അമൃത ചാനലിലെ പരിപാടിയ്ക്കിടെ ഇതര സംസ്ഥാന തൊഴിലാളികളെ ആക്ഷേപിക്കുന്ന പാട്ട് പാടിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പാട്ടിനും പരിപാടിയ്ക്കുമെതിരെ നിരവധി പേരാണ് രംഗത്തുവന്നത്. റേസിസവും തൊഴിലാളി വിരുദ്ധതയും വര്‍ഗീയതയുമെല്ലാം നിറഞ്ഞതാണ് ഈ പാട്ടെന്ന് ആര്‍.ജെ സലീം എഴുതിയ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഇതര സംസ്ഥാന തൊഴിലാളികള്‍ നമ്മുടെ നാട്ടിലെ തൊഴിലെല്ലാം കയ്യടക്കി, നമ്മുടെ ഭാഷ അവരുടേതായി, റോഡുകളില്‍ അവര്‍ മാത്രമേയുള്ളുവെന്നുമെല്ലാമാണ് പാട്ടിലെ വരികളില്‍ പറയുന്നതെന്ന് സലീം ചൂണ്ടിക്കാണിക്കുന്നു. പെണ്ണുങ്ങളെ വരെ അവര്‍ സ്വന്തമാക്കിയെന്ന വരി തികച്ചും സ്ത്രീവിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ലോകത്തിലെ എല്ലാ ദേശങ്ങളിലേക്കും തൊഴിലാനായും ജീവിതത്തിനായും ഇന്നും കടല് കടക്കുന്ന ഒരു ജനതയോടാണ് സ്വന്തം നാട്ടില്‍ ‘അന്യ നാട്ടുകാര്‍’ വരുന്നേ എന്ന് പറഞ്ഞുള്ള കരച്ചില്‍. ഈ പാട്ടിന്റെ പത്തിലൊന്നു വെറുപ്പ് ഗള്‍ഫ് നാട്ടിലെ അറബികള്‍ മലയാളികളോട് കാണിച്ചാല്‍ അടപടലം തേഞ്ഞൊട്ടി ഞാനുള്‍പ്പെടെയുള്ള ലക്ഷക്കണക്കിനുപേര്‍ക്ക് നാട്ടില്‍ വന്നിരിക്കാം. ആ കൊച്ചു പാടുന്ന പോലെ, അപ്പോഴാണ് ജീവിതം ശരിക്കും കോഞ്ഞാട്ടയാവുന്നത്,’ സലീമിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
അടിമകളോടെന്ന പോലെയാണ് മലയാളികള്‍ ഇതര സംസ്ഥാന തൊഴിലാളികളോട് പെരുമാറുന്നതെന്നും അവരും മനുഷ്യരാണ് എന്ന പരിഗണന മലയാളി പൊതുസമൂഹം തന്നെ കൊടുക്കാറില്ലെന്നും സലീം പറയുന്നു. പലരും ഇവരെ ജോലിക്ക് വെയ്ക്കുന്നത് തന്നെ കൂലി കുറച്ചു കൊടുക്കാനാണെന്നും ഒരൊറ്റ ആരോപണം മതി നമുക്കവരെ തെരുവില്‍ തച്ചു കൊല്ലാനെന്നും സലീം കൂട്ടിച്ചേര്‍ക്കുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം
മുടിവെട്ടാന്‍ വന്നവന്‍ മുടിചൂടാമന്നനായി എന്ന്. കേരളത്തിലെ ഇതര സംസ്ഥാന തൊഴിലാളികളെപ്പറ്റി അമൃത ടിവിയിലെ ഒരു പരിപാടിയില്‍ ഒരു കുട്ടി പാടിയ പാട്ടിലെ വരികളാണ്. എത്രത്തോളം വെറുപ്പാണ് ആ കുട്ടി ആസ്വദിച്ചു പാടി വെയ്ക്കുന്നത്. അത് കണ്ടു ചിരിച്ചു മറിയുന്ന വാഴ ജഡ്ജുകളും. ഇവറ്റകളൊക്കെ ഏത് ലോകത്താണ് ! റേസിസം, തൊഴിലാളി വിരുദ്ധത, വര്‍ഗീയത, അങ്ങനെ ആ പാട്ടിലില്ലാത്ത തരവഴിത്തരമില്ല.
