണ് ഗീത അര്‍ഹയായിരിക്കുന്നത്. പ്രഥമ പുരസ്‌കാരം കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയും മണ്ണിനും മനുഷ്യനും വേണ്ടിയുള്ള സമര പോരാട്ടങ്ങളിലെ മുന്നണി പോരാളിയുമായ വി.എസ്. അച്യുതാനന്ദനായിരുന്നു.

വനമേഖലയുടെ സംരക്ഷണത്തിനും കാടിന്റെ യഥാര്‍ത്ഥ സംരക്ഷകരായ ആദിവാസി വിഭാഗങ്ങളുടെ വനാവകാശം സ്ഥാപിച്ചുകിട്ടുന്നതിനും വേണ്ടി നിരന്തരം ഗീത പോരാടിയെന്ന് ജൂറി ചെയര്‍മാന്‍ ഡോ. ജോര്‍ജ് എഫ് ഡിക്രൂസ് പറഞ്ഞു.

പരിസ്ഥിതി സംരക്ഷണ മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച കേരളത്തിലെ ആദ്യ ആദിവാസി വനിതയെന്ന ബഹുമതിക്ക് അര്‍ഹയായ വി.കെ. ഗീത എന്ന ഗീത വാഴച്ചാല്‍ തന്റെ ജീവിതസാഹചര്യങ്ങളുടെ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് നടത്തിയ പോരാട്ടങ്ങളെ ആദരവോടെയും, അംഗീകാരത്തോടെയുമാണ് ജൂറി വിലയിരുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.

പുരസ്‌കാരത്തിന് പരിഗണിക്കുന്നതിനായി അയച്ചുകിട്ടിയ 12 നാമനിര്‍ദേശങ്ങളും വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് വി.കെ. ഗീതയെ തെരഞ്ഞെടുത്തതതെന്നും നമ്മുടെ തനത് പാരമ്പരാഗത വനഗോത്രത്തില്‍ ജനിച്ചു, സാഹചര്യങ്ങളുടെ പരിമിതികളെ അതിജീവിച്ച് കേരളത്തിന്റെ വനപരിസ്ഥിതി സംരക്ഷണമേഖലയില്‍ തനതായ വ്യക്തിമുദ്ര പതിച്ച വ്യക്തിയാണ് ഗീതയെന്ന് ജൂറി അംഗം പ്രശസ്ത എഴുത്തുകാരി ഒ.വി. ഉഷ അഭിപ്രായപ്പെട്ടു.

വാഴച്ചാല്‍ വനസംരക്ഷണത്തിനായി ചിതറിക്കിടന്ന കാടര്‍ ഊരുകളെ ഒരുമിപ്പിക്കാന്‍ അവര്‍ നടത്തിയ ശ്രമം ശ്ലാഘനീയമാണ്. അതിരപ്പിള്ളിയുടെ പരിസ്ഥിതി സംരക്ഷണത്തിന് അവര്‍ നടത്തിയ നിയമപോരാട്ടവും പരിഗണന അര്‍ഹിക്കുന്നു. വൃക്ഷാലിംഗന കാമ്പയിന്‍, ആനക്കയം ജലവൈദ്യുത നിലയത്തിനെതിരെയുള്ള സമരം, ഗോത്രവര്‍ഗ സമൂഹത്തിലെ മദ്യപാനാസക്തിക്കെതിരെയുള്ള ഇടപെടല്‍ എന്നിവയും ഒരു മികച്ച വ്യക്തിത്വത്തിന് ഉടമയാണ് ഗീത എന്ന് വ്യക്തമാക്കുന്നതാണെന്നും ഒ.വി. ഉഷ കൂട്ടിച്ചേര്‍ത്തു.

ഡോ. വയലാ മധുസൂദനന്‍, ഡോ. സുഹ്‌റ ബീവി എന്നിവര്‍ കൂടി അടങ്ങിയ നാലംഗ ജൂറി ഗീതയെ ഐകകണ്‌ഠ്യേനയാണ് ഗീതയെ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തതെന്നും സംഘാടകര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

25000 രൂപയും, പ്രശസ്തിപത്രവും, ഫലകവും അടങ്ങുന്ന പുരസ്‌കാരം നവംബര്‍ 12ന് രാവിലെ 10 മുതല്‍ കാര്യവട്ടം യൂണിവേഴ്‌സിറ്റി ക്യാമ്പസിലെ ബോട്ടണി ബ്ലോക്കില്‍ നടക്കുന്ന ഡോക്ടര്‍ ഖമറുദ്ദീന്‍ അനുസ്മരണ ചടങ്ങില്‍ ഗീതക്ക് സമ്മാനിക്കും.

പരിസ്ഥിതി സംരക്ഷണത്തിനും, ആദിവാസി അവകാശ സംരക്ഷണത്തിനുമായി പോരാടുന്ന ഗീതാ വാഴച്ചാല്‍ ഡോ. ഖമറുദ്ദീന്‍ പരിസ്ഥി അവാര്‍ഡിന് എല്ലാ നിലക്കും അര്‍ഹയാണെന്ന് ഡോ. ഖമറുദ്ദീന്‍ ബയോഡൈവേഴ്‌സിറ്റി കണ്‍സര്‍വേഷന്‍ (KFBC) പ്രസിഡന്റ് ഡോക്ടര്‍ ബി. ബാലചന്ദ്രനും സെക്രട്ടറി സാലി പാലോടും അറിയിച്ചു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: Dr. Khamaruddin Environmental Award for Vazhachal – Athirappilly Forest Conservation Leader Geetha Vazhachal

We use cookies to give you the best possible experience. Learn more