ചെന്നൈ: ആര്‍.കെ നഗര്‍ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ അണ്ണാ ഡി.എം.കെയില്‍ നിന്നും പിരിഞ്ഞ് സ്വതന്ത്രനായി മല്‍സരിക്കുന്ന ടി.ടി.വി. ദിനകരന്‍ കൂറ്റന്‍ ലീഡുമായി എതിരാളികളെ ബഹുദൂരം പിന്നിലാക്കിയിരിക്കുകയാണ്. തുടക്കം മുതലേ ലീഡ് നിലനിര്‍ത്തി മുന്നേറുന്ന ദിനകരന്‍ നിലവില്‍ ഇരുപതിനായിരത്തിനു മേല്‍ വോട്ടുകളുടെ ലീഡിലാണ് മുന്നേറുന്നത്.
ലീഡ് നില വര്‍ധിപ്പിച്ച് ദിനകരന്‍ മുന്നേറിയതോടെ, വോട്ടെണ്ണല്‍ കേന്ദ്രത്തിനു പുറത്ത് അനുയായികള്‍ ആഹ്ലാദപ്രകടനം തുടങ്ങിയിട്ടുമുണ്ട്. മധുരയില്‍നിന്ന് വിമാനത്തില്‍ ചെന്നൈയിലേക്കു തിരിച്ച ദിനകരന്‍ അവിടുന്നുനേരെ മറീന ബീച്ചില്‍ ജയലളിതയുടെ സ്മാരകത്തിലേക്കാണ് പോകുകയെന്നാണു വിവരം.
39940 വോട്ടുകളാണ് ദിനകരന്‍ ഇതുവരെ നേടിയത്. 19778 വോട്ടുകളുമായി അണ്ണാ ഡി.എം.കെയുടെ വി.മധുസൂദനന്‍ രണ്ടാ സ്ഥാനത്തുണ്ട്. 10307 വോട്ട് നേടിയ ഡി.എം.കെയാണ് മൂന്നാമതായി നിലയുറപ്പിച്ചിരിക്കുന്നത്.
അതേസമയം തമിഴ്‌നാട്ടില്‍ സ്വാധീനമുറപ്പിക്കാന്‍ കരുതലോടെ നീങ്ങിയ ബി.ജെ.പി അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയുണ്ടായി. സംസ്ഥാന വൈസ് പ്രസിഡന്റ് കരു നാഗരാജനാണു സ്ഥാനാര്‍ഥി. അണ്ണാ ഡി.എം.കെയില്‍ ഒ.പി.എസ്-പളനിസ്വാമി വിഭാഗങ്ങളുടെ ലയനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചെന്നു കരുതുന്ന ബിജെപി, സ്ഥാനാര്‍ഥിയെ നിര്‍ത്തില്ലെന്നായിരുന്നു ആദ്യ പ്രചാരണമെങ്കിലും പിന്നീട് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുകയായിരുന്നു.