ഇതര സംസ്ഥാന തൊഴിലാളികള്‍ വന്നു നമ്മുടെ തൊഴിലെല്ലാം കൈയ്യടക്കി, നമ്മുടെ ഭാഷ മാറി അവരുടേതായി, നമ്മുടെ റോഡുകളിലും അവരെയുള്ളു എന്നും. എന്തിനധികം പറയുന്നു നമ്മുടെ പെണ്ണുങ്ങളെവരെ അവര്‍ സ്വന്തമാക്കിയത്രെ. അതായത് സ്വന്തമാക്കാനുള്ള എന്തോ പ്രോപ്പര്‍ട്ടിയാണ് പെണ്ണ് എന്ന്, അത് പാടുന്നതും ഒരു പെണ്‍കുട്ടി തന്നെ, അത് കേട്ട് ചിരിക്കുന്നതും രണ്ടു സ്ത്രീകള്‍.
ലോകം മുഴുവന്‍ തെണ്ടി നടന്നു ഡൊണേഷനും കെട്ടിപ്പിടി പ്രസാദവും നല്‍കുന്ന ഒരു കച്ചവടക്കാരിയുടെ ചാനലില്‍ ഇരുന്നാണ് ഈ കൊണവതിയാരം. അതും ആരോടാണ് ? മലയാളിയോട് ! ഏത്, ലോകത്തിലെ എല്ലാ ദേശങ്ങളിലേക്കും തൊഴിലിനായും ജീവിതത്തിനായും ഇന്നും കടല് കടക്കുന്ന ഒരു ജനതയോടാണ് സ്വന്തം നാട്ടില്‍ ‘അന്യ നാട്ടുകാര്‍’ വരുന്നേ എന്ന് പറഞ്ഞുള്ള കരച്ചില്‍.
ഈ പാട്ടിന്റെ പത്തിലൊന്നു വെറുപ്പ് ഗള്‍ഫ് നാട്ടിലെ അറബികള്‍ മലയാളികളോട് കാണിച്ചാല്‍ അടപടലം തേഞ്ഞൊട്ടി ഞാനുള്‍പ്പെടെയുള്ള ലക്ഷക്കണക്കിനുപേര്‍ക്ക് നാട്ടില്‍ വന്നിരിക്കാം. ആ കൊച്ചു പാടുന്ന പോലെ, അപ്പോഴാണ് ജീവിതം ശരിക്കും കോഞ്ഞാട്ടയാവുന്നത്.
കേരളത്തില്‍ ഇന്ത്യയിലെ ഏറ്റവും മെച്ചപ്പെട്ട അവസ്ഥയാണ് എന്ന് പറയുമ്പോഴും അവരുടെ തൊഴില്‍ സാഹചര്യങ്ങള്‍ ഇന്നും അത്രയ്ക്ക് ഭേദമൊന്നുമല്ല. പലരും ഇവരെ ജോലിക്ക് വെയ്ക്കുന്നത് തന്നെ കൂലി കുറച്ചു കൊടുക്കാനാണ്.
ഏതാണ്ട് മിക്കവരും അവരെ അടിമകളെപ്പോലെയാണ് ട്രീറ്റ് ചെയ്യുന്നത്. അവരും മനുഷ്യരാണ് എന്ന പരിഗണന മലയാളി പൊതുസമൂഹം തന്നെ കൊടുക്കാറില്ല. ഒരൊറ്റ ആരോപണം മതി നമുക്കവരെ തെരുവില്‍ തച്ചു കൊല്ലാന്‍.
അത്രയ്ക്കും ഇന്‍ഹ്യൂമന്‍ ജീവിതം ജീവിച്ചുകൊണ്ട് നമ്മളൊക്കെ ചെയ്യാന്‍ മടിക്കുന്ന എല്ലാ ജോലികളും ചെയ്തു നമുക്കിടയില്‍ ജീവിക്കുന്നവരെക്കുറിച്ചാണ് തിന്നിട്ട് എല്ലിന്റിടയില്‍ കേറുമ്പോഴുള്ള ഈ കുത്തിക്കഴപ്പ് പറയുന്നത്. അത് എയര്‍ ചെയ്യാനൊരു സംഘി ചാനലും. ആ കുട്ടിയെപ്പോലെ ആയിരക്കണക്കിന് കുട്ടികളില്‍ ഇതിനകം ഈ വിഷം കുത്തിവെയ്ക്കപ്പെട്ടിട്ടുണ്ടാവുമല്ലോ എന്നോര്‍ക്കുമ്പോഴാണ്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക